റിയാദ്: മക്കയിലും മദീനയിലും പള്ളികളിൽ ഭക്തർക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കി. സാമൂഹിക അകലം പാലിക്കാതെ പള്ളികളിൽ പ്രവേശിച്ച് ആരാധന നിർവഹിക്കാൻ നമസ്‌കാരത്തിന് എത്തുന്നവർക്കും ഉംറ തീർത്ഥാടകർക്കും അനുമതി നൽകി. പള്ളികളിൽ ഉൾക്കൊള്ളാൻ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാൻ തുടങ്ങിയത് ഇന്ന് രാവിലെ പ്രഭാത പ്രാർത്ഥന മുതലാണ്.

ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും സമൂഹ അകലം പാലിക്കാണമെന്ന് ആവശ്യപ്പെട്ട് പതിച്ചിരുന്ന സ്റ്റിക്കറുകൾ നീക്കം ചെയ്തിരുന്നു. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഒഴിവാക്കി. ഇതോടെ നിയന്ത്രണങ്ങളില്ലാതെ വിശ്വാസികൾക്കും സന്ദർശകർക്കും പള്ളികളിൽ പ്രവേശിക്കാം.

കോവിഡ് വ്യാപനത്തിന് രാജ്യത്ത് ഏറെക്കുറെ ശമനം വന്ന സാഹചര്യത്തിലാണ് തുറസ്സായ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ, സമൂഹ അകല പാലന നിബന്ധനകൾ ഒഴിവാക്കിയതും കോവിഡ് പ്രോട്ടോക്കോൾ ചട്ടങ്ങൾ ലഘൂകരിച്ചതും.