തിരുവനന്തപുരം: ചലച്ചിത്ര നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആദ്യം ചേർത്തലയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്.

ശ്രീനിവാസൻ കൈപിടിച്ചെത്തിച്ച പ്രതിഭ

ചെങ്ങന്നൂരിലെ ഒരു ഇടത്തരം കുടുംബത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനായ അച്ഛന്റെ നാല് മക്കളിൽ മൂത്തമകൻ ആയാണ് രഘു ജനിച്ചത്.പഠനത്തിൽ അത്രകണ്ട് ശോഭിക്കാതിരുന്ന രഘുവിനെ മിമിക്രിയിലെയും മോണോ ആക്ടിലെയും മികച്ച പ്രകടനമാണ് ഏവരുടെയും പ്രിയപ്പെട്ടവനാക്കി മാറ്റിയത്.

1980ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെറിയ രഘു നടനായത്. നടൻ ശ്രീനിവാസൻ നേരിട്ടെത്തിയാണ് രഘുവിനെ സിനിമയിലേക്കെത്തിച്ചത്. കെ.ജി. ജോർജിന്റെ സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രമായ മേളയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്ന് കേട്ടപ്പോൾ രഘുവിന് അത്ഭുതമായിരുന്നു.

ആലപ്പുഴ സ്വദേശി സുദർശനനെയും വെട്ടൂർ പുരുഷനെയും കടന്നാണ് നായകാന്വേഷണം രഘുവിലേക്കെത്തിയത്. അനുയോജ്യൻ രഘുവാണെന്നുറപ്പിച്ചത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്റെ കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രഫർ രഘുവിന്റെ വിവിധ പോസിലുള്ള ഫോട്ടൊയും എടുത്തുമടങ്ങി. പിന്നീട് സംവിധായകനായ കെ.ജി. ജോർജ് എറണാകുളം മാതാ ഹോട്ടലിൽവച്ച് രഘുവിനെ കാണുകയും തുടർന്ന് ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.

ഗോവിന്ദൻകുട്ടിയെന്ന കേന്ദ്രകഥാപാത്രമായി രഘുവും മരണക്കിണറിൽ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക.

മമ്മൂട്ടിക്കൊപ്പം നായകനായി അരങ്ങേറ്റം.. വേഷമഴിച്ചത് മോഹൻലാലിനൊപ്പവും

1980 ൽ സംവിധായകൻ കെ ജി ജോർജിന്റെ 'മേള' എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.മമ്മൂട്ടി എന്ന താരം മേളയിൽ ഉണ്ടായിരുന്നെങ്കിലും സിനിമയിലെ യഥാർത്ഥ നായകൻ രഘുവായിരുന്നു.ശശി എന്ന പേര് മലയാള സിനിമ മേഖലയിൽ ഒട്ടനവധി പേർക്ക് ഉണ്ടെന്നും അതുകൊണ്ട് ആ പേര് മാറ്റി രണ്ടക്ഷരമുള്ള മറ്റൊരു പേര് വേണമെന്നും പറഞ്ഞത് കെജി ജോർ്ജായിരുന്നു. അദ്ദേഹം തന്നെയാണ് രഘു എന്ന പേര് നിർദ്ദേശിക്കുന്നതും. അങ്ങിനെയാണ് ശശിധരൻ രഘുവാകുന്നത്.ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മേള രഘു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

തുടർന്നങ്ങോട്ട് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി, സഞ്ചാരി, അത്ഭുത ദ്വീപ്, ബെസ്റ്റ് ആക്ടർ, ദൃശ്യം തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ രഘു പ്രക്ഷേകർക്കുമുന്നിലെത്തി.ഇതിൽ കമൽഹാസന്റെ അപൂർവ്വ സഹോദരങ്ങളും ഉൾപ്പെടുന്നു.സമീപകാലത്ത് ചെറിയ ചെറിയവേഷങ്ങളിലുടെ രഘു വീണ്ടും സിനിമയിൽ സജീവമായിരുന്നു.സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിലും രഘുവേഷമിട്ടു. ഏറ്റവും ഒടുവിൽ മോഹൻ ലാൽ ചിത്രം ദൃശ്യം 2 ൽ ചായക്കടക്കാരന്റെ വേഷത്തിലാണ് ഇദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

സിനിമയ്ക്ക് പുറമെ ദൂരദർശൻ നിർമ്മിച്ച വേലുമാലു സർക്കസിലും പ്രധാനവേഷം രഘുവിനെ തേടിയെത്തി. കൂടാതെ കെ.പി.എ.സി.യിലൂടെ നാടകത്തിലുമെത്തി.


മേള ഹിറ്റായതോടെയാണ് രഘു ശ്യാമളയെ വിവാഹം കഴിക്കുന്നത്.ശിൽപ്പ ഏക മകളാണ്.