വാഷിങ്ടൺ: ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലിനും മേരിലാൻഡിലെ ഒരു ബ്ലോഗർക്കുമെതിരേ മാനനഷ്ടത്തിന് കേസു കൊടുത്ത് ഡൊണാൾഡ് ട്രമ്പിന്റെ ഭാര്യ മെലാനിയ. 90-കളിൽ ലൈംഗിക തൊഴിലാളിയായി പ്രവർത്തിച്ചിരുന്നു താനെന്ന് ഡെയ്‌ലി മെയിലിന്റേയും ബ്ലോഗറിന്റേയും പരാമർശം തനിക്ക അഭിമാനക്ഷതം ഉണ്ടാക്കിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മെലാനിയ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരമായി 150 മില്യൺ ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂയോർക്കിൽ സമ്പന്നർക്ക് അകമ്പടിക്കാരായി പോകുന്ന ജോലിക്ക് മെലാനിയയും പോയിരുന്നുവെന്നാണ് ഡെയ്‌ലി മെയിൽ വാർത്ത നൽകിയിരുന്നത്. ഇതേകാര്യം തന്നെ ബ്ലോഗർ ഗ്രിഫിനെതിരേയും മെലാനിയ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രമ്പിന്റെ മൂന്നാം ഭാര്യയാണ് മെലാനിയ. 90-കളിൽ അമേരിക്കയിൽ മുൻ നിര മോഡലായിരുന്ന മെലാനിയ 2005-ലാണ് ട്രമ്പിന്റെ ഭാര്യയാകുന്നത്.

മോഡലായിരുന്ന മെലാനിയയുടെ നഗ്‌ന ചിത്രങ്ങൾ ചില മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മാൻഹട്ടണിൽ നടന്ന ഫാഷൻ സെക്ഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ 1995-ൽ പ്രസിദ്ധീകരിച്ചിരുന്നു. ഇവ ന്യൂയോർക്ക് പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.