ന്യൂയോർക്ക് : മേഖലാ വ്യത്യാസമില്ലാതെ ലോകമാകെ അനുദിനം പടർന്നു കൊണ്ടിരിക്കുന്ന 'മീ ടു' ക്യാമ്പയിനിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് രംഗത്ത്. പുരുഷന്മാർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകൾ തെളിവു നൽകുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്നാണ് മെലാനിയ ട്രംപ് പറയുന്നത്.

മീ ടു ക്യാമ്പയിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ തയ്യാറായില്ലെങ്കിലും സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് പുരുഷന്മാരെ തള്ളിക്കളയാൻ കഴിയില്ലെന്നായിരുന്നു മറുപടി. അതേസമയം, വിവാദ വെളിപ്പെടുത്തലുകൾ നടത്തുന്നതിൽ മാത്രമായി മീ ടൂ ക്യാമ്പയിൻ ചുരുങ്ങരുതെന്നാണ് മെലാനിയയുടെ വാദം. ട്രംപിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ത്രീകൾ നേരത്തേ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ പ്ലേബോയ് മോഡൽ കരൺ മഗ്‌ഡോഗൽ രംഗത്തെത്തിയിരുന്നു. 2006ൽ ട്രംപുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു എന്നാണ് ആരോപണം. ട്രംപിന്റെ ഭാര്യ മെലാനിയ ഇളയപുത്രനു ജന്മം നൽകി മാസങ്ങൾക്കു ശേഷമാണു സംഭവമെന്നും കരൺ പറയുന്നു. നേരത്തെ സ്റ്റെഫാനി ക്ലിഫോർഡും ട്രംപിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു.