- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് അഭിമാനമായി മെൽബണിൽ രണ്ടാമത്തെ ദേവാലയം കൂദാശയ്ക്കൊരുങ്ങുന്നു; ചരിത്ര നിമിഷത്തിനായി ഒരുങ്ങി മെൽബണിലെ വിശ്വാസി സമൂഹം
മെൽബൺ മലങ്കര ഓർത്തഡോക്‌സ് സഭയുടെ മെൽബണിലെ വിശ്വാസി സമൂഹത്തിന് അഭിമാനത്തിന്റെ സുവർണ്ണ നിമിഷങ്ങൾ. ദൈവകൃപയു ടെയും വിശ്വാസികളുടെ ഒരു മനസ്സോടെയുള്ള അദ്ധ്വാനത്തിന്റെയും ഫലമായി സഭയുടെ രണ്ടാമത്തെ ദേവാലയം പണി പൂർത്തിയായി കൂദാശയ്ക്കായി ഒരുങ്ങുകയാണ്. മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥ
മെൽബൺ മലങ്കര ഓർത്തഡോക്‌സ് സഭയുടെ മെൽബണിലെ വിശ്വാസി സമൂഹത്തിന് അഭിമാനത്തിന്റെ സുവർണ്ണ നിമിഷങ്ങൾ. ദൈവകൃപയു ടെയും വിശ്വാസികളുടെ ഒരു മനസ്സോടെയുള്ള അദ്ധ്വാനത്തിന്റെയും ഫലമായി സഭയുടെ രണ്ടാമത്തെ ദേവാലയം പണി പൂർത്തിയായി കൂദാശയ്ക്കായി ഒരുങ്ങുകയാണ്.
മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചാപ്പൽ, 2015 നവംബർ 20, 21 തീയതികളിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമ്മികത്വത്തിലും സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപൻ അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഇടവക മെത്രാപ്പൊലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് എന്നീ മെത്രാപ്പൊലീത്തമാരുടെ സഹകാർമ്മികത്വത്തിലും, കൂദാശ ചെയ്യപ്പെടും.
1970 കളിൽ മെൽബണിലേക്കു കുടിയേറിയ ഒരുപറ്റം വിശ്വാസികളുടെ ശ്രമഫലമായും സ്ഥാപക വികാരി യശ്ശഃശരീരനായ ഫാ. പി. കെ. സ്‌കറിയായുടെ പ്രാർത്ഥനാ പൂർവ്വമായ നേതൃത്വത്തിന്റെയും ഫലമായി മെൽബൺ സിറ്റിയിൽ നിന്നു 7 കിലോമീറ്റർ തെക്ക് കോർബർഗീൽ 1994 ഡിസംബറിൽ സഭയ്ക്ക് വിശുദ്ധ ദൈവ മാതാവിന്റെ നാമത്തിൽ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് എന്ന പേരിൽ ആദ്യ ദേവാലയം സ്വന്തമായി. 2011 മെയ് മാസത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ ഇടവകയെ കത്തീഡ്രൽ ആയി ഉയർത്തി. വിശ്വാസികളുടെ അംഗ സംഖ്യ ഗണ്യമായി വർദ്ധിച്ചതിന്റെ ഫലമായി കോബർഗ് സെന്റ് മേരീസ് കത്തീഡ്രലിന്റെ സ്ഥല പരിമിതിയും മെൽബണിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരാനുള്ള ദൂര ദൈർഘ്യവും, ആരാധനാ സൗകര്യത്തെ സാരമായി ബാധിച്ചു. മെൽബണിന്റെ തെക്ക് കിഴക്കൻ പ്രവിശ്യകളിൽ താമസിക്കുന്ന വിശ്വാസികൾക്കായി ആ പ്രദേശത്ത് ഒരു ആരാധനാ സൗകര്യം വേണമെന്ന് ചിന്ത പ്രബലമായി.
2011 ഒക്ടോബറിൽ ഇടവക പൊതുയോഗത്തിന്റെ തീരുമാനപ്രകാരം, ഇടവക മെത്രാപ്പൊലീത്തയുടെ അനുമതിയോടെ സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ രൂപീകരിച്ച് ഡാൻഡിനോങ്ങ് കേന്ദ്രീകരിച്ച് വി. കുർബാന ആരംഭിച്ചു. 2011 ൽ രൂപീകരിക്കപ്പെട്ട ഡെവലപ്‌മെന്റ് കമ്മിറ്റി ഇടവകയുടെ മൂന്ന് പ്രധാന ആവശ്യങ്ങൾ ക്രോഡീകരിച്ചു പൊതുയോഗത്തിന് സമർപ്പിച്ചു.
(1) സ്ഥല പരിമിതിയുള്ള കോബർഗ് സെന്റ് മേരീസ് കത്തീഡ്രലിന്റെ വിപുലീകരണം. (2) തെക്ക് – കിഴക്കൻ പ്രവിശ്യകളിൽ എവിടെയെങ്കിലും ഒരു ദേവാലയം നിർമ്മിക്കാനുള്ള ഭൂമി സ്വന്തമാക്കുക. (3) പ്രസ്തുത സ്ഥലത്തു ഒരു ആരാധനാലയം നിർമ്മിക്കുക.
ഇടവക പൊതുയോഗം അംഗീകരിച്ച ഈ ത്രിതല പദ്ധതി സമയബന്ധിതമായി നടപ്പാക്കുക എന്ന കടുത്ത വെല്ലുവിളി വിശ്വാസി സമൂഹം സന്തോഷത്തോടെ ഏറ്റെടുത്തു. ശ്രദ്ധാപൂർവവും സൂക്ഷ്മവുമായ അന്വേഷണത്തിന്റെ ഫലമായി 2012 ഡിസംബറിൽ സൗത്ത് ക്ലെയ്റ്റണിലെ ഹെതർറ്റൺ റോഡിൽ പുതിയ ചാപ്പലിന് അനുയോജ്യമായ ഒരേക്കർ ഭൂമിയും അതിലുള്ള ഇരുനില വീടും വിലയ്ക്കു വാങ്ങി. 2015 ജനുവരിയിൽ ക്ലെയ്റ്റണിൽ പുതിയ ചാപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലളിതമായി, പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ബാഹ്യരൂപവും ഓർത്തഡോക്‌സ് ആരാധന പാരമ്പര്യത്തിന് അനുയോജ്യമായ ഉൾഭാഗവുമാണ് രൂപകല്പന ചെയ്തത്. 2015 ഒക്ടോബറിൽ ദേവാലയ നിർമ്മാണം പൂർത്തീകരിക്കപ്പെട്ട് കൂദാശയ്ക്കായി ഒരുങ്ങി നിൽക്കുന്നു.
2011 മുതൽ ത്രിതല പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന ഇടവക ഡെവലപ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് വികാരി റവ. ഫാ. ഷിനു കെ. തോമസ്, അസി. വികാരി റവ. ഫാ. ഫെർഡിനാന്റ് പത്രോസ്, കൺവീനർ സി. ഒ. തോമസ്, ട്രഷറർ സക്കറിയ ചെറിയാൻ, സെക്രട്ടറി അനൂപ് ഇടിച്ചാണ്ടി, ചാപ്പൽ നിർമ്മാണ കോർഡിനേറ്റർ ഷാജു സൈമൺ, മെമ്പർ അലക്‌സാണ്ടർ ജോൺ എന്നിവർ പ്രത്യേക കൃതജ്ഞത അർഹിക്കുന്നു. അതാത് സമയങ്ങളിലെ മാനേജിങ് കമ്മിറ്റികൾ ഈ പദ്ധതികൾക്ക് നിസ്വാർത്ഥമായ പിന്തുണ നൽകി. 2.5 മില്യണിൽ പരം ഡോളർ ചെലവിൽ പൂർത്തിയാക്കപ്പെട്ട ഈ പദ്ധതികൾക്ക് സ്വപ്ന സമാനമായ പരിസമാപ്തിയുണ്ടായത് ദൈവകൃപ ഒന്നു കൊണ്ട് മാത്രമാണ്. എല്ലാ വിശ്വാസികളെയും കൂദാശ കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു