മെൽബൺ: - ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മെൽബൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ക്ലേയ്റ്റൺ സൗത്തിൽ പണികഴിപ്പിച്ചിട്ടുള്ള സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കാവൽ പിതാവുമായിരിക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ 114- ാം മത് ഓർമ്മപെരുന്നാൾ സഭയാകമാനം കൊണ്ടാടുന്നതിന്റെ ഭാഗമായി മെൽബണിലും നവംബർ 5 ശനിയാഴ്ചയും 6 ന് ഞായറാഴ്ചയും വളരെ വിപുലമായ തോതിൽ ആഘോഷിക്കും.

തിരുന്നാളിന്റെ കൊടിയേറ്റ് കർമ്മം ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വികാരി റവ.ഫാ. പ്രദീപ് പൊന്നച്ചൻ നിർവ്വഹിച്ചു. ശനിയാഴ്ച വൈകീട്ട് 6.30 ന് നടക്കുന്ന സന്ധ്യാനമസ്‌കാരത്തെ തുടർന്ന് ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റവ.ഫാ. വർഗീസ് ചെറിയാൻ വചന പ്രഘോഷണം നടത്തും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം, ആശീർവ്വാദം, കൈമുത്തൽ, നേർച്ച, തുടർന്ന് ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരവും 8.45 ന് വിശുദ്ധ കുർബ്ബാനയുംപള്ളിക്ക് ചുറ്റിയുള്ള പ്രദക്ഷിണവും ആശീർവാദവും നടക്കും. തുടർന്ന് നേർച്ചയായി പഴവും നെയ്യപ്പവും വിശ്വാസികൾക്ക് നൽകും 11.30 ന് വഴിപാടർപ്പിക്കുന്ന സാധനങ്ങളുടെ ലേലവും ഒരു മണിക്ക് നേർച്ചസദ്യ വിളമ്പും കഴിയുന്നതോടെ പെരുന്നാളുകളുടെ ചടങ്ങുകൾ പര്യവസാനിക്കും.

ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾക്ക് റവ.ഫാ. പ്രദീപ് പൊന്നച്ചൻ, അസിസ്റ്റന്റ് വികാരി റവ.ഫാ. സജു ഉണ്ണൂണ്ണി, ട്രസ്റ്റി എം.സി. ജേക്കബ്ബ്, സെക്രട്ടറി ജി ബിൻ മാത്യൂ, മാനേജിങ് കമ്മറ്റിയംഗങ്ങൾ മറ്റ് സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.