മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺരൂപതയുടെ മൈനർ സെമിനാരി ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വി.ജോ പോൾ രണ്ടാമൻ പാപ്പയുടെ നാമധേയത്തിലുള്ള മൈനർ സെമിനാരി കേരളത്തിൽ തൃശൂർ ജില്ലയിലുള്ള പഴയൂരിലാണ് തുടക്കം കുറിച്ചത്. മലബാർ മിഷനറി ബ്രദേഴ്‌സിന്റെ ഭവനത്തിലാണ് സെമിനാരി താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുന്നത്. റവ.ഡോ.ലോറൻസ് തൈക്കാട്ടിലിനെ സെമിനാരിയുടെ റെക്ടറായി ബിഷപ്പ് ബോസ്‌കോ പുത്തൂർ നിയമിച്ചു.

കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നും 16 ഓളം വൈദികർ മെൽബൺസീറോ മലബാർ രൂപതയിലെ ഇടവകകളിൽ സേവനം ചെയ്യുന്നുണ്ട്. മെൽബ രൂപതയ്ക്ക് സ്വന്തമായ വൈദികർ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ രൂപതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ഓളം വൈദിക വിദ്യാർത്ഥികൾ കേരളത്തിലെ വിവിധ സെമിനാരികളിൽ വൈദിക പരിശീലനം നടത്തുന്നുണ്ട്. ഈ വർഷം മെൽബൺ
രൂപതയ്ക്കായി വൈദിക പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ജോ പോൾ II മൈനർ സെമിനാരിയിൽ പഠനം ആരംഭിക്കുന്നത്.

സെമിനാരി വിദ്യാർത്ഥികളെ സ്‌പോൺസർ ചെയ്യുവാൻ രൂപതയിലെ നിരവധി കുടുംബങ്ങളും കുടുംബ കൂട്ടായ്മകളും മാതൃവേദി പോലുള്ള സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. സെമിനാരിയുടെ പ്രവർത്തനത്തെ പ്രാർത്ഥനകൊണ്ടും സാമ്പത്തികമായും സഹായിക്കുവാൻ കൂടുതൽ പേർ തയ്യാറാകണമെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂർ അഭ്യർത്ഥിച്ചു.

സെമിനാരിയുടെ ഔപചാരികമായ ഉദ്ഘാടനം ഓഗസ്റ്റ് 20ന് നടത്തപ്പെടും.