മെൽബൺ: സെന്റ് തോമസ് സീറോ മലബാർ ഓസ്‌ട്രേലിയ രൂപത സ്ഥാപിതമായതിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ബൈബിൾ കൺവെൻഷൻ '' കൃപാഭിഷേകം 2015 '' ജൂലൈ  10,11,12 തിയതികളിൽ മെൽബണിലെ ബൻഡൂര ലാട്രോബ് യൂണിവേഴ്‌സിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്നു. കാഞ്ഞിരപ്പിള്ളി, അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ.ഡൊമിനിക് വളമനാലാണ് കൺവെൻഷൻ നയിക്കുന്നത്. സിഡ്‌നി, ബ്രിസ്‌ബെൻ, പെർത്ത്, അഡലെയ്ഡ്, ഡാർവിൻ, ആലീസ്പ്രിങ്ങ്, പാരമാറ്റ, വാഗ വാഗ, കാൻബറ, ഷെപ്പേർട്ടൻ, ബലാറത്ത്, ബെൻഡിഗോ,മെൽബൺ തുടങ്ങിയ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കൺവെൻഷനിൽ പങ്കെടുക്കും.

 ബൈബിൾ കൺവെൻഷന്റെ ഉത്ഘാടനം ജൂലൈ 10(വെള്ളിയാഴ്ച) 2.00 മണിക്ക് സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ നിർവഹിക്കും. തുടർന്ന് ഫാ.ഡൊമിനിക് വളമനാലിന്റെ നേതൃത്വത്തിൽ ധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി 9 മണിയോടെ ആദ്യ ദിവസത്തെ കൺവെൻഷൻ അവസാനിക്കും.

 ജൂലൈ 11 (ശനിയാഴ്ച) രാവിലെ 10 മണിക്ക് കൺവെൻഷന്റെ രണ്ടാം ദിനം ആരംഭിക്കും. ഉച്ചഭക്ഷണത്തിനു ശേഷം 1.45നാണ് രൂപതയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ വിവിധ മത-രാഷ്ട്രീയ-സംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. തുടർന്ന് മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷപൂർവ്വമായ കൃതജ്ഞതാ ദിവ്യബലിയിൽ രൂപത വികാരി ജനറാൾ ഫാ.ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ എന്നിവരുൾപ്പെടെ രൂപതയിലെ എല്ലാ വൈദികരും സഹകാർമ്മികരായിരിക്കും. രാത്രി 7.30 വരെ കൺവെൻഷൻ ഉണ്ടായിരിക്കും.

 ജൂലൈ 12 (ഞായറാഴ്ച) രാവിലെ 9.30ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകീട്ട് 4 മണിയോടെ സമാപിക്കും. ധ്യാന ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

 ഡൊമിനിക് വളമനാൽ അച്ചനെയും ടീമിനെയും നേരിൽ കാണുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കുമുള്ള പ്രത്യേക സൗകര്യം കൺവെൻഷൻ ദിവസങ്ങളിൽ ക്രമപ്പെടുത്തിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് സൗജന്യ താമസ-വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 ബൈബിൾ കൺവെൻഷന്റെയും വാർഷികാഘോഷത്തിന്റെയും വിജയത്തിനായി രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രൂപത വികാരി ജനറാൾ ഫാ.ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, മെൽബൺ സൗത്ത്-ഈസ്റ്റ് കമ്യൂണിറ്റി വികാരി ഫാ. എബ്രഹാം കുന്നത്തോളി, സിഡ്‌നി റീജിയൺ എപ്പിസ്‌കോപ്പൽ വികാരി ഫാ.തോമസ് ആലുക്ക, രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ.വർഗ്ഗീസ് വാവോലിൽ എന്നീ വൈദികരുടെയും രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ ജനറൽ കൺവീനറും സോളമൻ ജോർജ്ജ്, ജോഷ് പൈകട, സെബാസ്റ്റ്യൻ തട്ടിൽ എന്നിവർ ജോയിന്റ് കൺവീനർമാനുമായുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.

രൂപത വാർഷികാഘോഷങ്ങളിലേയ്ക്കും ഫാ.ഡൊമിനിക് വളമനാൽ നയിക്കുന്ന ബൈബിൽ കൺവെൻഷനിലേയ്ക്കും ഏവരെയും ക്ഷണിക്കുന്നതായി മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ.ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.