മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത സ്ഥാപന വാർഷികാഘോഷവും പൊതു സമ്മേളനവും മെൽബൺ ലാട്രോബ് യൂണിവേഴ്‌സിറ്റി യൂണിയൻ ഹാളിൽ നടന്നു. ഓസ്‌ട്രേലിയയിലെ മതരാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖരായ വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുത്തു. കത്തീഡ്രൽ ജൂനിയർ ഗായക സംഘത്തിന്റെ പ്രാത്ഥനാഗാനത്തോടെ സമ്മേളനത്തിനു തുടക്കം കുറിച്ചു. രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൗരസ്ത്യ കത്തോലിക്കാ സഭയായ സിറോ മലബാർ സഭയുടെ, ഇന്ത്യയ്ക്കു പുറത്ത് സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ രൂപതയായ മെൽബൺ സെന്റ് തോമസ് രൂപതയുടെ സ്ഥാപനോദ്ദേശ്യം, ഓസ്‌ട്രേലിയയിൽ കുടിയേറിയ സിറോ മലബാർ സഭാംഗങ്ങൾക്ക് തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുറുകെ പിടിച്ചു ജീവിക്കാൻ അവരെ സഹായിക്കുക എന്നതാണെന്ന് പിതാവ് തന്റെ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി. വരും തലമുറയ്ക്ക് സുവിശേഷനുസൃതമായ ഒരു ജീവിതം നയിക്കാനും ഓസ്‌ട്രേലിയയുടെ മണ്ണിൽ ക്രിസ്തു സാക്ഷ്യത്തിന്റെ മാതൃകകളാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതും രൂപത സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പിതാവ് സൂചിപ്പിച്ചു. കുടുംബങ്ങളിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും സ്‌നേഹം പങ്കുവച്ചു ജീവിക്കുന്ന ഉത്തമ വേദികളായി കുടുംബങ്ങളെ മാറ്റുവാനും രൂപത പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് പിതാവ് ചൂണ്ടിക്കാണിച്ചു.

ഓസ്‌ട്രേലിയയിലെ സിറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ തീക്ഷ്ണത മറ്റു കത്തോലിക്കാ സമൂഹങ്ങൾക്കും മാതൃകയാണെന്ന് തുടർന്ന് പ്രസംഗിച്ച മെൽബൺ യുക്രേനിയൻ രൂപത ബിഷപ്പ് മാർ പീറ്റർ സ്റ്റാസിക്ക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷം കൊണ്ട് മെൽബൺ സീറോ മലബാർ രൂപതയ്ക്ക് ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും യേശുവിനെ പ്രഘോഷിക്കുന്ന ഒരു നല്ല സമൂഹമാകുവാൻ കഴിയട്ടെ എന്നും മാർ പീറ്റർ സ്റ്റാസിക്ക് ആശംസിച്ചു.



രൂപകൃതമായി ഒരു വർഷത്തിനുള്ളിൽ തന്നെ ഓസ്‌ട്രേലിയയിലെ ഒത്തിരി സ്ഥലങ്ങളിൽ സീറോ മലബാർ സഭാംഗങ്ങളുടെ കൂട്ടായ്മകൾക്ക് രൂപം കൊടുക്കുവാനും തങ്ങളുടെ പാരമ്പര്യത്തിന് അനുസൃതമായി വിശ്വാസ പരിശീലനവും ദിവ്യബലി അർപ്പണവും ആരംഭിക്കാൻ സധിച്ചതും ശുഭോദർക്കമാണെന്ന് മെൽബൺ അതിരൂപത സഹായ മെത്രാൻ മാർ ടെറി കർട്ടിൻ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു.വിക്ടോറിയൻ ഫാമിലി ആൻഡ് യൂത്ത് അഫെയേഴ്‌സ് മിനിസ്റ്റർ ജെന്നി മിക്കാകോസ്, വിക്ടോറിയൻ മൾട്ടികൾച്ചറൽ ഷാഡോ മിനിസ്റ്റർ ഇൻഗ പെലിച്ച്, കാത്തലിക് ഡെവലപ്പ്‌മെന്റ് ഫണ്ട ് മെൽബൺ സിഇഒ മാത്യു കാസ്സിൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട ് പ്രസംഗിച്ചു. ഫാ. തോമസ് ആലുക്ക സമ്മേളനത്തിന്റെ അവതാരകനായിരുന്നു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിയുടെ കൃതജ്ഞത പ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.

തുടർന്നു നടന്ന ആഘോഷപൂർവ്വമായ കൃതജ്ഞത ദിവ്യബലിയിൽ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിച്ചു. രൂപത വികാരി ജനറൽ ഫാ.ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, സിറോ മലബാർ സഭ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ് മഠത്തിപറമ്പിൽ, ക്യൂൻസിലാൻഡ് റീജിയൺ എപ്പിസ്‌കോപ്പൽ വികാരി ഫാ. പീറ്റർ കാവുംപുറം, ന്യൂസൗത്ത് വെയ്ൽസ് റീജിയൺ എപ്പിസ്‌കോപ്പൽ വികാരി ഫാ. തോമസ് ആലുക്ക, മെൽബൺ സൗത്ത്ഈസ്റ്റ് കമ്മ്യൂണിറ്റി ചാപ്‌ളയിൻ ഫാ. എബ്രഹാം കുന്നത്തോളി, രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് വിഭാഗം ഡയറക്ടറും അഡ്‌ലെയ്ഡ് കമ്മ്യൂണിറ്റി ചാപ്‌ളെയിനുമായ ഫാ. ഫ്രഡി എലുവത്തിങ്കൽ, രൂപത മതബോധന വിഭാഗം ഡയറക്ടറും കാൻബറ കമ്മ്യൂണിറ്റി ചാപ്‌ളെയിനുമായ ഫാ. വർഗ്ഗീസ് വാവോലിൽ, രൂപത കൺസൾട്ടറും മെൽബൺ ക്‌നാനായ മിഷൻ ചാപ്‌ളെയിനുമായ ഫാ. സ്റ്റീഫൻ കണ്ടാരപ്പറമ്പിൽ, രൂപത കൺസൾട്ടറും ഡാർവിൻ കമ്മ്യൂണിറ്റി ചാപ്‌ളെയിനുമായ ഫാ. ബിനേഷ് നരിമറ്റത്തിൽ, ഫാ. ജോസി കിഴക്കേത്തലയ്ക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. ദിവ്യബലിക്കു ശേഷം നടന്ന ചടങ്ങിൽ രൂപതയുടെ വെബ്‌സൈറ്റ് ഫാ.ജോർജ്ജ് മഠത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2500 ഓളം രൂപത വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ഫോട്ടോസ്: ഡെന്നി ഡിജിയോട്രിക്‌സ്