- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർഷികാഘോഷത്തിനൊരുങ്ങി മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത; പൊതുയോഗം നാളെ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത സ്ഥാപന വാർഷികത്തോടനുബന്ധിച്ചുള്ള പൊതുയോഗം 11ന് ശനിയാഴ്ച ബൻഡൂര ലാട്രോബ് യൂണിവേഴ്‌സിറ്റി യൂണിയൻ ഹാളിൽ വച്ച് നടത്തുന്നു. ഉച്ചകഴിഞ്ഞ് 1.45 ന് തുടങ്ങുന്ന വാർഷിക പൊതുയോഗത്തിൽ മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിക്കും. മെൽബൺ ഉക്രേനിയൻ രൂപത ബിഷപ്പ് മാർ പീറ്റർ സ്റ്റാസിക
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത സ്ഥാപന വാർഷികത്തോടനുബന്ധിച്ചുള്ള പൊതുയോഗം 11ന് ശനിയാഴ്ച ബൻഡൂര ലാട്രോബ് യൂണിവേഴ്‌സിറ്റി യൂണിയൻ ഹാളിൽ വച്ച് നടത്തുന്നു. ഉച്ചകഴിഞ്ഞ് 1.45 ന് തുടങ്ങുന്ന വാർഷിക പൊതുയോഗത്തിൽ മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിക്കും. മെൽബൺ ഉക്രേനിയൻ രൂപത ബിഷപ്പ് മാർ പീറ്റർ സ്റ്റാസിക്ക്, മെൽബൺ അതിരൂപത സഹായ മെത്രാൻ മാർ ടെറി കർട്ടിൻ, വിക്‌ടോറിയൻ മൾട്ടികൾച്ചറൽ ഷാഡോ മിനിസ്റ്റർ ഇൻഗ പെലിച്ച്, കാത്തലിക് ഡെവലപ്പ്‌മെന്റ് ഫണ്ട് സിഇഒ മാത്യു കാസ്സിൻ എന്നിവർ ആശംസ നേർന്നുകൊണ്ട് പ്രസംഗിക്കും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ ചടങ്ങിൽ കൃതജ്ഞത അർപ്പിക്കും.
കാത്തലിക് സൂപ്പർ മാനേജർ ആന്റണി മക്കാർത്തി, ഹ്യൂം സിറ്റി കൗൺസിലർ ചന്ദ്ര ദയാ ബാമുനുസിൻഗേ, കാത്തലിക് ചർച്ച് ഇൻഷൂറൻസ് മാനേജർ പീറ്റർ ഡോഹർട്ടി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് വിക്‌ടോറിയ പ്രസിഡന്റ് തോമസ് ജോസഫ് എന്നിവർ അതിഥികളായി പങ്കെടുക്കും. തുടർന്ന് മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ കൃതജ്ഞതാ ദിവ്യബലിയിൽ രൂപത വികാരി ജനറാൾ ഫാ.ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ എന്നിവരുൾപ്പെടെ രൂപതയിലെ എല്ലാ വൈദികരും സഹകാർമ്മികരായിരിക്കും.
2013 ഡിസംബർ 23-ാം തിയതിയാണ് ഫ്രാൻസിസ് മാർപാപ്പ മെൽബൺ കേന്ദ്രമായി ഓസ്‌ട്രേലിയയിൽ സീറോ മലബാർ രൂപതയും രൂപത അദ്ധ്യക്ഷനായി മാർ ബോസ്‌കോ പുത്തൂരിനെയും പ്രഖ്യാപിച്ചത്. 2014 മാർച്ച് 25ന് മെൽബൺ അതിരൂപത കത്തീഡ്രലിൽ നടന്ന ചടങ്ങിൽ വച്ച് രൂപത സ്ഥാപനവും മാർ ബോസ്‌കോ പുത്തൂരിന്റെ സ്ഥാനാരോഹണവും നടന്നു. 2015 മാർച്ച് മാസം മെൽബൺ സിറ്റിയോട് ചേർന്നുള്ള പ്രസ്റ്റണിൽ രൂപത കാര്യാലയം-സാൻതോം- ആരംഭിച്ചു.
ഓസ്‌ട്രേലിയയിലെ 6 സംസ്ഥാനങ്ങളിലും ടെറിട്ടറികളിലുമായി ഏകദേശം 30 ഓളം സീറോ മലബാർ കമ്മ്യൂണിറ്റികൾ സജീവമായി പ്രവർത്തിക്കുന്നു. 25 ഓളം വൈദികർ രൂപതയ്ക്കായി വിവിധ സമൂഹങ്ങളിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയയിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാർത്തിരിക്കുന്ന വിശ്വാസികളെ ഒരുമിപ്പിച്ച് സഭാസമൂഹങ്ങൾക്ക് രൂപം കൊടുക്കുവാൻ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട വൈദികരും അല്മായരും അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു.
എല്ലാ കമ്മ്യുണിറ്റികളിലും ആഴ്ചയിലൊരിക്കൽ കട്ടികൾക്കുള്ള വിശ്വാസപരിശീലന ക്ലാസ്സുകൾ നല്ലരീതിയിൽ നടത്തിവരുന്നു. ഫാ. വർഗീസ് വാവോലിന്റെ നേതൃത്വത്തിലുള്ള രൂപത മതബോധന വിഭാഗം വിശ്വാസ പരിശിലകർക്കാവശ്യമായ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ഫാ. ജോർജ്ജ് മങ്കൂഴിക്കരിയുടെ നേതൃത്വത്തിലുള്ള രൂപത കുടുംബ പ്രേഷിതവിഭാഗം വർഷത്തിൽ മൂന്നു പ്രാവശ്യം വിവാഹ ഒരുക്ക കോഴ്‌സുകൾ നടത്തിവരുന്നു. കേരളത്തിലെ വിവിധ വചന പ്രഘോഷകരുടെ സഹകരണത്തോടെ രൂപതയുടെ എല്ലാ റീജിയണുകളിലും നടത്തുന്ന കൺവെൻഷനുകൾ സഭാ തനയരുടെ വിശ്വാസ വളർച്ചയിൽ വലിയ പങ്കാണ് വഹിക്കുന്നത്. രൂപതയിലെ എല്ലാ സമൂഹങ്ങളിലും ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിലുകൾ ഭംഗിയായി പ്രവർത്തിക്കുന്നു. മെൽബൺ രൂപതയിൽ സേവനം ചെയ്യുന്നതിനായി, കേരളത്തിലെ വിവിധ രൂപതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വൈദിക വിദ്യാർത്ഥികൾ സെമിനാരി പരിശീലനം നടത്തുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ മറ്റു രൂപതകളുടെ പള്ളികളും സ്‌കൂളുകളും ഉപയോഗിച്ചാണ് ആഴ്ചതോറുമുള്ള ദിവ്യബലികളും മതപഠന ക്ലാസ്സുകളും നടത്തിവരുന്നത്. സ്വന്തമായി സ്ഥലങ്ങൾ വാങ്ങി ദേവാലയങ്ങളും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുവാൻ വിവിധ സമൂഹങ്ങൾ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. മെൽബൺ നോർത്ത്‌വെസ്റ്റ് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ മിക്കലമിലെ 15 ഏക്കർ സ്ഥലത്ത് രൂപത കത്തീഡ്രലും ബിഷ്പ്പ് ഹൗസും രൂപത കാര്യാലയവും നിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി, കൗൺസിലിനു സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുന്നു. തലമുറകൾ കൈമാറി തന്ന പാരമ്പര്യവും വിശ്വാസവും അതിന്റെ തനിമ ഒട്ടും കുറയാതെ വരും തലമുറയ്ക്ക് കൈമാറുവാൻ തങ്ങളുടെ കഴിവിനൊത്ത് പരിശ്രമിക്കുകയാണ് ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം.
വാർഷികാഘോഷത്തിനൊരുങ്ങുന്ന മെൽബൺ സീറോ മലബാർ രൂപത ബഹുമാനപ്പെട്ട ബോസ്‌കോ പിതാവിന്റെയും വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യൂ കൊച്ചുപുരയ്ക്കൽ എന്നീ വൈദികരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തനങ്ങളിലൂടെ കൂടുതൽ വളർച്ചയുടെ പാതയിലേക്കു മുന്നേറുകയാണ്.