മെൽബൺ: മെൽബൺ മലയാളി ഫെഡറേഷന്റെ ഈ വർഷത്തെ ഓണം സെപ്റ്റംബർ 10ന് (ശനി) നടക്കും. രാവിലെ 10ന് സ്പ്രിങ് വെയിൽ ടൗൺ ഹാളിലാണ് ആഘോഷ പരിപാടികൾ.

രാവിലെ കുട്ടികൾക്കായി കളറിങ് പെയിന്റിങ് മത്സരങ്ങൾ നടക്കും. തുടർന്നു ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന എംഎംഎഫിന്റെ ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം അരങ്ങേറും. പുതിയ മത്സരയിനമായ ആം റെസ്‌ലിങ് സ്പ്രിങ് വെയിൽ ഹാളിൽ അരങ്ങേറും. വിവിധ ഗ്രൂപ്പുകളായി 75, 80, 85, 90, കിലോഗ്രാം വിഭാഗത്തിലാണ് മത്സരം. ഉച്ചയ്ക്ക് 12ന് ഓണസദ്യയ്‌ക്കൊപ്പം ലൈവ് ഗാനമേളയും അരങ്ങേറും.

ഉച്ചകഴിഞ്ഞു 2.30ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രശസ്ത മല്ലു സിങ് ഫെയിം ഉണ്ണിമുകന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്നു വിവിധ കലാപരിപാടികളായ ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം തുടങ്ങിയവ അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി വിവിധ തലത്തിലുള്ള കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.