മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത മൈനർ സെമിനാരി ഔപചാരികമായി പ്രവർത്തനം ആരംഭിച്ചു. വി.ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുള്ള മൈനർ സെമിനാരി കേരളത്തിലെ തൃശൂർ ജില്ലയിലുള്ള പഴയന്നൂരിൽ മലബാർ മിഷനറി ബ്രദേഴ്‌സിന്റെ ഭവനത്തിലാണ് താല്ക്കാലികമായി പ്രവർത്തിക്കുന്നത്.

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി. വോളഗോങ്ങ് ചാപ്‌ളയിൻ ഫാ. സിജോ ഇടക്കുടി, പഴയന്നൂർ ഇടവക വികാരി ഫാ.നിബിൻ തളിയത്ത്, ഫാ.എബ്രഹാം കഴുന്നടയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

തുടർന്ന് നടന്ന ഉത്ഘാടന സമ്മേളനത്തിൽ തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജോർജ്ജ് കോമ്പാറ മുഖ്യാതിഥി ആയിരുന്നു. മൈനർ സെമിനാരിയിലെ ആദ്യ വർഷ വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സെമിനാരി റെക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജോർജ്ജ് കോമ്പാറ മുഖ്യപ്രഭാഷണം നടത്തി. മൈനർ സെമിനാരി ഒരു രൂപതയുടെ ഹൃദയമാണെന്നും അതിനെ പരിപാലിക്കേണ്ടത് ഒരു രൂപതയുടെ കർത്തവ്യമാണെന്നും മുൻ സെമിനാരി അദ്ധ്യാപകൻ കൂടിയായ മോൺ. ജോർജ്ജ് കോമ്പാറ ഓർമ്മിപ്പിച്ചു.

മെൽബൺ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, MMB സുപ്പീരിയർ ജനറാൾ ബ്രദർ ഫ്രാങ്കോ കണ്ണമ്പുഴ, ചേലക്കര ഫൊറോന വികാരി ഫാ.റാഫേൽ താണിശ്ശേരി, FCC സുപ്പീരിയർ ജനറാൾ സി.ആൻ ജോസഫ്, മെൽബൺ രൂപത ഫിനാൻഷ്യൽ കൗൺസിൽ അംഗം വർഗ്ഗീസ് പൈനാടത്ത്, മൈനർ സെമിനാരി വിദ്യാർത്ഥി പ്രതിനിധി ബ്രദർ തോമസ് പുത്തൻവീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സെമിനാരിയുടെ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂർ സമാപനസന്ദേശത്തിൽ അഭ്യർത്ഥിച്ചു. ബ്രദർ അലൻ സജിയുടെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം സമാപിച്ചു.