മെൽബൺ: 'ഉണ്ണീശോയ്ക്ക് ഒരുടുപ്പ്' എന്ന പദ്ധതിയുടെ ഭാഗമായി മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും കഴിഞ്ഞ ക്രിസ്മസ് കാലത്ത് സമാഹരിച്ച തുക കിഴക്കമ്പലത്തുള്ള വിലങ്ങിലെ ദൈവപരിപാലനയുടെ സഹോദരികൾ നടത്തുന്ന പ്രൊവിഡൻസ് ഹോമിന് കൈമാറി. ക്രിസ്മസിന് ഒരുക്കമായി ഡിസംബർ മാസത്തിൽ ചെറിയ പ്രായശ്ചിത്ത പ്രവർത്തികളിലൂടെയും ആശയടക്കത്തിലൂടെയും രൂപതയിലെ കുഞ്ഞുമക്കൾ നല്കിയ 11 ലക്ഷം രൂപയാണ് മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ലിറ്റിൽ സെർവെന്റ്‌സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് മദർ ജനറാൾ സിസ്റ്റർ മേരി ജിൻസിക്ക് കൈമാറിയത്.

പ്രൊവിഡൻസ് ഹോം സുപ്പീരിയർ സിസ്റ്റർ മേരി ലിൻഡയുടെ നേതൃത്വത്തിൽ പിതാവിന് സ്വീകരണം നല്കി. വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, ഫിനാൻഷ്യൽ കൗൺസിൽ അംഗം വർഗ്ഗീസ് പൈനാടത്ത് എന്നിവരും പിതാവിനോടൊപ്പം പ്രൊവിഡൻസ് ഹോമിലെ അന്തേവാസികളെ സന്ദർശിച്ചു.

ദൈവപരിപാലനയുടെ സഹോദരികൾ എന്ന പേരിലറിയപ്പെടുന്ന സിസ്റ്റേഴ്‌സ് 1992 ജൂലൈ 16-ാം തിയതി ആരംഭിച്ചതാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടത്തുള്ള വിലങ്ങിലെ പ്രൊവിഡൻസ് ഹോം. ബുദ്ധിമാന്ദ്യമുള്ളവരും തളർവാതം പിടിപ്പെട്ടവരും പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്തവരുമായ 112 പേരെയാണ് 11 സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ ഈ ഭവനത്തിൽ പരിപാലിക്കുന്നത്. കരുണയുടെ ജൂബിലി വർഷത്തിൽ രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കാൻ സന്മനസ്സ് കാണിച്ച എല്ലാവരോടും മാർ ബോസ്‌കോ പുത്തൂർ നന്ദി അറിയിച്ചു.