മെൽബൺ: മാതാപിതാക്കളുടെ ജീവിതമാണു മക്കൾ വായിക്കുന്ന വിശ്വാസത്തിന്റെ ആദ്യപാഠമെന്നു മെൽബൺ രൂപത ബിഷപ് മാർ ബോസ്‌കോ പുത്തൂർ.സഭയെന്ന സ്‌നേഹക്കൂട്ടായ്മയുടെ അനുഭവവും അഭ്യാസവും നടക്കേണ്ടത് കുടുംബമാകുന്ന ഗാർഹികസഭയിലാണ്. മാതാപിതാക്കളുടെ മാതൃക ജീവിതവും വിശ്വാസജീവിതവും വാക്കുകളും പ്രവർത്തികളും കുട്ടികളെ നന്മയിലേക്കു നയിക്കാൻ തക്കമുള്ളതാകണം.

സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയത്തിൽ മുഖ്യകാർമികത്വം വഹിച്ച് 15 കുട്ടികൾക്കു പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നൽകി ദിവ്യബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർ ബോസ്‌കോ പുത്തൂർ.

ദിവ്യബലിയിൽ രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ഫാ. ജോസി കിഴക്കേത്തലയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.

മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ കെവിൻ ഏബ്രഹാം, ഏയ്ഞ്ചൽ ആൻ ജോൺസൺ, ഡൊണാൾഡ് സിവി, ഡിയോണ സിവി, ഡാനിയേൽ ജോബി ഫിലിപ്പ്, എലിസബത്ത് റോസ് ജെയ്, മിനിൽ പയസ്, അഞ്ജന അസീസ്, രോവൻസ് ജിയോ റോയ്, നെഹ മരിയ സിബി, കെവിൻ സാബു, എറിക് ജോസഫ് സെബാസ്റ്റ്യൻ, സിറിൽ ഏബ്രഹാം, ആഷ്‌ലി മോറീസ് എന്നീ കുട്ടികളാണ് മാർ ബോസ്‌കോ പുത്തൂരിൽനിന്നു കൂദാശകൾ സ്വീകരിച്ചത്.

മൂന്നു മാസത്തോളം കുട്ടികളെ പരിശീലിപ്പിച്ചൊരുക്കിയ മതബോധന വിഭാഗം കോഓർഡിനേറ്റർമാരായ ജോബി ഫിലിപ്പ്, ഗ്ലാഡിസ് സെബാസ്റ്റ്യൻ എന്നിവർക്കും മതബോധന കുട്ടികളുടെ നേതൃത്വത്തിലുള്ള കത്തീഡ്രൽ ജൂണിയർ ഗായകസംഘത്തിനും ദേവാലയ അൾത്താര മനോഹരമായി അലങ്കരിച്ച ബേബി മാത്യു, ഷാജി വർഗീസ് എന്നിവർക്കും മാർ ബോസ്‌കോ പുത്തൂരും ഫാ. മാത്യു കൊച്ചുപുരയ്ക്കലും നന്ദി പറഞ്ഞു.