മെൽബൺ: കരുണയുടെയും സാന്ത്വനത്തിന്റെയും വേറിട്ട ശബ്ദവുമായി ക്രിസ്മസ്സിനെ വരവേല്ക്കാൻ ഒരുങ്ങകയാണ് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത. ഡിസംബർ മാസത്തിൽ ''ഉണ്ണീശോയ്ക്ക് ഒരുടുപ്പ്'' എന്ന പദ്ധതിയുടെ ഭാഗമായി രൂപതയിലെ കുഞ്ഞുമക്കൾ ചെറിയ പ്രാശ്ചിത്ത പ്രവർത്തികളിലൂടെയും ആശയടക്കങ്ങളിലൂടെയും ഓരോ ദിവസവും മാറ്റിവച്ച ചെറിയ സമ്പാദ്യം ഉണ്ണീശോയ്ക്കുള്ള അവരുടെ സമ്മാനമായി ക്രിസ്മസ്സ് ദിവസം ദേവാലയങ്ങളിൽ കൊണ്ടു വരികയും ക്രിസ്മസ്സ് കുർബാനക്കിടയിൽ അത് സമർപ്പിക്കുകയും ചെയ്യും.

രൂപതാതലത്തിൽ സമാഹരിക്കുന്ന ഈ തുക കേരളത്തിലെ കുന്നന്താനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ദൈവ പരിപാലനയുടെ സഹോദരികൾ' നടത്തുന്ന ആതുരാലയങ്ങളിലെ നിത്യരോഗികളായ അന്തേവാസികൾക്ക് മെൽബൺ സീറോ മലബാർ രൂപതയുടെ ക്രിസ്മസ്സ് സമ്മാനമായി നല്കും. ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും അംഗപരിമിതരുടെയും വിവിധ രോഗങ്ങളാൽ മരണത്തെ പ്രതീക്ഷിച്ച് കഴിയുന്നവരുടെയും ആശാകേന്ദ്രമാണ് ദൈവ പരിപാലനയുടെ സഹോദരികൾ എന്ന പേരിലറിയപ്പെടുന്ന സിസ്റ്റേഴ്‌സ് നടത്തുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള പത്തോളം ഭവനങ്ങൾ. പരിശുദ്ധ പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ ജൂബിലി വർഷത്തിലെ ഈ ക്രിസ്മസ്സ് സുദിനം അനാഥരെയും പാവപ്പെട്ടവരെയും രോഗങ്ങളാൽ വലയുന്നവരെയും സഹായിക്കാനുള്ള വലിയ അവസരമായി കണ്ടുകൊണ്ട് രൂപതയുടെ ഈ പദ്ധതിയോട് സഹകരിക്കാൻ രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ആഹ്വാനം ചെയ്തു. ഈശോയിൽ ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുകയും അത് എല്ലാവരുമായി പങ്കുവയ്ക്കാനും കഴിയുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ്സ് ആഘോഷിക്കുവാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂർ ആശംസിച്ചു.