ശൈത്യകാല യാത്രകൾ ആകർഷകമാക്കാൻ പുത്തൻ അനുഭവങ്ങളൊരുക്കി ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. വാന നിരീക്ഷണം, ഡെസേർട്ട് സഫാരി, ബഗ്ഗി റൈഡ്, മജ്‌ലിസ്, ട്രെക്കിങ്ങ് തുടങ്ങി മരുഭൂമിയുടെ വിസ്മയക്കാഴ്ചകളും സാഹസികതയും തനത് അറബ് രുചികളും സമ്മേളിക്കുന്ന പാക്കേജുകളാണ് പുതുതായി ഒരുക്കിയിട്ടുള്ളത്

ആഡംബര വാഹനത്തിൽ മരുഭൂമിയിലൂടെ സാഹസിക സഞ്ചാരം നടത്താനുള്ള അവസരമാണ് ഡയമണ്ട് ലോഞ്ച് പാക്കേജിന്റെ പ്രത്യേകത. മരുഭൂമിയുടെ ഉള്ളറകളിൽ നിന്നുള്ള അസ്തമയക്കാഴ്ചയും തനത് അറബ് രുചികളും ഇതോടൊപ്പമുണ്ട്. മരുഭൂമിയുടെ സൗന്ദര്യം നുകരാൻ കുടുംബസമേതമെത്തുന്ന സഞ്ചാരികൾക്ക് സൺസെറ്റ് ലോഞ്ച് പരീക്ഷിക്കാം. ഫോസിൽ റോക്കിനു സമീപത്തു നിന്നുള്ള അസ്തമയക്കാഴ്ച, ട്രെക്കിങ്ങ്, ബാർബെക്യൂ ഡിന്നർ എന്നിവ യാത്ര മനോഹരമാക്കും. നാലു മണിക്കൂർ ദൈർഘ്യമുള്ള പാക്കേജിൽ ഓഫ് റോഡ് യാത്ര. ബഗ്ഗി റൈഡ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാത്രി മുഴുവൻ ആകാശക്കാഴ്ചകൾ ആസ്വദിക്കാനാവുന്ന രാത്രി ക്യാംപുകളും മെലീഹ കാത്തുവയ്ക്കുന്നു. വിദഗ്ധ പരിശീലനം നേടിയ വാനനിരീക്ഷകരുടെ കൂടെ വാന നിരീക്ഷണം നടത്താനും, രാത്രിയിൽ മരുഭൂമിയിലൂടെ കാർ യാത്ര നടത്താനും ഈ ക്യാംപുകൾ അവസരമൊരുക്കുന്നുണ്ട്. മരുഭൂമിയുടെ കാഴ്ചകൾക്ക് നടുവിൽ മജ്‌ലിസ് ഒരുക്കി വിളമ്പുന്ന തനത് അറബ് രുചികളാണ് മറ്റൊരു സവിശേഷത.

''അറബ് നാടുകളുടെ വശ്യമായ തനത് സൗന്ദര്യവും മരുഭൂമിയുടെ വിസ്മയങ്ങളും ഏറ്റവും മികച്ച സൗകര്യങ്ങളോടൊപ്പം ഒരുക്കുകയാണ് മെലീഹ ആർക്കിയോളജിക്കൽ സെന്റർ. ഒരിക്കൽ ഇവിടെയെത്തിയ സഞ്ചാരികൾ വീണ്ടും ഇവിടേക്കെത്താനും കൂടുതൽ നേരം ചിലവഴിക്കാനും ആഗ്രഹിക്കും. അത്രയ്ക്കും ശാന്തവും മനോഹരവുമാണ് ഈ അനുഭവങ്ങൾ - മെലീഹ ആർക്കിയോളജിക്കൽ ആൻഡ് ഇക്കോ ടൂറിസം സെന്റർ മാനേജർ മഹ്മൂദ് റാഷിദ് അൽ സുവൈദി പറയുന്നു.


പുതിയ പാക്കേജുകൾക്ക് പുറമെ ചരിത്രവിസ്മയങ്ങളിലേക്ക് വിരൽചൂണ്ടുന്ന മരുഭൂയാത്രകളും ഗുഹകളിലെക്കുള്ള സാഹസിക യാത്രകളും ഇവിടെയുണ്ട്. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ (ഷുറൂഖ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മെലീഹ, യുനസ്‌കോ ലോക പൈതൃക കേന്ദ്രമായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. യു.എ.യിലെ ഷാർജയിൽ നിന്നും 55 കിലോമീറ്റർ ദൂരത്തിലാണ് മെലീഹ. കൂടുതൽ വിവരങ്ങൾക്ക് - www.discovermleiha.ae എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.