വാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം മെല്ലെയുടെ ട്രെയിലർ എത്തി. അമിത് ചക്കാലയ്ക്കൽ, തനുജ കാർത്തിക് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്‌റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. ഡോ. ഡൊണാൾഡ് മാത്യു സംഗീതം നൽകിയിരിക്കുന്നു. പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. അദ്ദേഹം ചിത്രത്തിലെ ഒരു ഗാനത്തിനും ഈണം പകർന്നിട്ടുണ്ട്. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷൻസ്‌ന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നാട്ടിൻപുറത്തെ സാധാരണ കുടുംബത്തിൽ ജനിച്ച് ഡോക്ടറാകുന്ന റെജിയുടെയും ആശുപത്രിയിൽ വച്ചു പരിചയപ്പെടുന്ന ഉമയുടെയും ജീവിതമാണ് മെല്ലെ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. റെജിയെ അമിത് ചക്കാലയ്ക്കലും ഉമയെ തനുജ കാർത്തികും അവതരിപ്പിക്കുന്നു.