തിരുവനന്തപുരം:ലഡാക്ക് ഫിലിം ഫെസ്റ്റിവലിലെ സാമ്പത്തിക തിരിമറിയെത്തുടർന്ന് 20-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്‌പോൺസർഷിപ്പ് മേധാവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിൽ ഞെട്ടി ചലച്ചിത്ര അക്കാഡമിയും. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയും ലഡാക്ക് ഫിലിം ഫെസ്റ്റിവൽ ഡയറക്ടറുമായിരുന്ന മലയാളിയായ മെൽവിൻ വില്യം ചിറയത്തിനെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ചലച്ചിത്ര മേളയും സംശയ നിഴലിലായി.

വർഷങ്ങളായി പ്രമുഖ എഡിറ്ററായിരുന്നു ബീനാ പോളിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്ത് അക്കാഡമിയിൽ ഉണ്ടായ ഈഗോ ക്ലാഷുകൾ മൂലം ബീനാ പോൾ സ്ഥാനം ഒഴിഞ്ഞു. അതിന് ശേഷം ബീനാ പോളിന് പകരം കൊണ്ടുവന്ന വ്യക്തിയും ഇപ്പോഴത്തെ തട്ടിപ്പുകേസിൽ പങ്കുണ്ടെന്നാണ് സൂചന. ഇതോടെ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട മാഫിയാ സംഘങ്ങൾ തിരുവനന്തപുരത്തും പിടിമുറുക്കിയെന്നാണ് സൂചനകളെത്തുന്നത്. കേസിൽ സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ (ഫെസ്റ്റിവൽ) മേഘ്‌ന അഗ്നിഹോത്രിക്കും പങ്കുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് കാറപകടത്തിൽപ്പെട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ കഴിയുന്ന മേഘ്‌നയെ ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 2012 ൽ ലഡാക്ക് ഫിലിം ഫെസ്റ്റിവലിൽ സംവിധായകർക്ക് ആഡംബര യാത്രാ സൗകര്യം ഒരുക്കിയതിൽ സ്വകാര്യ ട്രാവൽ ഏജൻസിക്ക് നൽകാനുള്ള 30 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. മെൽവിനെതിരെ ട്രാവൽ ഉടമ സന്ദീപ് ഗോസ്വാമിയാണ് 2012 ൽ ഡൽഹി ആർക്കിപുരം പൊലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതോടെ ഡൽഹിയിൽ നിന്ന് മുങ്ങിയ മെൽവിനെ 2014 ൽ ഡൽഹി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

തുടർന്ന് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ മൂന്നാഴ്ച മുമ്പാണ് ചലച്ചിത്ര അക്കാഡമിയിലെ ചിലരുടെ സഹായത്താൽ സ്‌പോൺസർഷിപ്പ് മേധാവിയായി ചുമതലയേൽക്കുന്നത്. അക്കാഡമിയിൽ ഇല്ലാത്ത തസ്തിക നൽകി മെൽവിനെ അക്കാഡമിയിൽ പ്രതിഷ്ഠിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ, മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഇടപെടൽമൂലം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെൽവിനെ ഡിസംബർ 4 മുതൽ 11 വരെ തിരുവനന്തപുരത്ത് നടക്കുന്ന 20-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്‌പോൺസർഷിപ്പ് മേധാവിയായും ലഡാക്ക് ഫിലിം ഫെസ്റ്റിവലിൽ മെൽവിന്റെ സഹായിയായിരുന്ന മേഘ്‌ന അഗ്നിഹോത്രിയെ ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) തസ്തികയിലേക്കും നിയമിക്കുകയായിരുന്നു.

സ്‌പോൺസർഷിപ്പിന്റെ 15 ശതമാനമായിരുന്നു അക്കാഡമി മെൽവിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് രണ്ടാഴ്ച മുമ്പ് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരവും നൽകിയിരുന്നു. ഇതിനിടെയാണ് മെൽവിനും മേഘ്‌നയും വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. അതേ സമയം, മെൽവിൻ വില്യം ചിറയത്തിനെ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രാജീവ്‌നാഥ് അറിയിച്ചു. മെൽവിൻ ചലച്ചിത്ര അക്കാഡമി ജീവനക്കാരനല്ല. അക്കാഡമിയുടെ വിവിധ കമ്മിറ്റികൾ രൂപവൽക്കരിക്കുന്ന വേളയിൽ അദ്ദേഹത്തെ സ്‌പോൺസർഷിപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, ഈ കമ്മിറ്റി ചേരുകയോ ഔദ്യോഗിക തീരുമാനങ്ങളെടുക്കുകയോ ചെയ്തിട്ടില്ലെന്നും രാജീവ്‌നാഥ് പറഞ്ഞു. അതിനിടെ ഫിലിം ഫെസ്റ്റിവലിന്റെ വെബ് സൈറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) തസ്തിക വീണ്ടും ഒഴിച്ചിട്ടിരിക്കുകയാണ് അക്കാഡമി അധികൃതർ. മേഘ്‌നാ അഗ്നിഹോത്രിയെ ചുമതലയിൽ നിന്ന് മാറ്റുന്നതിന്റെ സൂചനയാണ് ഇത്.