ഹൂസ്റ്റൺ: മനുഷ്യത്വം നശിച്ചിട്ടില്ലാത്തവർക്കെല്ലാം നൊമ്പരമായി മാറി ഈ ലോകത്തോട് വിടപറഞ്ഞ കുഞ്ഞു ഷെറിനെ മറക്കാൻ അമേരിക്കക്കാർക്ക് കഴിയുന്നില്ല. മലയാളികളായ വളർത്തമ്മയുടെയും വളർത്തച്ഛന്റെയും ക്രൂരതയ്ക്ക് ഒടുവിൽ രക്തസാക്ഷിയായി മാറിയ ഷെറിൻ മാത്യു എന്ന സരസ്വതിക്ക് അമേരിക്കയിൽ സ്മാരകം ഒരുങ്ങുന്നു.

ഡാലസിലെ റെസ്റ്റ്ലാൻഡ് ഫ്യൂനറൽ ഹോമിൽ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമർപ്പണവും നടക്കും. ഫ്യൂനറൽ ഹോമിൽ ഷെറിന്റെ പേരിൽ പ്രത്യേക ഇരിപ്പിടവും സ്ഥാപിക്കുന്നുണ്ട്. ഡാലസിലെ ഇന്ത്യൻ സമൂഹം മുൻകയ്യെടുത്താണു സ്മാരകം യാഥാർഥ്യമാക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് ഷെറിൻ മാത്യുവിനെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ വീടിന് അകലെയുള്ള ഒരു കലുങ്കിനടിയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്യുന്നത്. കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പിതാവിനും മാതാവിനും ഇതിൽ പങ്കുള്ളതായി കണ്ടെത്തി.

എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസിന്റെയും സിനിയുടെയും വളർത്തുമകളായിരുന്നു ഷെറിൻ എന്ന് പിട്ടീട് തെളിഞ്ഞു. അനുസരണക്കേടിനു ശിക്ഷയായി രാത്രി വീടിനു പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീടു കണ്ടില്ലെന്ന് ആദ്യം പറഞ്ഞ വെസ്ലി, പാലു കുടിക്കുന്നതിനിടെ ചുമച്ചു ശ്വാസംമുട്ടി കുട്ടി മരിച്ചെന്നു പിന്നീടു മൊഴി മാറ്റിയിരുന്നു. കുട്ടിയുടെ തണുത്തു മരവിച്ച മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിച്ചത് വെസ്ലിയാണെന്നു പൊലീസ് പിന്നീടു കണ്ടെത്തി.

ബുദ്ധിമാന്ദ്യമുള്ള കുട്ടിയായിരുന്നു ഷെറിൻ. ഈ കുട്ടിയെ ദത്തെടുക്കുക വഴി അമേരിക്കൻ സർക്കാർ നൽകുന്ന ബെനഫിറ്റ് തട്ടാൻ വേണ്ടിയായിരുന്നു ഇവർ കുട്ടിയെ ദത്തെടുത്തത്. വെസ്ലിയും സിനിയും ഇപ്പോൾ ജയിലിലാണ്.

ഇവരുടെ സ്വന്തം കുട്ടി ഹൂസ്റ്റണിൽ മറ്റു ബന്ധുക്കൾക്കൊപ്പവും. അച്ഛനമ്മമാരായിരിക്കാൻ വെസ്ലിക്കും സിനിക്കും യോഗ്യതയില്ലെന്നാണു കോടതി നിരീക്ഷണം. ദത്തെടുത്തവരുടെ വീട്ടിൽ ഷെറിന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നെന്നും വീട്ടുകാർ അവളെ ശാരീരികമായി പീഡിപ്പിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്.