കഴക്കൂട്ടം: ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കൂടുതൽ കാര്യക്ഷമം ആക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം സാംസ്‌കാരിക സംഘടനയായ വിവേകാനന്ദാ സ്റ്റഡി സർക്കിൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് സമർപ്പിച്ചു. വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ചു ടെക്‌നോപാർക്കിലെ വിവേകാനന്ദാ സ്റ്റഡി സർക്കിൾ നടത്തിയ ദേശീയ യുവജന ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.

പാർക്കിലെ സ്ത്രീ ജീവനക്കാരിൽ 5 ശതമാനത്തെ എങ്കിലും ഉൾക്കൊള്ളും തരത്തിൽ കേന്ദ്ര സഹായത്തോടെ വർക്കിങ് വിമൻസ് ഹോസ്റ്റൽ ആരംഭിക്കുക എന്നതാണ് മുഖ്യ ആവശ്യമായി മുന്നോട്ട് വച്ചത്. ഇതുവഴി സുരക്ഷിതമായ താമസം ഒരുക്കുവാനായി സാധിക്കുമെന്ന് വിവേകാനന്ദ സ്റ്റഡി സർക്കിൾ കണക്കുകൂട്ടൂന്നു.
 
ഇതിനു പുറമെ ഐ.ടി മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഉന്നമനത്തിനുള്ള നിരവധി നിർദ്ദേശങ്ങളും സമർപ്പിക്കുകയുണ്ടായി. പ്രസവാനന്തര അവധി മൂന്നു മാസത്തിൽ നിന്നും ആറു മാസമായി വർദ്ധിപ്പിക്കുക, ഐ .ടി മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ നയരൂപീകരണം ഉണ്ടാക്കുക, തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, രാജ്യത്തെ ഐ.ടി പാർക്കുകളിൽ സർവകലാശാലകളുടെ സഹായത്തോടെ മാനേജ്‌മെന്റ് പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുക, തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്.
 
തുടർന്ന് കഴക്കൂട്ടം റെയിൽവേ സ്‌റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കുക, പാർക്കിൽ കൂടുതൽ ക്ലിനിക്കുകൾ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സമർപ്പിച്ചു.