ടോക്യോ: ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ കരുത്തരയാ ബ്രിട്ടനെ കീഴടക്കി ഇന്ത്യ സെമി ഫൈനലിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിംപിക്‌സ് സെമിയിൽ കടക്കുന്നത്. ഇതിന് മുമ്പ് 1980-ലെ മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യ സെമിയിലെത്തിയത്.

കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഇന്ത്യ ലീഡെടുത്തു. ഇന്ത്യൻ ജഴ്‌സിയിൽ 50ാം മത്സരത്തിന് ഇറങ്ങിയ ദിൽപ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. 16-ാം മിനിറ്റിൽ ഗുജ്റന്ത് സിങ്ങിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 45-ാം മിനിറ്റിൽ ഇയാൻ സാമുവൽ വാർഡിലൂടെ ബ്രിട്ടൻ ഒരു ഗോൾ തിരിച്ചടിച്ചു. 57-ാം മിനിറ്റിൽ ഹാർദിക് സിങ്ങിലൂടെ ഇന്ത്യ ഗോൾപട്ടിക പൂർത്തിയാക്കി. 

മലയാളിയായ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായത്. സ്‌പെയിനെ തോൽപ്പിച്ചെത്തുന്ന ബൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബൽജിയം സ്‌പെയിനെ മറികടന്നത്.

അഞ്ച് പതിറ്റാണ്ടിനിടെ ഒളിംപിക് ഹോക്കിയിൽ എട്ടു സ്വർണം. അടുത്ത നാലു പതിറ്റാണ്ടിൽ മെഡൽ പട്ടികയിൽ പോലും ഇടമില്ല! നാണക്കേടിന്റെ നാലു പതിറ്റാണ്ടിനു ശേഷം ഒളിംപിക് ഹോക്കിയിൽ തിരിച്ചുവരവു ലക്ഷ്യമിടുന്ന ഇന്ത്യൻ ടീം ടോക്കിയോ ഒളിംപിക്‌സിൽ അവിസ്മരണീയമായ പ്രകടനമാണ് ക്വാർട്ടറിൽ കാഴ്ച വച്ചത്.

ലോക ഒന്നാം നമ്പർ ടീമായ ഓസ്‌ട്രേലിയയും ജർമനിയും തമ്മിലാണ് ആദ്യ സെമി. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്‌സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഓസീസ് മുന്നേറിയത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചു. ഷൂട്ട് ഓഫിൽ 3 - 0നാണ് ഓസീസിന്റെ വിജയം. നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ 3 - 1ന് തോൽപ്പിച്ചാണ് ജർമനി സെമിയിൽ കടന്നത്.

2018 ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്പിക്സിൽ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ പിന്നീടുള്ള അഞ്ചു വർഷം ഇന്ത്യയുടെ ജൈത്രയാത ആയിരുന്നു. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനം വരെ എത്തിനിൽക്കുന്നതാണ് ഇന്ത്യയുടെ മികവ്. രണ്ടു വർഷം മുമ്പ് ഓസ്ട്രേയിൻ പരിശീലകൻ ഗ്രഹാം റീഡ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വർധിച്ചു.

ടോക്യോയിൽ മൻപ്രീതും സംഘവും മിന്നുന്ന ഫോമിലാണ്. രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരേ 7-1 ന് തകർന്നശേഷം ടീം ഐതിഹാസികമായി തിരിച്ചുവന്നു. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂൾ എ യിൽ രണ്ടാംസ്ഥാനക്കാരായാണ് ക്വാർട്ടറിൽ കടന്നത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീന വരെ ഇന്ത്യൻ കുതിപ്പിൽ തകർന്നു. അഞ്ചിൽ നാല് കളിയും ജയിച്ചാണ് ഇന്ത്യൻ സംഘം മുന്നേറിയത്.