ന്യൂഡൽഹി: കേരളത്തിൽ രാഷ്ട്രപതി ഭരണം വരണമെന്നു കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. സ്ത്രീകൾക്കു സുരക്ഷയൊരുക്കുന്നതിൽ കേരളം തീർത്തും പരാജയമാണെന്നും കേന്ദ്രമന്ത്രി പറയുന്നു. നടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് മേനക ഗാന്ധിയുടെ പ്രതികരണം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കാൻ അർഹതയില്ലാത്ത സ്ഥലമായി കേരളം മാറിയെന്നും മേനക ഗാന്ധി പറയുന്നു.

കേരളത്തെ നിയന്ത്രിക്കുന്നതു മാഫിയകളും ക്രിമിനൽ സംഘങ്ങളുമാണ്. സംസ്ഥാനത്തു ക്രമസമാധാനം പൂർണമായും തകർന്നു. കുറ്റവാളികൾക്കു ഭരിക്കുന്നവരുടെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ദുർബല വിഭാഗങ്ങൾ സംസ്ഥാനത്തു സുരക്ഷിതരല്ല. കുറ്റവാളികൾക്കു നേരെ നടപടിയെടുക്കുന്ന ഡിജിപിയെ പരിഹസിക്കുകയാണെന്നും മേനക ഗാന്ധി പറഞ്ഞു.

സ്ത്രീകൾക്കു സുരക്ഷയൊരുക്കുന്നതിൽ കേരളം തീർത്തും പരാജയമാണ്. ക്രിമിനലുകളും ക്വട്ടേഷൻ സംഘങ്ങളുമാണ് നാട്ടിലുടനീളം. അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നൂറിനു മുകളിൽ കേസുകളിൽ പ്രതിയായവർ പിടികൊടുക്കാതെ നടക്കുന്നു. മുഖ്യമന്ത്രി പറയുന്നത് കൂടെയുള്ള മന്ത്രിമാർ പോലും അനുസരിക്കുന്നില്ല.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആർക്കും ഇവിടെ സുരക്ഷിതത്വമില്ല. യുവനടിക്കു നേരെയുണ്ടായ അക്രമം ഇതിനു തെളിവാണ്. കച്ചവടക്കാരാണു സർക്കാരിനേയും പൊലീസിനേയും നിയന്ത്രിക്കുന്നത്. മന്ത്രിമാർക്കുമേൽ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്നും മേനക ആരോപിച്ചു.