ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നായകന്മാർ എന്നും എവർഗ്രീൻ ആണെങ്കിലും നടിമാർ അങ്ങനെയല്ല. ഇന്നു നായികയായി തിളങ്ങി നിൽക്കുന്നവരെ നാളെ കണ്ടു എന്നുവരില്ല. അതുകൊണ്ടുതന്നെ താരത്തിളക്കം ഉള്ളപ്പോൾത്തന്നെ പരമാവധി അവസരങ്ങൾ മുതലാക്കുകയെന്നതാണ് നായികമാർ ചെയ്തുവരുന്നത്. മലയാളത്തിൽനിന്ന് തമിഴിലെത്തി താരമൂല്യം ആർജിക്കുന്ന കീർത്തി സുരേഷിന്റെ അമ്മയും മുൻകാല നടിയുമായ മേനകയ്ക്കും ഈ തിരിച്ചറിവിലാണ്.

മകൾ കീർത്തി സുരേഷിനെ എന്തു വിലകൊടുത്തും തമിഴകത്തെ പ്രധാന നായികയാക്കിയേ അടങ്ങൂ എന്ന കടുത്ത തീരുമാനത്തിലാണ് മേനക. ഇതിനായി പണം വാരിയെറിയാനും മടിയില്ല. നാലു ചിത്രങ്ങളിലെ അഭിനയത്തോടെ തമിഴ് സിനിമാ ലോകത്ത് കീർത്തിക്കു താരമൂല്യം ഏറിയിട്ടുണ്ട്. ഇത് മുതലെടുത്ത് സംസ്ഥാനമൊട്ടാകെ മകൾക്കായി ഫാൻസ് ക്ലബുകൾ സ്ഥാപിക്കാനുള്ള നീക്കമാണ് അമ്മ മേനക നടത്തുന്നത്.

കീർത്തിക്കുവേണ്ടി ചെന്നൈയിൽ ഒരു സംഘം ഫാൻസ് അസോസിയേഷനും ആരംഭിച്ചു. ഇതു കണ്ടപ്പോൾ, തമിഴ്‌നാട് മുഴുവൻ മകൾക്ക് ഫാൻസ് അസോസിയേഷൻ വേണമെന്നായി മേനകയ്ക്ക്. ഇതിനായി മേനക പണം കൊടുത്ത് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കുന്നതായ ചില വാർത്തകൾ തമിഴ് ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എൺപതുകളിൽ മലയാളത്തിൽ തിളങ്ങി നിന്ന നായികയായിരുന്നു മേനക. അമ്മയുടെ പാരമ്പര്യം പിന്തുടർന്ന് എത്തിയ മകൾ കീർത്തി സുരേഷും ഇപ്പോൾ സിനിമാ ലോകത്ത് തിളങ്ങുന്നു. പക്ഷെ കീർത്തിക്ക് മലയാളത്തെക്കാൾ കീർത്തി ലഭിക്കുന്നത് തമിഴകത്താണ്.

തുടക്കത്തിൽ തന്നെ ധനുഷ്, വിജയ്, ശിവകാർത്തികേയൻ തുടങ്ങിയവരെ പോലുള്ള മുൻനിര താരങ്ങൾക്കൊപ്പം ജോഡിചേർന്ന് അഭിനയിക്കാൻ കീർത്തിക്ക് അവസരം ലഭിക്കുകയായിരുന്നു. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയാണ് കീർത്തി തമിഴ് സിനിമിൽ അരങ്ങേറിയത്. ആദ്യ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, പിന്നീട് ചെയ്ത രജനിമുരുകൻ ഹിറ്റായി. തുടർന്ന് ധനുഷിനൊപ്പം തൊടരി, വിജയ്ക്കൊപ്പം ഭൈരവ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

പൈലറ്റ്, കുബേരൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ കീർത്തി ആദ്യമായി നായികയായത് പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലാണ്. മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിനൊപ്പമൊരു ഗംഭീര തുടക്കം ലഭിച്ചെങ്കിലും സിനിമ പരാജയപ്പെട്ടു. തുടർന്ന് ദിലീപിനൊപ്പം റിങ് മാസ്റ്ററും ചെയ്ത് തമിഴിലേക്ക് പോയ കീർത്തി പിന്നെ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല.

ഇപ്പോൾ തമിഴിലും തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് കീർത്തി സുരേഷ്. നേനു ലോക്കൽ എന്ന ആദ്യ തെലുങ്ക് ചിത്രം റിലീസായി. പാമ്പു സട്ടൈ, താനാ സേർന്ത കൂട്ടം എന്നീ ചിത്രങ്ങളിലാണ് ഇപ്പോൾ നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.