സിഡ്‌നി: ഏതു പ്രായക്കാരേയും പെട്ടെന്നു പിടികൂടുന്ന മെനിഞ്ചോ കോക്കൽ രോഗം പൊട്ടിപ്പുറപ്പെട്ടതായി ഹെൽത്ത് അധികൃതരുടെ മുന്നറിയിപ്പ്. സാധാരണയായി വിന്റർ, സ്പ്രിങ് സീസണിൽ വ്യാപകമാകുന്ന മെനിഞ്ചോ കോക്കൽ ഈ വർഷവും എത്തിക്കഴിഞ്ഞു. ഇതുവരെ എൻഎസ്ഡബ്ല്യൂവിൽ 40 പേർ രോഗബാധതരായതായി കണക്കുകൾ വെളിപ്പെടുത്തുന്നു.

ഏതുപ്രായത്തിലുള്ളവർക്കും പിടിപെടുമെങ്കിലും അഞ്ചു വയസുവരെ പ്രായമുള്ളവർക്കും കൗമാരക്കാർക്കും ഈ രോഗം ഏറെ ഭീഷണി ഉയർത്തുമെന്നാണ് ഹെൽത്ത് അധികൃതർ പറയുന്നത്. അതുകൊണ്ടു തന്നെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കൾ ഇക്കാര്യത്തിൽ ഏറെ ജാഗരൂകരായിരിക്കണമെന്നും നിർദേശമുണ്ട്. കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണമെന്നും രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

രോഗബാധിതരുടെ തുമ്മൽ, ചുമ തുടങ്ങിയവയിലൂടെയാണ് രോഗാണുക്കൽ മറ്റുള്ളവരിലേക്ക് പകരുന്നത്. ശരീരത്ത് ചുവന്നു തിണർത്ത പാടുകൾ ഉണ്ടാകുകയെന്നതും രോഗത്തിന്റെ ലക്ഷണമാണ്. പനി, അസ്വസ്ഥത, അമിത ക്ഷീണം, ഛർദി, മന്ദത തുടങ്ങിയവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ബി,സി, ഡബ്ല്യൂ എന്നീ മെനിൻഗോകോക്കൽ രോഗങ്ങളാണ് ഓസ്ട്രേലയിയിൽ കാണപ്പെടുന്നത്.ഇതിൽ സിക്ക് മാത്രമാണ് നാഷണൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന് കീഴിൽ വാക്സിനേഷനുള്ളത്. ഒരു വയസുള്ള എല്ലാ കുട്ടികൾക്കുമാണിത് നൽകുന്നത്.