ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ സെമിയിൽ ബ്രസീൽ മെക്സിക്കോയെ നേരിടും. രണ്ടാം സെമിയിൽ സ്പെയ്നും ആതിഥേയരായ ജപ്പാനും ഏറ്റുമുട്ടും. മെക്സിക്കോ-ബ്രസീൽ മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്കും ജപ്പാൻ-സ്പെയ്ൻ മത്സരം വൈകിട്ട് നാലരയ്ക്കും നടക്കും.

നിലവിലെ ഒളിംപിക്സ് ജേതാക്കളെന്ന പട്ടം നിലനിർത്തുന്നതിനപ്പുറം കോപ്പ അമേരിക്ക ഫൈനലിലെ തോൽവി മറക്കാൻ ബ്രസീലിന് സ്വർണമെഡൽ അനിവാര്യമാണ്. അതിലേക്ക് ഇനി രണ്ട് ജയങ്ങളുടെ ദൂരം മാത്രം. ഗോളടിച്ചുകൂട്ടുന്ന റിച്ചാർലിസണും ഗോൾമുനയൊടിക്കുന്ന ക്യാപ്റ്റൻ ഡാനി ആൽവസുമാണ് കാനറികളുടെ കരുത്ത്.

ഗ്രൂപ്പിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെയും ക്വാർട്ടറിൽ തെക്കൻ കൊറിയയേയും അട്ടിമറിച്ചാണ് മെക്സിക്കോയുടെ വരവ്. ഫ്രാൻസിനെ 4-1നും തെക്കൻ കൊറിയയെ 6-3നുമാണ് മെക്സികോ കീഴടക്കിയത്. അതുകൊണ്ടുതന്നെ സെമിയിൽ വമ്പൻ പോര് പ്രതീക്ഷിക്കാം.

മുൻ ലോക ചാമ്പ്യന്മാരായ സ്പെയ്ന്റെ എതിരാളികൾ അട്ടിമറികളിലൂടെ എത്തിയ ജപ്പാനാണ്. ലോക ഫുട്‌ബോളിൽ ഇതിനോടകം പേരെടുത്ത പെഡ്രി, അസൻസിയോ, ഒയാർസബാൾ തുടങ്ങിയവരാണ് സ്പെയ്ന്റെ കരുത്ത്.

ജപ്പാനീസ് മെസിയെന്നറിയപ്പെടുന്ന താക്കെ കൂബോയാണ് ആതിഥേയരുടെ വജ്രായുധം. ഫ്രാൻസിനും ന്യൂസിലൻഡിനുമെതിരായ അട്ടിമറികൾ സെമിയിലും തുടരാമെന്നാണ് ജപ്പാന്റെ പ്രതീക്ഷ. അതിനാൽ രണ്ടാം സെമിയും ആരാധകർക്ക് ആവേശം നൽകും.