വാർത്താ അവതാരികയെ ഞെട്ടിച്ച് മെന്റലിസ്റ്റ് അനന്തു! കേരളത്തിലെ സ്‌കൂൾകുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒരു വീഡിയോ ആയിരുന്നു അത്. ഇന്റർവ്യൂവിനിടെ വാർത്ത അവതാരിക മെന്റലിസ്റ്റിനോട് ചോദിക്കുന്നു, ഇപ്പോൾ എന്തെങ്കിലും ഒന്ന് അവതരിപ്പിക്കാൻ കഴിയുമോ എന്ന്. അയാൾ അവതാരികയോട് ഒരു പാട്ട് സങ്കൽപ്പിക്കാൻ പറയുന്നു. തുടർന്ന് ആ പാട്ട് മനസ്സിൽ ആവർത്തിക്കാൻ പറയുന്നു. തുടർന്ന് ചുണ്ടുകൾ അനക്കാതെ പാട്ടിലെ ഫസ്റ്റ് ലെറ്റർ ഒന്ന് മനസ്സിൽ ആവർത്തിക്കാൻ പറയുന്നു. മെന്റലിസ്റ്റ് പറയുന്നു, ഇത് മമ്മൂക്കയുടെ സോങ്ങ് ആണ്. ചിരിച്ചുകൊണ്ട് അവതാരക സമ്മതിക്കുന്നു. തുടർന്ന് പാട്ട് മെലഡിയാണോ എന്ന് മെൻഡലിസ്റ്റ് ചോദിക്കുന്നു, അതേ എന്ന് സമ്മതം. 'വെണ്ണിലാചന്ദനക്കിണ്ണം' എന്ന് മെൻഡിലിസറ്റ്. അത്ഭുദത്തോടെ അവതാരിക അത് സമ്മതിക്കുന്നൂ.

ഈ വീഡിയോ വൈറലായത് ഒരു മാജിക്ക് എന്ന പേരിൽ മാത്രമായിരുന്നില്ല. മെന്റലിസം എന്ന പുതുതായി കണ്ടുപിടിക്കപ്പെട്ട അത്ഭുദ സിദ്ധിയാണ് ഇതെന്ന രീതിയിലായിരുന്നു പ്രചാരണം. മെന്റലിസം പഠിച്ചാൽ മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയുമെന്നും മറ്റും, പല കപടശാസ്ത്ര പ്രചാരകരായ അദ്ധ്യാപകരും തട്ടിവിട്ടതോടെ, 'വാട്സാപ്പ് യൂണിവേഴ്സിറ്റികളിൽ' ഇത് വമ്പൻ ഹിറ്റായി. മെന്റലിസ്റ്റ് എന്ന് പറയുന്നത് മജീഷ്യനെപ്പോലെ വെറുമൊരു ആർട്ടിസ്റ്റ് മാത്രമാണെന്ന്, ശാസ്ത്രപ്രചാരകർ വാദിച്ച് നോക്കിയെങ്കിലും അപ്പോഴേക്കും നിറം പിടിപ്പിച്ച നുണക്കഥകൾ കാട്ടുതീയായി കഴിഞ്ഞിരുന്നു.

ഇത് പഠിച്ചാൽ കള്ളം പറയുന്ന ആരെയും ഞൊടിയിടിയിൽ കണ്ടെത്താൻ കഴിയുമെന്നാണ് മറ്റൊരു കുപ്രചാരണം. ആരുടെയും മനസ്സ് ഞൊടിയിടയിൽ വായിക്കാൻ കഴിയുമത്രേ. കുട്ടികളിൽ ഏകാഗ്രതക്ക് അത്യുത്തമമെന്നും പ്രചാരണം വന്നു. പല സക്ളൂൾ അധികൃതരും നാലുമാസം കൊണ്ട് പഠിക്കാവുന്ന മെന്റലിസം കോഴ്സുകളും കുട്ടികൾക്കായി ശിപാർശ ചെയ്യുകയാണ്. പക്ഷേ നിപിൻ നിരവത്തിനെയും ഫാസിൽ ബഷീറിനെയും പോലുള്ള മെന്റലിസ്റ്റുകൾ ഇത് വെറുമാരു പെർഫോമിങ്ങ് ആർട്ട് മാത്രമാണെന്നും, യാതൊരു അതീന്ദ്രിയ സിദ്ധിയുമില്ലെന്നുമാണ്. എന്നിട്ടും കുപ്രചാരണം കൊഴുക്കുകയാണ്.

സൈക്കിക്ക് റീഡിങ്ങിൽ നിന്ന് മെന്റലിസത്തിലേക്ക്

ഒറ്റവാക്കിൽ പറഞ്ഞാൽ മന:ശ്ശാസ്ത്രവും മാജിക്കും ഉപയോഗപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് മെന്റലിസം എന്ന് പറയാം. അടിസ്ഥാനപരമായി കാണികളെ രസിപ്പിക്കാനായി അവതരിപ്പിക്കുന്ന, സൈക്കോളജിക്കൽ ട്രിക്ക്സ് ഓർ ഗെയിംസ് ആണ് മെന്റലിസം.അങ്ങനെ വരുമ്പോൾ, മെന്റലിസ്റ്റ് എന്ന് പറയുന്ന ആൾ ഒരു സൈക്കോളജിസ്റ്റില്ല, കൗൺസിലർ അല്ല, ഹിപ്നോട്ടിസ്റ്റല്ല,
സൈക്കോളജിയുടെ വിനോദപരമായ ഉപയോഗമാണ് മെന്റലിസം എന്ന് പറയാം.

പ്രശസ്ത മെന്റലിസ്റ്റ നിപിൻ നിരവത്ത് ഇങ്ങനെ പറയുന്നു.' മെന്റലിസം ഒരു ആർട്ട് ഫോം ആണ്. ശരീരഭാഷ, ന്യൂറോ ലിങ്വിസ്റ്റിക് പ്രോഗ്രാം (എൻ.എൽ.പി), സൈക്കോളജി, പ്രകടന വൈഭവം (ഷോ മാൻഷിപ്പ്),നിർദ്ദേശങ്ങൾ, ഹിപ്നോസിസ്, മാജിക് എന്നിവയുടെ മിശ്രണമായ രസകരമായ ഒരു കലയാണ് മെന്റലിസം. ഒരാളുടെ മനസിലെ വ്യക്തിപരമായ കാര്യങ്ങൾ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കുന്നതോ ആളുകളെ അപമാനിക്കാനുള്ളതോ അല്ല മെന്റലിസം. പ്രേക്ഷകരെ അത്ഭുതപ്പെടുത്തൽ മാത്രമാണ് ഒരു മെന്റലിസ്റ്റിന്റെ ലക്ഷ്യം.അല്ല. പക്ഷേ, ഒരു മജിഷ്യനുംകൂടിയാണ്. മനസിന്റെ വ്യവഹരങ്ങൾ ഉപയോഗിച്ച് ആളുകൾക്ക് മുൻപിൽ അത്ഭുതങ്ങൾ കാണിക്കുന്ന ഒരു മാന്ത്രികനാണ് മെന്റലിസ്റ്റ്. മജീഷ്യൻ ഒരുപാട് വസ്തുക്കൾ ഉപയോഗിച്ച് പ്രകടനം നടത്തുന്നയാളാണ്. എന്നാൽ മെന്റലിസ്റ്റ് ആളുകളുടെ ചിന്തകൾ ഉപയോഗിച്ചാണ് പ്രകടനം നടത്തുന്നത്. മനഃശാസ്ത്രത്തിന്റെ സാധ്യതകളും മെന്റലിസ്റ്റ് ഉപയോഗിക്കുന്നു. ഒരു ഷോമാൻഷിപ്പ് ആണ് മെന്റലിസം. അല്ലാതെ മെന്റലിസ്റ്റിന് യാതൊരു അതിമാനുഷിക സിദ്ധിയുമില്ല'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1980കളിൽ യൂറോപ്പിൽ ഉടലെടുത്ത സൈക്കിക് റീഡിങ്ങിലാണ് മെന്റലിസത്തിന്റെ തുടക്കം. ഭൂത പ്രേതങ്ങളുടെ സഹായം കൊണ്ട് മനുഷ്യരുടെ ഉള്ളിലുള്ള കാര്യങ്ങൾ പ്രവചിക്കുന്നവരായിരുന്നു സൈക്കിക് റീഡേഴ്സ്. ഇതേക്കുറിച്ച് പിന്നീട് പഠനങ്ങൾ നടന്നു. അപ്പോഴാണ് ഒരാളുടെ മനസിലുള്ള കാര്യങ്ങൾ അയാളറിയാതെ പറയിക്കാനുള്ള വിദ്യയാണിതെന്ന് തെളിഞ്ഞത്. ഇന്ന് വിദേശ മെന്റലിസ്റ്റുകൾ ഇത് തീർത്തു വിനോദത്തിനാണെന്നും, മാജിക്കുപോലെ സയൻസാണ് ഇതിന്റെ അടിസ്ഥാനം എന്നു പറഞ്ഞാണ് പ്രവർത്തിക്കുന്നത്.

മനസ്സു വായിക്കാമെന്നത് ശുദ്ധതട്ടിപ്പ്

പ്രശസ്ത ശാസ്ത്രകാരൻ കാൾസാഗൻ പറയാറുള്ളതുപോലെഈ ലോകത്ത് അത്ഭുദമില്ല എന്നതാണ് എറ്റവും വലിയ അത്്ഭുദം. കാരണം ഒരു ദിവ്യാത്ഭുദം തെളിയിക്കപ്പെട്ടാൽ ഇന്നത്തെ ഭൗതിക നിയമങ്ങൾ എല്ലാം മാറ്റി എഴുതേണ്ടിവരും. അതുകൊണ്ടുതന്നെ ഒരാൾക്കും ഒരാളുടെയും മനസ്സ് വായിക്കാൻ കഴിയില്ല. പിന്നെ ചില ട്രിക്ക്സുകളിലൂടെയും, സഹായികളെ ഉപയോഗിച്ചും, ജോത്സ്യ പ്രവചനം പോലെ അയാളിൽനിന്ന് കിട്ടുന്ന അറിവുകൾ ഉപയോഗിച്ചുമൊക്കെയാണ് മെന്റലിസ്റ്റുകൾ പിടിച്ചു നിൽക്കുന്നത്.

മെന്റലിസ്റ്റുകൾ പതിവായി ചെയ്യിക്കുന്ന ഒരു സാധനമാണ് ഒരു പുസ്തകം കൊടുത്തിട്ട് അതിൽ ഒരു വാചകം ഓർത്തുവെക്കാൻ പറയുകയും പിന്നീട് അത് വെളിപ്പെടുത്തുകയും ചെയ്യുന്ന സംഭവം. സത്യത്തിൽ ഇത് ശുദ്ധമായ മാജിക്ക് മാത്രമാണെന്ന് അതിന്റെ രഹസ്യം അനാവരണം ചെയ്യുന്ന വീഡിയോ കണ്ടാൽ മനസ്സിലാവും. പുസ്തകത്തിൽനിന്ന് നേരത്തെ മെന്റലിസത്തിന് വിധേയമാവുന്ന ആൾ പറയേണ്ട ഒരു വാചകം കീറിയെക്കുന്നു. ഇത് വേറെ ഒട്ടിച്ച്, അടയാളം വെക്കുന്ന മാർക്കറിന്റെ മുകളിൽ കൈയടക്കത്തോടെ വെച്ച് പുസ്തകം തുറന്ന് കാട്ടുമ്പോൾ ആ വാചകം മാത്രമാണ്, മെന്റലിസത്തിന് വിധേയമാവുന്നയാൾ കാണുക. ഇങ്ങനെ ഓരോ മെന്റലിസ്റ്റ് ട്രിക്കുകൾ അനാവരണം ചെയ്യുന്ന വിവിധ വീഡിയോകൾ ഇന്ന് യ്യൂ ട്യൂബിലുണ്ട്. അവയിൽ 90 ശതമാനവും മാജിക്ക് മാത്രമാണ്.

പ്രശസ്ത മെന്റലിസ്റ്റും ട്രിക്ക്സ് എന്ന ലക്ഷങ്ങൾ കാണുന്ന അത്ഭുദ അനാവരണ ചാനലിന്റെ നിർമ്മാതാവും അവതാരകനുമായ ഫാസിൽ ബഷീർ ഇങ്ങനെ പ്രതികരിക്കുന്നു. 'മെന്റലിസ്റ്റ് എന്ന് പറയുന്നത് വെറും ഒരു കലാകാരൻ മാത്രമാണ്. ഞാൻ ഷോ നടത്തുന്ന എല്ലായിടത്തും അത് എടുത്ത് പറയാറുണ്ട്. ഈ ട്രിക്കുകൾ എല്ലാം നടത്തുന്നത് സയൻസാണെന്നും എടുത്തു പറയാറുണ്ട്.'' എന്നാൽ എല്ലാ മെന്റലിസ്റ്റുകളും ഇതുപോലെയല്ല. പലരും ഇത് തങ്ങളുടെ ഒരു ക്രഡിറ്റ് ആണെന്ന മട്ടിൽ മിണ്ടാതെ നിൽക്കുന്നു. ഈ മേഖലയിലെ കള്ള നാണയങ്ങൾ ആകട്ടെ മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്നും, സിബിഐ തൊട്ട് ലോക്കൽ പൊലീസ്വരെ കേസ് അന്വേഷണത്തിൽ തങ്ങളുടെ സഹായം അഭ്യർത്ഥിക്കാറുണ്ട് എന്നും തട്ടിവിടുന്നു. പ്രത്യക്ഷത്തിൽ മെന്റലിസത്തിന് സൈക്കോളജിയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ സൈക്കോളജിസ്റ്റുകളാും, മോട്ടിവേഷൻ സ്പീക്കേഴ്സായും ഇവരിൽ പലരും അരങ്ങുതകർക്കുന്നു.

മെന്റലിസ്റ്റ് നിപിൻ നിരവത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ-'ഇടയ്ക്ക് ചില ഇ-മെയിലുകൾ വരാറുണ്ട്. ഉയരം കൂടാൻ എന്ത് ചെയ്യണം, തകർന്ന ബിസിനസ് നേരെയാക്കാൻ എന്ത് ചെയ്യണം, അതിന് എത്ര പണം വേണമെങ്കിലും മുടക്കാം... ഇതൊക്കെയാണ് പ്രധാനപ്പെട്ട സംശയങ്ങൾ. ഒരിക്കൽ ഇ-മെയിലിന് മറുപടി ലഭിക്കാത്തതുകൊണ്ട് രാത്രി രണ്ടുമണിക്ക് ഫോൺ നമ്പർ തപ്പിയെടുത്ത് ഒരു പെൺകുട്ടി ബാംഗ്ലൂരിൽ നിന്ന് വിളിച്ചു. അവളുടെ വീട്ടിൽ പ്രേതബാധയുണ്ട്, ഉറങ്ങാനാകുന്നില്ലെന്നായിരുന്നു ആവലാതി. ഇത്തരം ആവശ്യങ്ങൾ പതിവായതോടെ ഞാൻ എല്ലാവരെയും ഓർമ്മിപ്പിക്കുന്ന ഒന്നുണ്ട്. മന്ത്രവാദമോ അതീന്ദ്രീയതയോ ഒന്നുമല്ല മെന്റലിസം. അത് ഒരു കലയാണ്, അതോടൊപ്പം ഒരു ശാസ്ത്രവും.''

മുതുകാട് മനോരോഗങ്ങൾക്ക് ചികിത്സിക്കുമോ?

മലയാളികൾക്ക് മെന്റലിസത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ ബോധ്യങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പല മെന്റലിസ്റ്റുകളും പറയുന്നത്. ' ഇതൊരു കലാപ്രകടനമാണെന്ന ബോധ്യം കുറച്ചധികം പേർക്ക് ഇനിയും വന്നിട്ടില്ല. അതിന്റെ പ്രധാന പ്രശ്നം മാനസിക ആരോഗ്യത്തെക്കുറിച്ച് മലയാളികൾക്ക് ബോധ്യമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു. സൈക്കോളജി എന്ന് കേട്ടാൽ തന്നെ ഒരു പേടിയല്ലേ നമുക്ക്. പനിയാണെങ്കിൽ ഡോക്ടറെ കാണാൻ എല്ലാവരും പറയും. പക്ഷേ, ഒരു മാനസിക പ്രശ്നം വന്നാൽ സൈക്കാട്രിസ്റ്റിനെ കാണാൻ എത്രേപേർ ഉപദേശിക്കും? നമ്മുടെ സമൂഹം അങ്ങനെയാണ്. അപ്പോൾ അവർ മെന്റലിസ്റ്റിന്റെ ഉപദേശം തേടുകയാണ്. പക്ഷേ ഞാൻ ഒരിക്കലും ഒരാളെയും ചികിത്സിക്കാറില്ല. അവരുടെ പ്രശ്നങ്ങൾ നോട്ട് ചെയത് യഥാർഥ സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ അടുത്തേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്'- നിപിൻ നിരവത്ത് ഒരിക്കൽ ഇങ്ങനെയാണ് എഴുതിയത്.

മെന്റലിസ്റ്റുകൾ എല്ലാവരും ക്വാളിഫൈഡ് സൈക്കോളജിസ്റ്റുകൾ അല്ല എന്നതുപോയിട്ട് പലർക്കും സൈക്കോളജിയുമായി പുലബന്ധം പോലുമില്ല എന്നതാണ് യഥാർഥ്യം. മനഃശാസ്ത്രജ്ഞൻ അർജൻ അശോക് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ' ഇന്ന് പല മെന്റലിസ്റ്റുകളും സൈക്കോളജി കൗൺസിലിങ്ങ്വരെ നൽകുന്നുണ്ട്. ഇത് തീർത്തും അപകടകരമാണ്.കാരണം മെന്റലിസം എന്നത് മാജിക്ക് പോലെ ഒരു കലമാത്രമാണ്. നാളെ ഗോപിനാഥ് മുതുകാട് മനോരോഗങ്ങൾക്ക് ചികിത്സിച്ചാൽ എങ്ങനെ ഇരിക്കും. ഇന്ന് മെന്റലസിത്തിന്റെ രീതികൾ വെളിപ്പെടുത്തുന്ന പല വീഡിയോകളും യ്യൂടുബിൽ ഉണ്ട്. അവയിൽ എവിടെയും അവർ മുഖത്തെ ഭാവം നോക്കിയോ ഒന്നുമല്ല കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്. കൈയടക്കത്തിലൂടെ നടത്തുന്ന കൃത്യമായ മാജിക്ക് തന്നെയാണ്. ഇവർ പിന്നെ എങ്ങനെയാണ് സൈക്കോളജിസ്റ്റുകൾ ആവുക. ആളുകളുടെ അഞ്ജതയെ ചൂഷണം ചെയ്യുകയാണ് ഇവിടെ''

നിപിൻ നിരവത്ത് ഇക്കാര്യത്തിൽ ഇങ്ങനെ പ്രതികരിക്കുന്നു. 'മെന്റലിസ്റ്റുകൾ സൈക്കോളിസ്റ്റുകൾ അല്ലെന്നത് ശരിയാണ്. പല വിദ്യകൾ ഒരുമിപ്പിച്ചാണ് മെന്റലിസം ചെയ്യുന്നത്. പഠിച്ചില്ലെങ്കിലും എല്ലാവർക്കും കുറച്ചൊക്കെ സൈക്കോളജി മനസിലാകും. ഓരോരുത്തരെയും കുറിച്ച് നമുക്ക് ഓരോ ധാരണകൾ കിട്ടാറില്ലേ. ഒരോ വ്യക്തികൾക്കും ഓരോ പാറ്റേണും അൽഗോരിതവും ഉണ്ട്. ചിലപ്പോൾ നിങ്ങളറിയാതെ ഞാൻ നൽകുന്ന നിർദ്ദേശമായിരിക്കും നിങ്ങൾ പറയുന്ന ഉത്തരം. അതിനെ ആർട്ട് ഓഫ് ഇൻഫ്ലൂവൻസ് എന്ന് പറയും. പ്രേക്ഷകന്റെ ചിന്തകളാണ് ഒരു മെന്റലിസ്റ്റിന്റെ പണിയായുധങ്ങൾ. ഒരാൾ കള്ളം പറയുമ്പോൾ ശരീരഭാഷയിൽ, പെരുമാറ്റത്തിൽ ഒക്കെ മാറ്റങ്ങൾ കാണും. അയാൾ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് എളുപ്പം മനസിലാക്കാം. പക്ഷേ ഇത് എപ്പോഴും വർക്ക്ഔട്ട് ആകണെമെന്നുമില്ല'.

പ്രേതം സിനിമയിലെ മെന്റലിസ്റ്റ് പക്കാ ഫ്രോഡ്

മണിച്ചിത്രത്താഴിലെ ഡോ സണ്ണിയാണ് കേരളത്തിലെ അനൗദ്യോഗിക സൈക്യാസ്ട്രിസ്റ്റ്. ഡോ ജോസ്റ്റിൻ ഫ്രാൻസിസ് എന്ന മനഃശാസ്ത്രജ്ഞൻ ഇതേക്കുറിച്ച് മുമ്പ് ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ്. ' ഒരു മനഃശാസ്ത്രജ്ഞൻ എങ്ങനെ ആവരുത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു, മണിച്ചിത്രത്താഴിലെ സണ്ണി. സണ്ണിയൂടെ ട്രീറ്റ്മെന്റ് മെത്തേഡുകൾ ഒക്കെ തന്നെ ഒരു സിനിമയുടെ കഥക്ക് അപ്പുറം ഒന്നുമല്ല. തീർത്തും അശാസ്ത്രീയമായ രീതിയാണ് അത്. അവസാനം സണ്ണി ചികിത്സിച്ച് എവിടെയാണ് എത്തുന്നത്. കൂടോത്രക്കളത്തിലും മാന്ത്രികതയിലുമാണ് അത് അവസാനിക്കുന്നത്. ആധുനിക വൈദ്യത്തെ അന്ധവിശ്വാസക്കളത്തിൽ പിടിച്ച് കെട്ടുകയെന്ന അങ്ങേയറ്റം പിന്തിരിപ്പനായ പണിയാണ് ഡോ സണ്ണി ചെയ്തത്്'. മന്ത്രവാദവും സൈക്യാട്രിയും കൂട്ടിക്കെട്ടിയുള്ള കപട ചികിത്സകർക്ക് ഡോ സണ്ണിക്ക് കിട്ടിയ പോപ്പുലാരിറ്റി ല്ലാതെ ഗുണം ചെയ്തു, അതുപോലെ തന്നെ മെന്റലിസ്റ്റുകൾ ആണെന്ന് പറഞ്ഞ് നടക്കുന്ന ഒരു വിഭാഗം കപട ചികിത്സകർക്ക് കിട്ടിയ വലിയ കോളായിരുന്നു, നാലുവർഷം മുമ്പ് ഇറങ്ങിയ രഞ്ജിത്ത് ശങ്കറിന്റെ പ്രേതം എന്ന സിനിമയിൽ ജയസൂര്യ ചെയ്ത മെന്റലിസ്റ്റിന്റെ കഥാപാത്രം.

ജോൺ ഡോൺബോസ്‌കോയെന്ന ആ കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പ്രചോദനമായത് കേരളത്തിലെ അറിയപ്പെടുന്ന മെന്റലിസ്റ്റ് ആദിയാത്രേ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജയസൂര്യയുടെ ആദ്യ കാമുകിയുടെ പേരും മൊബൈലിന്റെ പാസ്വേർഡും ആദി മെന്റലിസത്തിലൂടെ വെളിപ്പെടുത്തുന്ന വീഡിയോകൾ ജയസൂര്യ തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങൾക്കുള്ളിലാണ് ഈ വീഡിയോകൾ വൈറലായി മാറിയത്.

മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ തന്നെ ഒരു മെന്റലിസ്റ്റ് എങ്ങനെ ആകരുത് എന്നതിന്റെ മികച്ച ഉദാഹരണം കൂടിയായി കഥാപാത്രം. ഈ സിനിമയിലെപ്പോലെ പ്രേതത്തെ ഒഴിപ്പിക്കലൊന്നുമല്ല മെന്റലിസം. പൂർണ്ണമായും ശാസ്ത്രത്തിന്റെ ടൂളുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആളാണ് മെന്റലിസ്റ്റ്. അയാൾ മന്ത്രവാദിയല്ല. അശാസ്ത്രീയമായ അത്മാവിലും ഭൂതത്തിലും അഭിരമിക്കുന്ന ആളല്ല. ആധുനിക മനഃശാസ്ത്രം ഭൂതങ്ങളും പ്രേതങ്ങളുമൊന്നുമുള്ളതായി തെളിവുകൾ നൽകുന്നില്ല. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത യു.എഫ്.ഒ (അൺ ഐഡന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ട്സ്) പോലുള്ള മേഖലകളിൽ ശാസ്ത്രജ്ഞർ ഗവേഷണം തുടരുന്നുണ്ട്. ഇങ്ങനെ ശാസ്ത്രാധിഷ്ഠിതമായി പ്രവർത്തിക്കേണ്ട മെന്റലിസ്റ്റിനെ മൊബൈൽ ഫോണിലും ക്യാമറയിലും കയറുന്ന പ്രേതത്തെ പിടിക്കുന്ന ആളാക്കി മാറ്റി ഹൈട്ടക്ക് അന്ധവിശ്വാസം പ്രചരിക്കയാണ് ഈ ചിത്രം ചെയ്തത്. അതുകൊണ്ടുതന്നെ ഒരു പക്കാ ഫ്രോഡ് ആയിട്ടുമാത്രമേ പ്രേതം സിനിമയിലെ മെന്റലിസ്റ്റിനെ കാണാൻ കഴിയൂ.

ആസ്ട്രൽ പ്രൊജക്ഷൻ പഠിക്കാൻ കഴിയുമോ?

ഈ ചിത്രം ഇറങ്ങിയതോടെ ആസ്ട്രൽ പ്രൊജക്ഷൻ പഠിക്കാൻ കഴിയുമോ, ആത്മാവിനെ അറിയാൻ കഴിയുമൊ എന്നൊക്കെയാണ് മെന്റലിസ്റ്റുകൾക്ക് വരുന്ന ചോദ്യങ്ങൾ. മൂന്നുവർഷം മുമ്പ് തിരുവനന്തപുരം നന്തൻകോട്ട് ഒരു കുടുംബത്തിലെ നാലു പേരെയാണ് കേഡൽ എന്ന ചെറുപ്പക്കാരൻ നിഷ്‌കരുണം കൊലപ്പെടുത്തിയത് ആസ്ട്രൽ പ്രൊജക്ഷന്റെ പേരിലാണ്. ആത്മാവിനെ ശരീരത്തിൽനിന്ന് വിമോചിപ്പിച്ച് മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നതിനുള്ള പരീക്ഷണ കൊലയാണ് കേഡൽ നടത്തിയതെന്നാണ് പൊലീസിന്റെ ഭാഷ്യം.

കൂടു വിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന ഒരുതരം ബ്ലാക്ക് മാജിക് ആണ് ആസ്ട്രൽ പ്രൊജക്ഷൻ. ഭൗതിക ശരീരം ഒരു സ്ഥലത്ത് നിൽക്കുന്നുണ്ടെങ്കിലും സൂക്ഷ്മ ദേഹം അഥവാ ആത്മാവ് വേറെയെവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് തോന്നുന്ന അവസ്ഥ. അല്ലെങ്കിൽ ഒരാൾക്ക് ഒരേ സമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലെത്തിച്ചേരാൻ കഴിയുക. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകൾ ശരീരസംബന്ധിയല്ലാത്ത ഇത്തരം വിഷയങ്ങളിൽ അമിത താൽപര്യം കാണിക്കുന്നു എന്നതിലാണ് ശാസ്ത്രലോകത്തിന് അമ്പരപ്പ്.

ആസ്ട്രൽ പ്രോജക്ഷൻ അഥവാ ഡ്രീം യോഗയിൽ വർഷങ്ങളായി അകപ്പെട്ടു പോയവർ ഉണ്ട്. ഉന്മാദത്തിന്റെ അവസ്ഥയിൽ തുടങ്ങി എന്തോ വലിയ സംഭവമാണെന്നു ചിന്തിച്ചുകൂട്ടി ഉണ്ടാക്കുന്ന മാനസികാവസ്ഥയാണ് അത്. യോഗയും മെഡിറ്റേഷനും പോലെ ഏഴ് സ്റ്റെപ്പുകൾ ആദ്യം അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകർ ഇരകളെ വീഴ്‌ത്തുന്നത്. ഉന്മാദം ഭ്രാന്തും കടന്നു വികസിക്കുന്നതോടെ കൊലപാതകം വരെ ചെയ്യാവുന്ന മാനസികാവസ്ഥയിൽ എത്തുന്നു.സൗജന്യമായി പഠിപ്പിച്ചു തരുന്ന വെബ്‌സൈറ്റുകൾ വരെയുണ്ട്. പലവട്ടം ആവർത്തിച്ച് നുണകൾ പറഞ്ഞ് ഇരകളെ അതിൽ വീഴ്‌ത്തുകയാണ് ഇത്തരം ഊരും പേരും അറിയാത്ത വെബ്‌സൈറ്റുകൾ ചെയ്യുന്നത്.

ഇതേക്കുറിച്ച് മനഃശാസ്ത്രജ്ഞൻ ജോസ്റ്റിൻ ഫ്രാൻസിസ് ഇങ്ങനെ നിരീക്ഷിക്കുന്നു. ''
ആത്മാവ് കൂടുവിട്ട് കൂടുമാറണം എന്ന് പറയുമ്പോൾ ആദ്യം അത്മാവ് ഉണ്ടെന്ന് തെളിയാണം. സത്യത്തിൽ അത് ഒരു തോന്നലാണ്. നമുക്ക് ആത്മബന്ധമുള്ള ഒരാളുടെ വേർപാടിൽ നിന്നുണ്ടാകുന്ന ചിന്തകളുടെ ഫലമാണിത്. ഒരാളെക്കുറിച്ചുള്ള ചിന്തകൾ, ഓർമ്മകൾ ഇതെല്ലാം മനസിൽ വരുകയും അയാളെക്കുറിച്ച് നമ്മൾ കൂടുതൽ ഓർക്കുന്നു. അത് നമ്മളെ സ്വാധീനിക്കുന്നു. നമ്മളെ പിന്തുടരുന്നതായി തോന്നുന്നു. ഇതെല്ലാം മനുഷ്യന്റെ ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത്. മനുഷ്യർക്കുണ്ടെങ്കിൽ ഉറുമ്പുകൾക്കും ആത്മാവ് ഉണ്ടാകുമല്ലോ, ദിവസവും കൊല്ലപ്പെടുന്ന കോഴികൾക്കും ആത്മാവ് ഉണ്ടാകണം.''

അതുപോലെ പ്രേതം സിനിമ മോഡൽ മുതലെടുത്ത് ഓജോ ബോർഡ് വിദഗ്ധരും ഇപ്പോൾ കേരളത്തിലുണ്ട്. വെറും സിമ്പിൾ സയൻസാണ് ഇതിന് പിറകിലും. ഇഡിയോമോട്ടോർ ഇഫക്ട്സ് എന്നതാണ് ഓജോ ബോർഡിന്റെ പിന്നിലെ രഹസ്യം. നമ്മൾ തന്നെയാണ് സത്യത്തിൽ ഓജോ ബോർഡിലെ നാണയം നീക്കുന്നത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ നാട്ടിലെ അന്ധവിശ്വാസത്തിന്റെ ഭാഗമായി ഇപ്പോഴും ഓജോ ബോർഡ് ആത്മാക്കളുമായി സംവദിക്കാനുള്ള മാധ്യമമാണെന്ന് പ്രചരണമുണ്ട്.

വ്യാജ കോഴ്സുകളിൽ വഞ്ചിതരാവരുത്

നാലുമാസം കൊണ്ട് മെന്റലിസം പഠിപ്പിക്കാമെന്നപേരിൽ നിരവധി കോഴ്സുകളും ഇപ്പോൾ നടക്കുന്നുണ്ട്. ഏകാഗ്രത വർധിപ്പിക്കുമെന്ന ഒക്കെ പറഞ്ഞ് പല അദ്ധ്യാപകരും കുട്ടികളെ ഇതിന് ശിപാർശ ചെയ്യുന്നുമുണ്ട്. പക്ഷേ ഇതെല്ലാം ശുദ്ധ തട്ടിപ്പ് മാത്രമാണ്. ഒന്നാമതായി മാജിക്ക് പഠിക്കുന്നപോലെ, നല്ല അഭിരുചിയും, കൈയടക്കവും, സംസാര ശൈലിയും ഒക്കെയുള്ളവർക്കേ ഇതിൽ വിജയിക്കാൻ കഴിയൂ. ആരും ഏതെങ്കിലും കോഴ്സ് പഠിച്ച് മെന്റലിസ്റ്റ് ആകുന്നതല്ല. ഇന്ത്യയിൽ ഇത് എവിടെയും പഠിപ്പിക്കുന്നില്ല. അമേരിക്കയിൽ നിരവധി അവസരങ്ങളുണ്ട്. പക്ഷേ, ഒരു കോഴ്സ് അല്ല. ആഗ്രഹം തീവ്രമാണെങ്കിൽ ഒരുപാട് സഞ്ചരിക്കാം, മെന്റലിസം രീതികൾ സ്വായത്തമാക്കാം. കേരളത്തിൽ ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് അക്കാദമിയും ഇതുസംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

അതുപോലെ തന്നെ ഈ വ്യാജ മെന്റലിസ്്റ്റുകൾ സൈക്കോളജിസ്റ്റ്, കൗൺസിലർ, ക്രൈം ഇൻവസ്റ്റിഗേറ്റർ ധാരാളം പേരുകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. കേരളം നേരിടുന്ന മറ്റൊരു സാമൂഹിക ദുരന്തമാണ് വാളെടുത്തവനൊക്കെ മോട്ടിവേഷൻ സ്പീക്കർ ആവുന്നതും.

അവസാനമായി പറയട്ടെ മെന്റലിസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വ്യാജ പ്രചാരണങ്ങൾ ഇറങ്ങാൻ കാരണവുംൗ കേരളത്തിലെ ഒരു മെന്റലിസ്റ്റ് തന്നെയാണ്. അദ്ദേഹമാണ് മെന്റലിസ്്റ്റ് ആദി. ഉഗ്രം ഉജ്ജ്വലം എന്ന ടീവിഷോയിൽ പങ്കെടുത്തുകൊണ്ട് ഇദ്ദേഹം നടത്തിയ മെന്റലിസ പ്രകടനങ്ങൾ കണ്ട് സദസ്സും അവതാരകരും വാനോളം പൊക്കുമ്പോൾ, ഇത് ജന്മസിദ്ധമായ കഴിവെന്നുമല്ല, താൻ പഠിച്ചെടുത്തതും, മാജിക്ക്പോലുള്ള ഒരു ആർട്ട് മാത്രമാണ് ഇതെന്നും അദ്ദേഹം പറയുന്നില്ല. മനസ്സ് വായിക്കാൻ കഴിയും എന്നൊക്കെയുള്ള അശാസ്ത്രീയ ആശയങ്ങൾക്ക് അരസമ്മതം പറഞ്ഞ്, വലിയ ദിവ്യനാകാനുള്ള നീക്കമാണ് ആദ്യഘട്ടത്തിൽ ആദി നടത്തിയതെന്ന് പിന്നീട് മെന്റലിസ്റ്റുകൾക്ക് ഇടയിൽനിന്നുതന്നെ ആരോപണം ഉയർന്നു. ഉദാഹരണമായി പ്രേതം സിനിമയിലെ അങ്ങേയറ്റം അശാസ്ത്രീമായ ജയസൂര്യയുടെ മെന്റലിസ്റ്റ് ആദിയുടെ കഥയാണെന്നുപോലും പ്രചാരണം വന്നു. ആദ്യഘട്ടത്തിൽ അദ്ദേഹം അത് നിഷേധിച്ചില്ല. അന്നത്തെ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ''സിനിമയിൽ കാണുന്നതാണോ യഥാർത്ഥ മെന്റലിസം എന്ന് ചോദിച്ചാൽ അതും അതിൽ കൂടുതലും ആണ് മെന്റലിസം. ഭയങ്കര സ്‌കെപ്റ്റിക്കൽ ആയിരുന്നു ഞാൻ ആദ്യം. എങ്ങനെയാണ് മലയാളികൾ ഇങ്ങനെ ഒരു സംഭവം സ്വീകരിക്കുക എന്ന്. കാരണം ഓരോ ഫ്രെയിമിലും എക്‌സാജറേറ്റ് ചെയ്യാനുള്ള സാധ്യതകൾ ഉള്ള ഒരു കഥാപാത്രമാണത്.''- ഇങ്ങനെ പറഞ്ഞാൽ മെന്റലിസത്തെക്കുറിച്ച് എന്ത് ധാരണയാണ് പ്രേക്ഷകന് കിട്ടുക.

അവസാനം ഇതിൽ ശാസ്ത്രവും ടെക്ക്നിക്ക്സുമാണ് ഏറെയുള്ളതെന്ന് മെന്റലിസ്റ്റ് ആദി തന്നെ പരസ്യമായി വ്യക്തമാക്കിയിരുന്നു. അപ്പോഴേക്കും വ്യാജ പ്രചാരണങ്ങൾ ഒരുപാട് ദൂരം സഞ്ചരിക്കയും ചെയ്തു.

തെളിയിക്കൂ, പത്തുലക്ഷം ഡോളർ നേടൂ...

'ദൈവം, ഭൂതം, പ്രേതം, ജ്യോത്സ്യം, കപട ചികിത്സ.. അങ്ങനെ ശാസ്ത്രാതീതം ആണെന്ന് പറയുന്ന എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് 10ലക്ഷം ഡോളർ...' ഒരു കാലത്ത് യൂറോപ്പിനെ ത്രസിപ്പിച്ച വെല്ലുവിളിയായിരുന്നു ഇത്. ഇത് നടത്തിയതാവട്ടെ ലോകത്തിലെ ഏറ്റവും വലിയ ദിവ്യാത്ഭുത അനാവരണ വിദഗ്ദ്ധനായ, കഴിഞ്ഞ വർഷം 92ാം വയസ്സിൽ അന്തരിച്ച ജെയിംസ് റാൻഡിയാണ്. കണ്ണ് കൊണ്ട് നോക്കി സ്പൂൺ വളയ്ക്കുമെന്ന് ആവകാശപ്പെടുന്നവർ തൊട്ട് പാരാസൈക്കോളജിക്കാരും എന്തിന് ഹോമിയോപ്പതിക്കാരും വരെ ഈ മനുഷ്യനോട് വെല്ലുവിളിയായി എത്തി. ലൈവ് പരീക്ഷണങ്ങൾക്കൊടുവിൽ എല്ലാവരുടെയും കട്ടയും പടവും മടക്കി. സമ്മാനത്തുക മോഹിച്ച് എത്തിയവരുടെ കെട്ടിവെച്ച കാശുകൊണ്ടുതന്നെ അയാൾ കോടീശ്വരനായി. റാൻഡി 2020 ഒക്ടോബറിൽ നിര്യാതനായി. പക്ഷേ അദ്ദേഹത്തിന്റെ വെല്ലുവിളി ഇപ്പോഴും റാൻഡി ഫൗണ്ടേഷൻ കൈവിട്ടിട്ടില്ല. മനസ്സുവായിക്കാമെന്ന് അവകാശപ്പെടുന്ന നമ്മുടെ ഒരു വിഭാഗം കപട മെന്റലിസ്റ്റുകൾക്ക് റാൻഡി ഫൗണ്ടേഷനുമായി ഇപ്പോഴും അരക്കൈ നോക്കാവുന്നതാണ്!

റാൻഡി അക്കാലത്ത് നേരിട്ടവരിൽ ഏറെപേർ മനസ്സ് വായിക്കാൻ കഴിയും എന്ന് അവകാശപ്പെടുന്നവർ ആയിരുന്നു. 1972ലെ ''ദി ടുനൈറ്റ് ഷോ'' എപ്പിസോഡിൽ, ഇസ്രയേലി പ്രകടനക്കാരനായ യൂറി ഗെല്ലറെ പൊളിച്ചടുക്കിയതോടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. മനഃശക്തികൊണ്ട് സ്പൂൺ വളക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തിയായിരുന്നു യൂറി ഗെല്ലർ. എന്നാൽ വളഞ്ഞ സ്പൂണുകൾ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഗെല്ലർ നടത്തുന്ന തട്ടിപ്പായിരുന്നു ഇത്. ആങ്കർ ജോണി കാർസണിന്റെ സഹായിയായി ഒപ്പമുണ്ടായിരുന്നു ജെയിംസ് റാൻഡിയുടെ സൂക്ഷ്മ നിരീക്ഷണം മൂലം ഗെല്ലറിന് ഒളിപ്പിച്ച സ്പൂണുകൾ പുറത്തെടുക്കാൻ ആയില്ല.

ഇന്ന് ഫഹദിന്റെ ട്രാൻസ് സിനിമയിലൂടെ നാം കണ്ട അതേ തന്ത്രങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് പൊളിച്ചടക്കിയ വ്യക്തിയാണ് റാൻഡി. അമേരിക്കയിലെ പ്രസിദ്ധ സുവിശേഷ ചികിത്സകന്മാരിലൊരാളായിരുന്നു പീറ്റർ പോപ്പോഫ്. യോഗത്തിനു വരുന്ന ആൾക്കാരെ പോപ്പോഫ് പേര് പറഞ്ഞ് സ്റ്റേജിലേക്ക് വിളിക്കും. അവരുടെ രോഗവും താമസസ്ഥലവുമൊക്കെ പറയും. ഇതൊക്കെ സാധിക്കുന്നതെങ്ങനെയെന്നത് അക്കാലത്ത് വലിയ അത്ഭുദമായിരുന്നു. ജെയിംസ് റാൻഡി അദ്ദേഹത്തിന്റെ യോഗങ്ങളെ നിരീക്ഷിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുകയും ചെയ്തു. അപ്പോഴാണ് കള്ളി പിടികിട്ടിയത്. പോപ്പോഫിന്റെ അനുയായികൾ ആൾക്കാരുടെ ഇടയിൽ ചെന്ന് ശേഖരിക്കുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഒരു മൈക്രോഫോണിലൂടെ വിളിച്ചു പറയും. ചെവിയിലുള്ള കൊച്ച് റിസീവറിലൂടെ പോപ്പോഫിന് ഈ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. പ്രസിദ്ധ ടെലിവിഷൻ പരിപാടിയായ ''ജോണി കാർസൺ ഷോ'യിലൂടെ റിക്കോർഡ് ചെയ്ത ടേപ്പുകൾ സഹിതം റാൻഡി ഇതു പരസ്യമാക്കി. ഇതോടെ പോപ്പോഫിന്റെ കട്ടയും പടവും മടക്കി. പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഇയാൾ പൊങ്ങിയത്.ഭൂമിക്കടിയിലെ വെള്ളത്തിന്റെ സ്ഥാനം കണ്ടുപിടിക്കും എന്നൊക്കെ പറയുന്ന, ഡൗസിങ്ങ് എന്ന കപടശാസ്ത്രത്തെയും പൊളിച്ചടുക്കിയത് ജെയിസ് റാൻഡി ആയിരുന്നു. അദ്ദേഹം ലൈവായി നടത്തിയ ഒരു പരീക്ഷണത്തിലും ഡൗസർമാർക്ക് കൃത്യമായി ഒരു പ്രവചനവും നടത്താൻ കഴിഞ്ഞില്ല.

കേരളത്തിൽ ആർക്കെങ്കിലും മനസ്സുവായിക്കാനും, കള്ളം കണ്ടുപിടിക്കാനുമൊക്കെ കഴിയുന്നുണ്ടെങ്കിൽ അവർ റാൻഡി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടാൽ കിട്ടുക ഒന്നും രണ്ടുമല്ല, 10 ലക്ഷം യു.എസ് ഡോളറാണ്!

റഫറൻസ്- അൺ ലോക്കിങ്ങ് മെന്റലിസം- സ്റ്റീവ് മാർട്ടിൻ- ലേഖനം ബി.ബി.സി
ടിക്ക്സ്- യു ട്യൂബ് ചാനൽ -ഫാസിൽ ബഷീർ
റാൻഡീസ് ഷോ- ബി.ബി.സി