തിരുവനന്തപുരം: മലയാളിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കപ്പലിൽ നിന്ന് കടലിൽ വീണ് മരിച്ചതായി സ്ഥിരീകരണം. മലേഷ്യയിൽ വച്ചാണ് അപകടമുണ്ടായതെന്നും കൊല്ലം മഠത്തിൽകാരാന്മ കോട്ടംപള്ളി സുധീപ് ഭവനത്തിൽ സുധീപ് (28) ആണ് മരണപ്പെട്ടതെന്ന വിവരമാണ് ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമീഷനെ ദാരോയിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് അറിയിച്ചത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സുധീപ് കാൽ വഴുതി കടലിൽ വീണാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. സുധീപ് ഭവനിൽ സുധാകരന്റേയും നിർമലയുടേയും മകനാണ് സുധീപ്.

ഏപ്രിൽ 29നാണ് ഉച്ചതിരിഞ്ഞ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ 27ന് അപകടം ഉണ്ടായതായ വിവരങ്ങളാണ് ലഭിക്കുന്നത്. ദാരോയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മരണത്തിൽ അസ്വാഭാവികതയെന്നും ഇല്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ നൽകുന്ന സൂചന. ഇതേത്തുടർന്ന പോസ്റ്റുമോർട്ടം വേണമോ വേണ്ടയോ എന്ന് ബന്ധുക്കളിൽ നിന്ന് സ്ഥിരീകരണം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചാണ് പൊലീസ് മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പറയുന്നതെങ്കിലും വീട്ടുകാർ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഇതേത്തുടർന്ന് മറ്റു നടപടികൾ പൂർത്തിയാക്കി വരികയാണ് ഇന്ത്യൻ അധികൃതർ. പോസ്റ്റുമോർട്ടം നടത്തണമോ വേണ്ടയോ എന്ന് നാട്ടിലെ ബന്ധുക്കളെ സമീപിച്ച് റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് അത് ആവശ്യപ്പെട്ടതും തുടർ നടപടികളിലേക്ക് നീങ്ങിയതും ഇതേത്തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സംഭവത്തിൽ തുടർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മൃതദേഹം ദാരോയിലെ ആശുപത്രിയിൽ നിന്ന് സിബു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.