- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഴ്സിക്കുട്ടിയമ്മേ, ഇനിയും ഒളിച്ചുകളിച്ചാൽ ഞാൻ കൂടുതൽ രേഖകൾ പുറത്തുവിടും; മനോനില തെറ്റിയത് ആർക്കാണെന്ന് കുണ്ടറക്കാർക്കറിയാം; മന്ത്രി ഇപി ജയരാജനും അഴിമതിയിൽ പങ്കുണ്ട്; ആരോപണം ആവർത്തിച്ചു ചെന്നിത്തല
തിരുവനന്തപുരം: അമേരിക്കൻ കമ്പനിക്ക് കേരള തീരത്ത് മത്സ്യബന്ധത്തിന് അനുമതി നൽകിയെന്ന ആരോപണത്തിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മറുപടി പറഞ്ഞതിന് തൊട്ടുപിന്നാലെ നിലപാട് ആവർത്തിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല. ഇനിയും ഒളിച്ചു കളിച്ചാൽ അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു മന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് ചെന്നിത്തലയുടെ വെല്ലുവിളി. മന്ത്രി ഇപി ജയരാജനും അഴിമതിയിൽ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
കോടികളുടെ അഴിമതി നടത്താനാണ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ചെയർമാനായി ടോം ജോസിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയ്ക്ക് മനോനില തെറ്റിയെന്ന മേഴ്സിക്കുട്ടിയമ്മയുടെ പരിഹാസത്തിനു നേരെയും ചെന്നിത്തല ആഞ്ഞടിച്ചു. ആരുടെ മനോനിലയാണ് തെറ്റിയതെന്ന് കുണ്ടറക്കാർക്ക് അറിയാമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കൊല്ലത്ത് ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ ഒരു വൻകിട കുത്തക കമ്പനിക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താൻ അനുമതി നൽകിയെന്നാണ് ചെന്നിത്തല അൽപ്പസമയം മുൻപ് ആരോപിച്ചത്. ഇതിന് തൊട്ടുപിന്നാലെ എല്ലാ ആരോപണങ്ങളേയും നിഷേധിച്ചുകൊണ്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തികച്ചും അസംബന്ധമാണെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. ചെന്നിത്തലയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും എന്തെങ്കിലും വിളിച്ചുപറയൽ സ്ഥിരം സ്വഭാവമായി മാറിയെന്നും മേഴ്സിക്കുട്ടിയമ്മ തുറന്നടിച്ചു. എന്തെങ്കിലും ബോംബ് പൊട്ടിച്ചുകൊണ്ട് നടക്കണമെന്നുള്ള അത്യാർത്തി ഇത് ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
2018ൽ താൻ അമേരിക്കയിൽ പോയത് യുഎന്നുമായുള്ള ചർച്ചക്കായിരുന്നെന്നും ഇടം പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് യുഎൻ ക്ഷണിച്ചിട്ടാണ് പോയതെന്നും മന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ കേരളവുമായി ചർച്ച നടത്തിയതായി അമേരിക്കൻ കമ്പനി തന്നെ സമമ്തിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ലൈസൻസ് നൽകിയിട്ടില്ലെന്ന മന്ത്രിയുടെ ആരോപണത്തിനുനേരെയും ചെന്നിത്തല തിരിച്ചടിച്ചു. ലൈസൻസ് നൽകുന്നത് അവസാനഘട്ടമാണ്. അത് നൽകുന്നത് കേന്ദ്രസർക്കാരാണ്. കേരളം രജിസ്ട്രേഷനും മറ്റുകാര്യങ്ങളും പൂർത്തിയാക്കിയെന്നാണ് തങ്ങൾ ആരോപിച്ചതെന്നും ചെന്നിത്തല വിശദീകരിച്ചു.
സ്പ്രിങ്ളറിനേക്കാളും ഇ മൊബിലിറ്റിയേക്കാളും വലിയ അഴിമതിയാണ് കരാറുമായി ബന്ധപ്പെട്ട് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് അഴിമതിയുടെ ഗൂഢാലോചന നടത്തിയത്. ഇഎംസിസി പ്രതിനിധികളുമായി 2018ൽ ന്യൂയോർക്കിൽ മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തി. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും കേരളത്തിലെ കടലുകളിൽ മത്സ്യബന്ധനം നടത്തും. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഈ അമേരിക്കൻ കമ്പനി കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കി വൻ കൊള്ള നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കൂറ്റൻ കപ്പലുകൾ ഉപയോഗിച്ച് വിദേശ കമ്പനികൾ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും എതിർത്തിട്ടുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇഎംസിസിയുമായി കരാർ ഒപ്പിടുന്നതിന് മുൻപ് ഗ്ലോബൽ ടെൻഡർ വിളിക്കുകയോ എക്സ്പ്രഷൻ ഓഫ് ഇൻടറസ്റ്റ് വിളിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിന്റെ മത്സ്യബന്ധന മേഖല നശിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മത്സ്യത്തൊളിലാളികളുടെ വയറ്റത്തടിക്കുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷധമുണ്ടാകുമെന്നും വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷനേതാവ് ഓർമ്മിപ്പിച്ചു.