തിരുവനന്തപുരം: മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ജി.പ്രജേഷ് സെൻ ആണ് സംവിധാനം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്ജുവുമാണ് പോസ്റ്ററിൽ ഉള്ളത്.

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജു വാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എ ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ചിത്രം നിർമ്മിച്ചിരിക്കുന്നു. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ പ്രൊഡ്യൂസേഴ്‌സ് വിജയകുമാർ പാലക്കുന്ന്, ആൻ സരിഗ. ബി.കെ ഹരിനാരായണന്റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ, സന്തോഷ് കേശവ്, ജിതിൻ രാജ്,ആൻ ആമി എന്നിവർ പാട്ടുകൾ പാടിയിരിക്കുന്നു. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻഎം.