കൊച്ചി: നിവിൻ പോളിക്കൊപ്പം നിന്ന് ഹൈബി ഈഡൻ എംഎൽഎയെ കൊണ്ട് ഫോട്ടോയെടുപ്പ് അത് വേദിയിൽ വച്ച് തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ വിമർശനം കേൾക്കേണ്ടി വന്ന ആലുറ എഎസ്‌പി മെറിൻ ജോസഫ് ഐപിഎസ് വിശദീകരണവും വിമർശകർക്ക് മറുപടിയുമായി രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് മെറിൻ ജോസഫ് ഐപിഎസ് രംഗത്തെത്തെത്തിയത്.

നിവിൻ പോളിക്കൊപ്പം താൻ നിൽക്കുന്ന ഫോട്ടോ ഹൈബി ഈഡൻ എംഎൽഎയെക്കൊണ്ട് എടുപ്പിച്ചത് വിവാദമാക്കിയത് എത്തിക്‌സില്ലാത്ത മാദ്ധ്യമങ്ങളെന്ന് മെറിൻ ജോസഫ് വിമർശിച്ചു. കാര്യമില്ലാതെ താൻ പ്രതികരിക്കാറില്ല. എന്നാൽ ഇക്കാര്യത്തിൽ ഇനിയും വിശദീകരണം വേണ്ടവർക്കായി താൻ പ്രതികരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ആലുവ എഎസ്‌പിയുടെ വിശദീകരണം.

ചിത്രമെടുത്തത് ഹൈബി ഈഡൻ എംഎൽഎ തന്നെയാണ്. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് താൻ ചിത്രമെടുപ്പിച്ചത്. എത്തിക്‌സിന്റെ കണിക പോലുമില്ലാത്ത മാദ്ധ്യമങ്ങൾ അതിന്റെ ദുരൂഹമാക്കി ഓഫീസർമാരുടെ പ്രോട്ടോക്കോൾ നിർവചിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതെന്തിനായിരുന്നുവെന്ന് തനിക്കറിയില്ല. ഇത്തരം ചീപ്പ് വിവാദവൽകരണത്തിന് പിന്നാലെ പോകുന്നവരോടായി തനിക്കുപറയാനുള്ളതെന്നു പറഞ്ഞാണ് മെറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ താൻ അതിഥിയായാണ് പങ്കെടുത്തത്. അവിടെ യാതൊരു ഔദ്യോഗിക ചുമതലകളുമില്ലായിരുന്നു. സമ്മാനദാനത്തിനായി സംഘാടകർ വേദിയൊരുക്കുന്ന ഇടവേളയിലാണ് ചിത്രമെടുത്തത്. പ്രതിജ്ഞചൊല്ലിക്കൊടുക്കുന്ന ചടങ്ങ് അപ്പോഴേക്കും പൂർത്തിയായിരുന്നു. തനിക്ക് ആ ചടങ്ങിൽ ആകെയുണ്ടായിരുന്ന ദൗത്യം അതുമാത്രമായിരുന്നു. ആഭ്യന്തരമന്ത്രിയും മറ്റ് അതിഥികളും അപ്പോഴേക്കും വേദിവിട്ടിരുന്നു. അതിഥിയായെത്തിയ തനിക്ക് അവിടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അപ്പോൾ താനെന്താ വേദിയിൽനിന്നു ചാടണമായിരുന്നോ? അതോ വേദിയിലുള്ളവരെ സല്യൂട്ട് ചെയ്തു നിൽക്കണമായിരുന്നോ? താൻ എന്തോ കൃത്യവിലോപം ചെയ്തു എന്നു കരുതുന്നവരോട് ചോദിക്കാനുള്ളത് ഏതു നിയമമാണ് വെറുതേ ഇരിക്കുമ്പോൾ ഫേസ്‌ബുക്കിൽ ഫോട്ടോ അപ് ലോഡ് ചെയ്യരുതെന്ന് അനുശാസിക്കുന്നതെന്നാണ്. ചടങ്ങു തടസപ്പെടുത്തുകയോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ സംഘാടകർക്ക് സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. അന്നേരം, മറ്റൊരു പണിയുമില്ലാതിരുന്ന ചാനൽ റിപ്പോർട്ടറുടെ ശ്രദ്ധ തന്റെ മേൽ പതിയുകയായിരുന്നു. ഇത്തരത്തിൽ തരം താഴുന്നരീതിയിൽ മാദ്ധ്യമപ്രവർത്തനം നടത്തുന്നവരോട് പുച്ഛമാണ് തോന്നുന്നത്. ഇത്തരക്കാരുടെ ഉപജീവനത്തിന് ഇതു മാത്രമാകരുതേ എന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്നും മെറിൻ പോസ്റ്റിൽ പറയുന്നു.

എറണാകുളം സെന്റ് തെരേസാസ് കോളജിൽ, പത്താംക്ലാസിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് ഹൈബി ഈഡൻ എംഎൽഎയെക്കൊണ്ട് മെറിൻ ഫോട്ടോ എടുപ്പിച്ചത്. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ മെറിന് മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കേണ്ടി വന്നിരുന്നു. നിവിൻ പോളിക്കൊപ്പം നിൽക്കുന്ന ചിത്രം വിവിധ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. തുടർന്ന് മെറിൻ ജോസഫിന്റെ ഫോട്ടോയെച്ചൊല്ലി നിരവധി ചർച്ചകളും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാളുകൾക്കു ശേഷം മെറിൻ വിശദീകരണവുമായി വന്നിരിക്കുന്നത്.

മെറിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

Why didn't I react so far to the so-called controversy caused over my photo with Mr. Nivin Pauly at the MLA function in...

Posted by Merin Joseph on Thursday, July 16, 2015