കൊച്ചി: സൗന്ദര്യം കൂടിയത് ഒരു ശാപമാണോ എന്ന് മെറിൻ ജോസഫ് ഐപിഎസ് ഇപ്പോൾ സ്വയം ചോദിക്കുന്നുണ്ടാകും. അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും ഒന്നിനും പിറകേ മറ്റൊന്നായി വിവാദങ്ങളിൽ ചാടുകയാണ് കൊച്ചി എഎസ്‌പി മെറിൻ ജോസഫ് ഐപിഎസ്. കൊച്ചിയിൽ ചുമതലയേൽക്കും മുമ്പ് വിവാദത്തിൽ ചാടിയ മെറിൻ പിന്നീട് വിവാദത്തിലായത് നിവിൻപോളിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിലാണ്. ജൂനിയർ ഐപിഎസുകാരി പ്രോട്ടോക്കോൾ തെറ്റിച്ചെന്ന ആരോപണം ശക്തമായി ഉയർന്നപ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളെ നിശിതമായി വിമർശിച്ചാണ് മെറിൻ രംഗത്തെത്തിയത്. ഇതോടെ മെറിൻ ജോസഫിനെതിരെ തിരിഞ്ഞു ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മെറിന്റെ ചിത്രങ്ങൾ പൊക്കിക്കൊണ്ടുവന്ന് അവരെ വിമർശിക്കുകയാണ് ചിലർ.

കൊച്ചിയിൽ നടന്ന ചടങ്ങിലെ ഒരു ചിത്രം ചൂണ്ടിയാണ് മെറിനെ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങിൽ വേദിയിലെ മറ്റുള്ളവർക്കൊപ്പം ഇരുന്നപ്പോൾ ഉദ്യോഗസ്ഥ കാലിന്മേൽ കാൽകയറ്റി ഇരുന്നത് തെറ്റായെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ വിമർശനം. ഋഷിരാജ് സിംഗിനെ കണ്ടുപഠിക്കുകയാണോ മെറിൻ ജോസഫ് എന്നും ഇവർ വിമർശിക്കുന്നു. മെറിനൊപ്പം വേദിയിൽ ഇരുന്നവർ ചെന്നിത്തലയെ കൂടാതെ കലക്ടർ രാജമാണിക്യം, ഹൈബി ഈഡൻ എംഎഎൽഎ, പിഎസ്ഇ ചെയർമാൻ ഡോ. രാധാകൃഷ്ണൻ തുടങ്ങിയവർ ആയിരുന്നു. ഇവരൊക്കെ ഇരുന്ന വേദിയിലാണ് മെറിൻ കാലിന്മേൽ കാൽ കയറ്റിയിരുന്നത്. ഇതോടെ മെറിൻ ജോസഫിന്റെ നടപടി ശരിയാണോ എന്ന് ചോദിച്ച് ഫോട്ടോഷോപ്പ് പ്രചരണവുമായി രംഗത്തെത്തി ചിലർ.

അതേസമയം ഇത് ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയവരെ വിമർശിച്ചും നിരവധി പേർ ഫേസ്‌ബുക്കിലൂടെ എത്തി. അനാവശ്യമായ വിവാദമാണ് ഇതെന്നാണ് മെറിനെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. വീക്ഷണം പത്രത്തിലെ മുൻ ലേഖകൻ കൂടിയായ ജിബി സദാശിവൻ മെറിനെ വിമർശിച്ചുകൊണ്ട് പോസ്റ്റിട്ടിരുന്നു. ഐപിഎസ് ട്രെയിനിക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചാണ് ജിബി സദാശിവൻ ഫേസ്‌ബുക്കിൽ എഴുതിയത്. ജിബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ഐ പി എസ് ട്രെയിനിക്കെന്താ കൊമ്പുണ്ടോ?
വനിതാ ഐ പി എസ് ട്രെയിനി ആയതുകൊണ്ട് ആരോടും ബഹുമാനവും ആദരവും വേണ്ടെന്നുണ്ടോ? ഇവർക്ക് പൊലീസ് മാന്വൽ ബാധകമല്ലേ.. പ്രതികരിക്കെണ്ടെന്നു കരുതിയതാ . പക്ഷെ ഓരോ ദിവസവും അനുകൂലിച്ച് പോസ്സ്റ്റുകൾ ഇടുന്നവരുടെ എണ്ണം കൂടുകയും മാദ്ധ്യമപ്രവർത്തകരുടെ നെഞ്ചത്ത് പൊങ്കാല ഇടുകയും ചെയ്യുന്നത് കണ്ടു സഹികെട്ട് ഇടുന്ന പോസ്റ്റ് ആണിത്.

ചാനലുകളിലെ ആക്ഷേപ ഹാസ്യ പരിപാടികൾ രാഷ്ട്രീയത്തിനതീതമായി നാമെല്ലാം ആസ്വദിക്കുന്നതാണ്. പ്രധാനമന്ത്രി മുതൽ താഴേക്ക്, മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ എല്ലാവരെയും ഈ പരിപാടിയിൽ കളിയാക്കാറുണ്ട്. അത് പോലെ തന്നെയാണ് മെറിൻ ജോസഫ് എന്ന ഐ പി എസ്‌കാരി നിവിൻ പോളിയുടെ ഒപ്പം നിന്ന് എം എൽ എ യെ കൊണ്ട് ഫോട്ടോ എടുപ്പിച്ചത്. അത് അതിന്റേതായ രീതിയിൽ കണ്ടാൽ മതിയായിരുന്നു. പക്ഷെ പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസിനെ കണ്ടിട്ടാണോ എന്തോ ഈ ഐ പി എസ് കാറി കൊച്ച് ഫെസ് ബുക്കിലൂടെ മാദ്ധ്യമങ്ങളെ മുഴുവൻ തെറി പറഞ്ഞു. സ്വാഭാവികമായും അത് വിവാദമായി.

ഇനി മറ്റൊരു കാര്യം പറയാം. ആ പരിപാടിയിൽ ആഭ്യന്തര മന്ത്രി വേദിയിലിരിക്കെ,ജില്ലാ കളക്ടറും നഗരപിതാവും പി എസ് സി ചെയർമനുമടക്കം വേദിയിലിരിക്കെ എസ് പിയും സിറ്റി പൊലീസ് കമ്മീഷണറും ഉൾപ്പെടെ താഴെയിരിക്കെ പൊലീസ് യൂണിഫോം ധരിച്ച് കാലിൻ മേൽ കാൽ കയറ്റി വച്ചിരിക്കുന്നത് പ്രോട്ടോക്കോൾ ലംഘനം ആണോ എന്ന് എനിക്ക് തീർച്ചയില്ല ; പക്ഷെ മര്യാദകേടും വിവരമില്ലയ്മയുമാണ്. അവിടെ ഉണ്ടായിരുന്ന പല പൊലീസ് ഓഫീസർമാരും ഇത് പരിചയമുള്ള മാദ്ധ്യമ പ്രവർത്തകരെ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല പൊലീസ് മാന്വൽ അനുസരിച്ച് തൊപ്പി ധരിച്ചാൽ മുടി പുറത്ത് കാണരുത്. പക്ഷെ ഈ കൊച്ചു മുടി ക്രോപ് ചെയ്ത് മൂന്ന് വശത്തേക്കും ഇട്ട് അതിൽ അലങ്കാര തൊപ്പി വെയ്ക്കും പോലെയാണ് തൊപ്പി ധരിക്കുന്നത്. ഈ ഐ പി എസ് കാരി കൊച്ചിനെന്താ കൊമ്പുണ്ടോ?

ഇതും പല മുതിർന്ന പൊലീസ് ഒഫീസർമാർ മാദ്ധ്യമപ്രവർത്തകരോട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പിറ്റേ ദിവസത്തെ പത്രങ്ങളിലൊന്നും ആരും ഇതൊരു വാർത്ത ആക്കിയില്ലല്ലോ.. ദൃശ്യമാദ്ധ്യമങ്ങളൊന്നും ഇത് വാർത്ത ആക്കിയില്ലല്ലോ. ൂണിഫോം ധരിച്ച പൊലീസ് സേനാംഗങ്ങൾ സേനയുടെ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാതെ ആർക്കും പ്രത്യേക പരിരക്ഷ കിട്ടില്ല. ഇപ്പൊ ദേ വിശദീകരണം ആയി... വിവാദം ആയി. സ്വയം വരുത്തി വച്ചതല്ലേ...

അഹങ്കാരം ആർക്കും നന്നല്ല...ഇനിയെങ്കിലും തെറ്റ് മനസിലാക്കുക. ഒരു മിടുമിടുക്കിയായ പൊലീസ് ഓഫീസർ ആകാൻ എന്റെ ഭാവുകങ്ങൾ.. പ്രാർത്ഥനകൾ... സംസ്ഥാനത്തെ മികച്ച പൊലീസ് ഒഫീസ്സർ ആകാൻ മെറിൻ ജോസഫിന് കഴിയട്ടെ...
താണ നിലത്തെ നീരോടൂ; അവിടെ ദൈവം തുണയുള്ളൂ...

ഐ പി എസ് ട്രെയിനിക്കെന്താ കൊമ്പുണ്ടോ ?വനിതാ ഐ പി എസ് ട്രെയിനി ആയതുകൊണ്ട് ആരോടും ബഹുമാനവും ആദരവും വേണ്ടെന്നുണ്ടോ? ഇവ...

Posted by Jibi Sadasivan on Friday, July 31, 2015

നേരത്തെ നിവിൻ പോളിയോടൊപ്പം നിന്ന് എ.എസ്‌പി മെറിൻ ജോസഫ് ഐ.പി.എസ് ഫോട്ടോയെടുത്ത സംഭവത്തിൽ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കടുത്ത നടപടികളുണ്ടാകില്ലെങ്കിലും യുവ ഐപിഎസുകാരിക്ക് താക്കീതും ശാസനയുമെങ്കിലും നൽകുമെന്നാണ് സൂചന. പൊലീസിന്റെ അന്തസ്സിന് ചേരാത്ത പ്രവർത്തനങ്ങൾ ഇനി ഉണ്ടാകരുതെന്ന കർശന നിർദ്ദേശവും നൽകും. ഫോട്ടോ എടുത്തതുമാത്രമല്ല മെറിനെതിരായ കുറ്റം. യൂണിഫോം ധരിക്കുമ്പോൾ വേണ്ട ഡ്രെസ് കോഡ് ഉപയോഗിച്ചില്ലെന്നാണ് വിമർശനം.

യൂണിഫോമിൽ നിൽക്കുമ്പോൾ തലമുടി കെട്ടിവയ്ക്കണമെന്നാണ് ചട്ടം. നിവിൻ പോളിക്കൊപ്പം ചടങ്ങിനെത്തിയപ്പോൾ മുടി അഴിച്ചിട്ട നിലയിലായിരുന്നു. ഇതും ഐപിഎസുകാരിക്ക് തിരിച്ചടിയാണ്. ആ വിഷയത്തിൽ ഡി.ജി.പിയോട് ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാൽ ഉടൻ നടപടിക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. എഡിജിപി ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്തില്ലെന്ന വിവാദം കത്തുമ്പോഴാണ് മെറിന്റെ ഫോട്ടോ എടുക്കലും ചർച്ചയായത്. കൊച്ചിയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് നിവിൻ പോളിയോടൊപ്പം നിന്ന് ചിത്രമെടുത്തത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.