വാഷിങ്ടൺ: ഓർമയില്ലേ, സ്റ്റീവ് ഹാർവെ എന്ന അവതാരകനെ. വിശ്വസുന്ദരി മത്സരത്തിൽ വിജയിയെ തെറ്റിച്ചുപറഞ്ഞു വാർത്തകളിൽ ഇടംപിടിച്ച അവതാരകനെ.

വീണ്ടും ഒരു അബദ്ധത്തിൽ കൂടി വാർത്തകളിൽ നിറയുകയാണ് ഈ അവതാരകൻ. ക്രിസ്മസ് ആശംസയ്ക്കു പകരം ഈസ്റ്റർ ആശംസകൾ എന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് അമേരിക്കൻ നടൻ കൂടിയായ ഇയാൾ വാർത്തകളിൽ നിറഞ്ഞത്.

ഹാർവെയ്ക്കു പറ്റിയ അബദ്ധമെന്ന നിലയിൽ സോഷ്യൽ മീഡിയയും മാദ്ധ്യമങ്ങളും ഇത് ആഘോഷിക്കുകയാണ്. വിശ്വ സുന്ദരി ലോക സൗന്ദര്യ മത്സരത്തിൽ മിസ് യൂണിവേഴ്‌സിനെ തെറ്റായി പ്രഖ്യാപിച്ച അമേരിക്കൻ നടനും അവതാരകനുമായ സ്റ്റീവ് ഹാർവേയ്ക്ക് വീണ്ടും അബദ്ധം എന്നാണു വാർത്തകൾ.

ക്രിസ്തുമസിന് പകരം ഈസ്റ്റർ ആശംസിച്ച സ്റ്റീവ് സമാധാനത്തിന്റെ ഒരു സിമ്പലും പിടിച്ച് നിന്ന് പുകവലിക്കുന്ന ചിത്രത്തിനൊപ്പമാണ് മെറി ഈസ്റ്റർ എന്ന് കുറിച്ചത്. ട്വിറ്ററിലൂടെ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തു.

കഴിഞ്ഞ 20ന് നടന്ന വിശ്വ സുന്ദരി മത്സരത്തിൽ അവതാരകനായിരുന്ന സ്റ്റീവിന് അബദ്ധം പറ്റിയിരുന്നു. ആദ്യം മിസ് കൊളമ്പിയയെ വിജയിയായി പ്രഖ്യാപിക്കുകയും പിന്നീട് മിസ് ഫിലിപ്പീൻസാണ് വിജയിയെന്നും തനിക്ക് തെറ്റുപറ്റിയതാണെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു. വമ്പൻ ചർച്ചകൾക്ക് വഴിവച്ച സംഭവത്തിന്റെ ചൂടാറുന്നതിന് മുമ്പാണ് സ്റ്റീവ് ഹാർവേയ്ക്ക് വീണ്ടും അബദ്ധം പറ്റിയിരിക്കുന്നത്.

എന്നാൽ, ഇതു മനഃപൂർവം ചെയ്തതാണെന്നും പബ്ലിസിറ്റിക്കു വേണ്ടിയുള്ള വിലകുറഞ്ഞ മാർഗങ്ങളാണിതെന്നുമാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. നടന്റെ തമാശ മാത്രമാണിതെന്നും ആരാധകർ വാദിക്കുന്നുണ്ട്.