തിരുവനന്തപുരം: 300ൽ അധികം തീയറ്ററുകളിലെത്തിയ ഇളയ ദളപതി വിജയ് ചിത്രം മെർസൽ കേരളത്തിലെ ആദ്യ ദിന കളക്ഷനിൽ നിന്ന് മാത്രം നേടിയത് 6.11 കോടി രൂപയാണ്. 6.27 കോടി ആദ്യ ദിനം നേടിയ ബാഹുബലി 2 മാത്രമാണ് വിജയിക്ക് മുന്നിലുള്ളത്.130 കോടി രൂപ മുതൽ മുടക്കിൽ തെണ്ട്രൽ ഫിലിംസ് നിർമ്മിച്ച ചിത്രം വിജയിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകാൻ ഒരുങ്ങുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത മെർസൽ കേരളത്തിൽ വലിയ പ്രതീക്ഷയോടെയാണ് റിലീസ് ചെയ്തത്.

180 ലധികം ഫാൻസ് ഷോകൾ നടത്തി റെക്കോർഡ് ഇട്ടു കൊണ്ട് ആരംഭിച്ച മെർസൽ മികച്ച അഭിപ്രായം നേടിയാണ് മുന്നോട്ട് കുതിക്കുന്നത്. കേരളത്തിൽ വലിയ ആരാധക വൃന്ദമുള്ള വിജയുടെ മുൻ ചിത്രമായ ഭൈരവയുടെ പരാജയം മറക്കുന്നതാണ് മെർസലിന്റെ ഈ വിജയക്കുതിപ്പ.

നിരവധി പ്രതിസന്ധികൾക്ക് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. അനുമതിയില്ലാതെ ചിത്രത്തിൽ മൃഗങ്ങളെ ഉപയോഗിച്ചുവെന്ന് കാട്ടി ദേശീയ മൃഗ സംരക്ഷണ ബോർഡ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് മൂലം മെർസലിന്റെ റിലീസ് തീയ്യതി നീണ്ടുപോയിരുന്നു.ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇതിന് മുമ്പും വിജയ് ചിത്രത്തിന് റിലീസിങ്ങ് സമയത്ത് നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു.

ഇന്ത്യ ഒട്ടാകെ 2500ഓളം സ്‌ക്രീനുകളിലാണ് മെർസൽ എത്തിയത്. ലോകമെമ്പാടുമുള്ള 3300 സ്‌ക്രീനിൽ മെർസൽ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം 31.3 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ആകെ ആദ്യദിനം വാരിക്കൂട്ടിയിരിക്കുന്നത്.ചെന്നൈയിൽ നിന്ന് മാത്രം 1.52 കോടിയാണ് ആദ്യദിനം ചിത്രത്തിന് ലഭിച്ചത് . 1.21 കോടിയായിരുന്നു വിവേകത്തിനേയും കബാലി 1.12 കോടി കബാലിയേയുമാണ് ചിത്രം മറി കടന്നത്.

ഡോ മാരൻ, മജിഷ്യൻ വെട്രി, ദളപതി എന്നീ മൂന്ന് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. പഞ്ച് ഡയലോഗുകളും ഹിറ്റ് പാട്ടുകളും, സംഘട്ടനങ്ങളും ചിത്രത്തിൽ ഉണ്ട്. സാമന്ത, നിത്യാമേനോൻ, കാജോൾ അഗർവാൾ എന്നിവരാണ് നായികമാരായി എത്തിയത്. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തിൽ വടി വേലു, കോവൈ സരള എന്നിവർ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.