വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന വിജയ് ചിത്രം മെർസലിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചിത്രത്തിന്റെ ടീസർ പുറത്തുവന്ന് 24 മണിക്കൂറിനകം തന്നെ ചിത്രം സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവ് വിജയ് ആരാധകരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മെർസൽ എന്ന പേരിൽ ചിത്രത്തിന്റെ പരസ്യം, വിതരണം, റിലീസ് എന്നിവ പാടില്ലെന്ന് കോടതി അറിയിച്ചു.

മെർസൽ എന്ന ടൈറ്റിൽ ഒരു കാരണവശാലും ഒക്ടോബർ 3 വരെ ഉപയോഗിക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല വിധി. ഏആർ ഫിലിം ഫാക്ടറിയുടെ എ രാജേന്ദ്രൻ ആണ് ഹർജി നൽകിയിരുന്നത്. 2015ൽ താൻ മേർസൽ ആയിട്ടേൻ എന്ന ടൈറ്റിലിൽ സിനിമ ആരംഭിച്ചിരുന്നു എന്നും അതു കൊണ്ട് മേർസൽ എന്ന ടൈറ്റിൽ ഉപയോഗിക്കരുതെന്നുമാണ് ഹർജി. ഈ ഹർജിയിൻ മേലാണ് കേസ് പരിഗണിച്ചപ്പോൾ ഇടക്കാല വിധി പുറപ്പെടുവിച്ചത്. ഒക്ടോബർ 3നു ശേഷം നിർമ്മാതാവിന്റെ നിലപാട് അറിഞ്ഞതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവു.

ചിത്രത്തിന്റെ ടീസർ വ്യാഴാഴ്‌ച്ചയാണ് പുറത്തുവന്നത്. പുറത്തുവന്ന് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് ടീസർ കണ്ടത്. യുട്യൂബിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച വീഡിയോ എന്നിങ്ങനെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറവെ ഉണ്ടായ നടപടിയെക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു മിനിറ്റും 15 സെക്കന്റ് ദൈർഘ്യമുള്ളതുമാണ് ടീസർ. ടീസറിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് വിജയ് ആണ്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്കും വൻ വരവേൽപാണ് ആരാധകർ നൽകിയത്. അറ്റ്ലിയാണ് മെർസലിന്റെ സംവിധായകൻ. അറ്റ്ലിയുടെ പിറന്നാൾ ദിവസമാണ് ടീസർ പുറത്തുവിട്ടത്. തെരിക്കുശേഷം വിജയ്യെ നായകനാക്കിയുള്ള അറ്റ്ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്.

സാമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഏആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീ തേനണ്ട്രൽ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ ഹൗസിന്റെ നൂറാമത് ചിത്രമാണ് മെർസൽ. വിജയുടെ സൂപ്പർഹിറ്റ് ചിത്രമായ ഖുഷിയുടെ സംവിധായകൻ എസ് ജെ സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്.