കുവൈത്ത് സിറ്റി : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ കുവൈത്തിൽ നടത്തുവാൻ പരിശ്രമിച്ച ഇന്ത്യൻ എംബസിയേയും അംബാസിഡർ സിബി ജോർജ്ജിനേയും എംഇഎസ് കുവൈത്ത് അഭിനന്ദിച്ചു.

വർഷങ്ങളായി വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടന്നിരുന്നില്ല. കുവൈത്തിലെ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽനിന്ന് പരീക്ഷക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും പുതിയ തീരുമാനത്തോടെ കുവൈത്തിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമായെന്നും എംഇഎസ് അഭിപ്രായപ്പെട്ടു. മലയാളം അടക്കമുള്ള 13 ഭാഷകൾ ഉൾപ്പെടുത്തി നീറ്റ് പരീക്ഷ ആദ്യമായാണ് നടത്തുന്നത്. ഈ വർഷം ആദ്യത്തിൽ ജെഇഇ പരീക്ഷയും കുവൈത്തിൽ നടത്തിയിരുന്നു. മിഡിൽ ഈസ്റ്റ് വിദ്യാർത്ഥികൾക്കായി കുവൈത്തിൽ മാത്രമാണ് പരീക്ഷ കേന്ദ്രം അനുവദിച്ചത്.