മാഡ്രിഡ്: ലെയണൽ മെസിയുടെ കരുത്തിൽ സ്പാനിഷ് ലാലിഗയിലെ ഇത്തവണത്തെ ഏറ്റവും മികച്ച പോരാട്ടത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിനെ വീഴ്‌ത്തി ബാഴ്സിലോണയ്ക്ക് തകർപ്പൻജയം. റയലിന്റെ തട്ടകമായ മാഡ്രിഡിൽ നടന്ന പോരാട്ടത്തിൽ റയലിന്റെ രണ്ടിനെതിരേ മൂന്ന് ഗോളുകളുടെ വിജയമാണ് ബാഴ്സ ആഘോഷിച്ചത്. മെസ്സിയുടെ ഇരട്ടഗോളാണ് കളിയുടെ ഹൈലൈറ്റ്.

റാകിട്ടിച്ചാണ് ബാഴ്‌സയുടെ മൂന്നാം ഗോൾ നേടിയത്. മറുവശത്ത് കാസിമിറോയും ജെയിംസ് റോഡ്രിഗ്രസും റയലിനായി സ്‌കോർ ചെയ്തു. കളിയുടെ അവസാന സെക്കന്റിലാണ് മെസ്സി കുറിച്ചത് തന്റെ 500 ാം ഗോളായിരുന്നു. ബാഴ്സയുടെ ന്യൂകാമ്പിൽ നടന്ന ആദ്യ മത്സരം സമനിലയിലായിരുന്നു. കളിയുടെ അവസാന സെക്കന്റുകളിൽ മെസ്സി നേടിയ ഗോളാണ് കളി നിർണ്ണയിച്ചത്.

ബാഴ്സ നേടിയ ഈ വിജയം ലാലിഗയിലെ കിരീടപോരാട്ടം കടുത്തതാക്കി. പോയിന്റു പട്ടികയിൽ റയലിനൊപ്പം എത്തിയ അവർ ഒന്നാമതായി. ബാഴ്‌സ 33 മത്സരങ്ങളിൽ 75 പോയിന്റ് നേടിയപ്പോൾ റയലിന് 32 മത്സരങ്ങളിൽ 75 പോയിന്റുണ്ട്. ബാഴ്സയേക്കാൾ ഒരു മത്സരം കുറച്ചു കളിച്ചത് റയലിന് നേട്ടമാണ്.