മോസ്‌കോ: റഷ്യയിൽ 2018ൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ബഹിരാകാശത്തുവച്ചാണ് ലോഗോ ആദ്യം പ്രകാശനംചെയ്തത്. പിന്നീട് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ലോഗോയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ഇക്കൊല്ലം ബ്രസീലിൽ നടന്ന ലോകകപ്പിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം അർഹിച്ചിരുന്നില്ലെന്ന് ലോഗോ പ്രകാശനച്ചടങ്ങിൽ സെപ് ബ്ലാറ്റർ തുറന്നടിച്ചു.

ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ വച്ച് ബഹിരാകാശ ശാസ്ത്രജ്ഞരായ എലേന സെറോവ, അലക്‌സാണ്ടർ സോവോകുട്ടയേവ്, മാക്‌സിം സുറൈവേഴ്‌സ് എന്നിവർ ചേർന്നാണ് റഷ്യൻ ലോകകപ്പിന്റെ ലോഗൊ ആദ്യം പ്രകാശനം ചെയ്തത്. പിന്നീട് മോസ്‌കോയിലെ ബോൾഷോയ് തിയറ്ററിലെ ഫുട്‌ബോൾ ഗ്രൗണ്ടിന്റെ മാതൃകയിൽ രൂപകൽപന ചെയ്ത സ്റ്റുഡിയോയിൽവച്ച് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഫുട്‌ബോൾ ലോകത്തിന് മുമ്പാകെ ഔദ്യോഗിക ലോഗോ പ്രദർശിപ്പിച്ചു.

ചുവപ്പ് പശ്ചാത്തലത്തിൽ റഷ്യൻ പതാകയുടെ മാതൃകയിൽ പൊതിഞ്ഞ സുവർണ ലോകകപ്പാണ് 2018 ലോകമേളയുടെ ലോഗോ. റഷ്യയുടെ ഹൃദയത്തിന്റെയും ആത്മാവിനെയും പ്രതിനിധീകരിക്കുന്നതാണ് ലോഗോയെന്ന് സെപ് ബ്ലാറ്റർ പറഞ്ഞു. ഉക്രൈയ്‌നിലെ സംഘർഷം കാരണം ലോകകപ്പിന്റെ വേദി റഷ്യയിൽ നിന്ന് മാറ്റില്ലെന്നും ബ്ലാറ്റർ പറഞ്ഞു. 2018 ജൂണിൽ തുടങ്ങുന്ന ലോകകപ്പ് റഷ്യയിലെ 11 നഗരങ്ങളിലായാണ് നടക്കുക. ചരിത്രമുറങ്ങുന്ന മോസ്‌കോയിലെ ലൂഷ്‌നിക്കി സ്റ്റേഡിയത്തിലാവും ഫൈനൽ നടക്കുന്നത്.

മെസിയുടെ നേതൃത്വത്തിൽ അർജന്റീന ഫൈനൽ വരെ എത്തിയെങ്കിലും മെസിയായിരുന്നില്ല മികച്ച താരമെന്ന് ചടങ്ങിൽ ബ്ലാറ്റർ തുറന്നടിച്ചു. മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനു ഫൈനൽ കളിക്കുന്ന ടീമിലെ പത്തു പേരെ മാത്രമാണ് പരിഗണിക്കൂ എന്ന് ലോകകപ്പ് കമ്മിറ്റി മുൻകൂട്ടി അറിയിച്ചിരുന്നു. പക്ഷേ പുരസ്‌കാരം മെസി അർഹിച്ചിരുന്നില്ല. മെസിക്ക് ഗോൾഡൻ ബോൾ നൽകാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ബ്ലാറ്റർ പറഞ്ഞു.