രാജകീയ പ്രൗഢിയിൽ ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസി വിവാഹിതനായി. കൂട്ടുകാരിയും തന്റെ രണ്ട് മക്കളുടെ അമ്മയുമായ അന്റോണെല്ലോ റൊക്കൂസോയെയാണ് താരം ജീവിതപങ്കാളിയാക്കിയത്. റൊസാരിയോ സിറ്റി സെന്റർ ഹോട്ടലിൽ വച്ചായിരുന്നു മെസിയുടെ വിവാഹം. അതേസമയം അർജന്റീനയിലെ മാധ്യമങ്ങൾ ഇപ്പോൾ ചർച്ചയാക്കിയിരിക്കുന്നത് മെസിയുടെ അമ്മ സെലിയ മരിയ ക്യുക്കറ്റിണിയുടെ വസ്ത്രധാരണത്തെ കുറിച്ചാണ്.

വധു ധരിക്കാറുള്ള വെള്ള ഗൗൺ ധരിച്ചാണ് സെലിയ മകന്റെ വിവാഹ ചടങ്ങിനെത്തിയത്. അന്റോനെല്ലയെ മെസി വിവാഹം ചെയ്യുന്നതിൽ സെലിയയ്ക്ക് താൽപര്യമില്ലെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് സെലിയ വധുവിന് സമാനമായരീതിയിൽ വസ്ത്രംധരിച്ചെത്തിയത്.

വിവാഹം നടന്ന ഹോട്ടലിന്റെ രണ്ടു നിലകളാണ് മെസി ബുക്ക് ചെയ്തിരുന്നത്. അതിൽ ഒന്ന് സെലിയയുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും മറ്റേത് അന്റോനെല്ലയുടെ കുടുംബത്തിന് വേണ്ടിയുമായിരുന്നു. ഇതുതന്നെ ഇരുകുടുംബങ്ങളും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണെന്നാണ് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനയിൽ വെളുത്ത വസ്ത്രംധരിച്ച് വിവാഹത്തിനെത്തുന്നത് വധുവിനോടുള്ള എതിർപ്പ് വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തിൽ സെലിയ മരുകളോടുള്ള നീരസം പ്രകടിപ്പിക്കയായിരുന്നെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്.

ഫുട്ബോൾ രാജകുമാരന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ മെസിയുടെയും അന്റോണെല്ലോ റൊക്കൂസോയുടെയയും മക്കളായ നാലു വയസുകാരൻ തിയാഗോ മെസിയും ഒരു വയസുകാരൻ മത്തേയോ മെസിയും ഉണ്ടായിരുന്നു എന്നതാണ് വിവാഹത്തിന്റെ മറ്റൊരു കൗതുകം.

അർജന്റീനയിലെ റൊസാരിയോ നഗരത്തിലെ പ്രധാന ഹോട്ടലുകളിലൊന്നായ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു വിവാഹം. ഇരുവരുടെയും കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇരുനൂറ്റി അൻപതോളം പേർക്കാണ് വിവാഹച്ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.

ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബാർസയുടെ സൂപ്പർ താരങ്ങളെല്ലാം അണിനിരന്നു. യുറഗ്വായ് പോപ് സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിവാഹച്ചടങ്ങുകൾ നടന്നത്.