- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസി മാജിക്കിൽ പിറന്നത് രണ്ട് ഗോൾ; നെയ്മറിന് പന്ത് മറിച്ചു നൽകി മൂന്നാം ഗോളിന് വഴിയുമൊരുക്കി; ചാമ്പ്യൻലീഗ് സെമയിൽ ബയേൺ മ്യൂണിക്കിനെ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു
ബാഴ്‌സലോണ: മെസി മാജിക്കിനെ തടഞ്ഞു നിർത്താൻ ബയേൺ മ്യൂണിക്കിനായില്ല. വാശിയേറിയ പോരാട്ടം പോലും നടത്താതെ ബയേൺ ബ്യൂണിക് തോൽവി സമ്മതിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ജർമ്മൻ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ തകർത്തത്. രണ്ട് ഗോളുകളുമായി മെസി കരുത്തു കാട്ടി. മൂന്നാം ഗോളിനായി നെയ്മർക്ക് അവസരമൊരുക്കിയതും മെസിയുടെ മി
ബാഴ്‌സലോണ: മെസി മാജിക്കിനെ തടഞ്ഞു നിർത്താൻ ബയേൺ മ്യൂണിക്കിനായില്ല. വാശിയേറിയ പോരാട്ടം പോലും നടത്താതെ ബയേൺ ബ്യൂണിക് തോൽവി സമ്മതിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ജർമ്മൻ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ തകർത്തത്. രണ്ട് ഗോളുകളുമായി മെസി കരുത്തു കാട്ടി. മൂന്നാം ഗോളിനായി നെയ്മർക്ക് അവസരമൊരുക്കിയതും മെസിയുടെ മിന്നും പാസാണ്. അങ്ങനെ പഴയ പരിശീലകനായ ഗ്ലാഡിയോളയുടെ ടീമിനെതിരെ ബാഴ്‌സയെ മുന്നിൽ നിന്ന് നയിച്ച് മെസി താരവുമായി.
മൽസരത്തിന്റെ അവസാന 13 മിനിറ്റിലായിരുന്നു ഗോളുകളെല്ലാം. സൂപ്പർ താരങ്ങളായ ലയണൽ മെസിയുടെ ഇരട്ട ഗോളുകളും (77, 80 മിനിറ്റുകളിൽ) നെയ്മറിന്റെ 93ാം മിനിറ്റിലെ ഗോളുമാണ് മൽസരഫലം ബാഴ്‌സയ്ക്ക് അനുകൂലമാക്കിയത്. ഇതോടെ സീസണിൽ മെസി-നെയ്മർ-സുവാരസ് സഖ്യത്തിന്റെ ഗോൾനേട്ടം 111 ആയി. ഈ മാസം 12ന് ബയേണിന്റെ തട്ടകത്തിലാണ് സെമിയുടെ രണ്ടാം പാദം. അവിടെ ചുരുങ്ങിയത് നാലു ഗോളിനെങ്കിലും ജയിച്ചെങ്കിലേ ബയേണിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
ബാഴസയുടെ ഗോളടിയന്ത്രങ്ങളായ മെസിയേയും നെയ്മറിനേയും സുവാരസിനെയും പ്രതിരോധത്തിൽ പിടിച്ചു നിർത്താനായിരുന്നു ബയേണിന്റെ ശ്രമം. ആദ്യ പകുതിയിൽ അത് ഫലിക്കുകയും ചെയ്തു. കൃത്യമായ മാർക്കിങ്ങുമായി ത്രിമൂർത്തികളെ അവർ തടഞ്ഞു നിറുത്തി. ഇതിനിടെയിൽ ഗോളെന്ന് തോന്നുന്ന പല അവസരങ്ങളും ബാഴ്‌സലോണ കളഞ്ഞു കുളിച്ചു. ഒടുവിൽ മിശിഹാ അവതരിച്ചു. എഴുപത്തിയേഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ എണ്ണം പറഞ്ഞ ആദ്യ ഗോൾ. ഇടതു പാർശ്വത്തിൽ നിന്ന് ഡാനി ആൽവസ് തള്ളിക്കൊടുത്ത പന്ത് ഡിഫൻഡർമാരുടെ ഇടയിലൂടെ നെറ്റിലേയ്ക്ക് പായിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല മെസ്സിക്ക്. ചാമ്പ്യൻസ് ലീഗിലെ മെസ്സിയുടെ എഴുപത്തിയാറാം ഗോൾ. പ്രതിഭയുടെ സ്പർശം കൊണ്ട് മാത്രം നേടാനാവുന്ന ഗോൾ.
നെയ്മറെ അതിന് മുമ്പ് പെനാൽട്ടി ബോക്‌സിൽ ഫൗൾ ചെയ്തിരുന്നു. എന്നാൽ പെനാൽട്ടി അനുവദിക്കാതെ കളി തുടരാനായിരുന്നു റഫറിയുടെ നിർദ്ദേശം. ഇതിനിടെയിൽ ബയേണിന്റെ പ്രതിരോധം പാളി. ഈ അവസരമാണ് മെസിയുടെ മാജിക്ക് മുതലെടുത്തത്. പിന്നീട് വീണ്ടും മെസി വല ചലിപ്പിച്ചു. അസാധാരണ പ്രതിഭയ്ക്ക് മാത്രം സാധ്യമാകുന്ന തരത്തിലായിരുന്നു രണ്ടാം ഗോൾ. മുപ്പത് വാര അകലെ നിന്ന് പിടിച്ചെടുത്ത പന്തുമായി കുതിച്ച് ഉറച്ച മതിലായി അതുവരെ നിന്ന ഗോളി മാന്വൽ ന്യൂയറെ കബളിപ്പിച്ച് വലയിലാക്കി. ചാമ്പ്യൻസ് ലീഗിലെ എഴുപത്തിയേഴാം ഗോൾ. അതോടെ ഗോൾ നേട്ടത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയേക്കാൾ മുന്നിലും അർജന്റീനിയൻ നായകനെത്തി. ഇതോടെ ബയേൺ എല്ലാ അർത്ഥത്തിലേക്കും തകർന്നു.
രണ്ട് ഗോൾ തോൽവി വഴങ്ങാൻ ബയറൺ മാനസികമായി ഒരുങ്ങിയിരിക്കുമ്പോഴായിരുന്നു നെയ്മറുടെ വക മൂന്നാം ഗോൾ. മെസ്സി നൽകിയ പന്തുമായി ഓടിയിറങ്ങിയ നെയ്മർക്ക് ന്യൂയറെ മറികടന്ന് നെറ്റിലേയ്ക്ക് വെടിയുതിർക്കുന്നതിൽ പിഴച്ചില്ല. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു ബയേണിന്റെ പെട്ടിയിലെ അവസാന ആണിയായി മാറിയ ഗോൾ.