- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ക്ലബ്ബിനായി കൂടുതൽ ഗോൾ നേടുന്ന താരമായി ലയണൽ മെസ്സി; ഗോൾവേട്ടയിൽ പിന്നിലാക്കിയത് ഇതിഹാസതാരം പെലെയെ; ബാഴ്സലോണയുടെ ജഴ്‌സിയിൽ 644ാം ഗോളുമായി മെസ്സിയുടെ ചരിത്രക്കുതിപ്പ്
ബാർസിലോന: ഗോൾവേട്ടയിൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്ന് ബാർസലോണയുടെ അർജന്റീന താരം ലയണൽ മെസ്സി. കരിയറിൽ ഒരു ക്ലബിനുവേണ്ടി ഏറ്റവുമധികം ഗോളുകൾ നേടുന്ന താരം എന്ന റെക്കോഡാണ് മെസ്സി മറികടന്നത്. ലാ ലിഗയിൽ വയ്യാഡോയിഡിനെതിരേ ഗോൾ നേടിയതോടെയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടി പതിറ്റാണ്ടുകൾക്കു മുൻപ് 643 ഗോളുകൾ നേടിയ പെലെയെ മറികടന്നാണ് മെസ്സിയുടെ ചരിത്രക്കുതിപ്പ്.
ഇതോടെ ബാർസലോണയ്ക്കായി മെസ്സിയുടെ ഗോൾ നേട്ടം 644 ആയി. ബാർസയ്ക്ക് വേണ്ടി 749 മത്സരങ്ങളിൽ നിന്നാണ് താരം ഇത്രയും ഗോളുകൾ നേടിയത്. പെലെ സാന്റോസിനായി 643 ഗോളുകളാണ് നേടിയത്. പെലെ ഈ നേട്ടത്തിലെത്താൻ 665 മത്സരങ്ങൾ മാത്രമാണ് എടുത്തത്. പെലെ ഇത്രയും ഗോളുകൾ കണ്ടെത്താൻ 19 സീസണുകളെടുത്തപ്പോൾ മെസ്സിക്ക് 17 സീസണുകളേ വേണ്ടിവന്നുള്ളൂ
കരിയറിൽ ഒരു ക്ലബ്ബിനു വേണ്ടി മാത്രം ഏറ്റവും കൂടുതൽ ഗോളുകളെന്ന തന്റെ റെക്കോർഡിന് ഒപ്പമെത്തിയ ഘട്ടത്തിൽ ലയണൽ മെസ്സിയെ ഇതിഹാസതാരം പെലെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.
വലൻസിയക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് ബാർസ ജഴ്‌സിയിൽ മെസ്സി തന്റെ 643-ാം ഗോൾ നേടിയത്. 'ഹൃദയം സ്‌നേഹംകൊണ്ടു തുളുമ്പുമ്പോൾ നമുക്കു വഴി മാറാനാവില്ല. ഒരേ ജഴ്‌സിതന്നെ എല്ലാ ദിവസവും അണിയുന്നതിന്റെ വികാരം എനിക്കറിയാം. ലയണൽ, ഈ റെക്കോർഡിലെത്തിയതിൽ നിനക്ക് അഭിനന്ദനങ്ങൾ..'- പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
.
സാന്റോസിന്റെ സ്വന്തം പെലെ
എഡ്‌സൻ അരാന്റെസ് ഡോ നാസിമെന്റോ എന്ന കളിക്കാരനെ പെലെ എന്ന താരമാക്കിയത് സാന്റോസ് ഫുട്ബോൾ ക്ലബ്ബാണ്. അതുപോലെ സാന്റോസ് ഫുട്ബോൾ ക്ലബ്ബിനെ സാന്റോസ് ആക്കിയത് പെലെയും. സാന്റോസും പെലെയും തമ്മിലുള്ള ബന്ധത്തിന് പറഞ്ഞറിയിക്കാൻ ആവാത്ത ദൃഢതയുണ്ട്. നീണ്ട പതിനെട്ടു വർഷത്തെ പെലെയുടെ സേവനം സാന്റോസിനൊപ്പമുണ്ടായിരുന്നു. ഇതിനിടയിൽ ബ്രസീലിന്റെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായി, ഫുട്‌ബോളിൽ നൂറ്റാണ്ടിന്റെ താരമായി പെലെ വളർന്നത് ചരിത്രം.
ബ്രസീലിലെ വളരെ പുരാതനമായ ഒരു ഫുട്ബോൾ ക്ലബ്ബായ സാന്റോസിൽ 15 വയസായപ്പോഴാണ് പെലെ അംഗമായത്. അവിടുത്തെ പരിശീലനസൗകര്യം മുഴുവൻ മുതലാക്കിയ പെലെ അതോടെ ഒരു പൂർണ പ്രഫഷനൽ ഫുട്ബോളറായി മാറുകയായിരുന്നു. 15-ാം വയസിൽതന്നെ സാന്റോസ് ക്ലബ്ബിന്റെ ജൂനിയർ, ജുവനൈൽ, അമച്വർ ടീമുകളിൽ കളിക്കാൻ പെലെയ്ക്ക് ഭാഗ്യമുണ്ടായി. 16-ാം വയസിൽ പ്രഫഷനൽ ടീമിലെ സ്ഥിരം താരമായി. 1956 സെപ്റ്റംബർ 9ന് പെലെ സാന്റോസിനുവേണ്ടി ആദ്യമായി ബൂട്ടണിഞ്ഞു. എഫ്‌സി കൊറിന്തിയൻസിനെതിരായ മത്സരത്തിൽ നാലു ഗോളുകൾനേടി സാന്റോസിന്റെ പ്രിയപ്പെട്ടവനായി. അക്കൊല്ലം തന്നെ സാന്റോസ് സ്റ്റേറ്റ് ലീഗ് ജേതാക്കളുമായി. പെലെയുടെ ബുട്ടിൽനിന്നു തന്നെ ആ വർഷം പിറന്നത് 17 ഗോളുകളായിരുന്നു.
തീർന്നില്ല, സാന്റോസിനെ പിന്നെയും പെലെ പലതവണ സാവോ പോളോ സ്റ്റേറ്റ് ചാംപ്യന്മാരാക്കി - 1958, 1960, 1961, 1962, 1964, 1965, , 1967, 1968, 1969, 1973. പെലെ സാന്റോസിനൊപ്പം ചേർന്നശേഷം പത്തു തവണ അവർ സ്റ്റേറ്റ് ലീഗ് ജേതാക്കളായി. സാവോ പോളോ സ്റ്റേറ്റ് ലീഗിൽ പെലെയായിരുന്നു പലതവണയും ടോപ് സ്‌കോറർ. സാന്റോസിനു വേണ്ടി 1956ൽ ലീഗിൽ 17 ഗോൾ നേടിയ പെലെ 1958ൽ 58 ഗോളും അടുത്തവർഷം 45 ഗോളും സ്‌കോർ ചെയ്തു. 1961 ൽ 47 ഗോളും 1965ൽ 49 ഗോളും പെലെയുടെ പേരിൽ കുറിക്കപ്പെട്ടു. അതുപോലെതന്നെ ലിബർട്ടഡാറോസ് കപ്പ് രണ്ടു തവണ സാന്റോസിന് നേടിക്കൊടുത്തു (1961, 1962). ബ്രസീലിയൻ കപ്പ് ആറു തവണയും (1961, 1962, 1963, 1964, 1965, 1968,) ലോക ക്ലബ് ചാംപ്യൻഷിപ്പ് രണ്ടു തവണയും നേടി- 1962, 1963. ചുരുക്കത്തിൽ പെലെയിലൂടെ സാന്റോസും സാന്റോസിലൂടെ പെലെയും വളർന്നുവലുതായി. സാന്റോസിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പെലെ 1957ൽ ബ്രസീലിന്റെ ദേശീയ ടീമിൽ ഇടംകണ്ടെത്തിയത്.
1959 ഒക്ടോബർ രണ്ടിന് സാവോ പോളോ ലീഗിൽ യുവെന്റസിനെതിരായ മത്സരത്തിൽ സാന്റോസിനുവേണ്ടി നേടിയ ഗോളാണ് പെലെയുടെ ഏറ്റവും സുന്ദരമായ ഗോൾ എന്ന് വിലയിരുത്തപ്പെടുന്നു. അന്ന് ആ ഗോളിന്റെ വീഡിയോ കവറേജ് ഇല്ലായിരുന്നെങ്കിലും പെലെയുടെ ആവശ്യപ്രകാരം ആ സുന്ദരനിമിഷം കംപ്യൂട്ടർ ആനിമേഷനിലൂടെ സൃഷ്ടിക്കപ്പെട്ടു. 'പെലെ ഇറ്റേർണോ' എന്ന ചിത്രത്തിലൂടെ ഈ ആനിമേഷൻ ഗോൾ ലോകത്തെ കാട്ടി.
1974വരെ പെലെ സാന്റോസിനൊപ്പം തുടർന്നു. 1974 ഒക്ടോബർ രണ്ടിനാണ് പെലെ ഏറ്റവും ഒടുവിലായി സാന്റോസിനായി ബൂട്ടണിഞ്ഞത്. 19 സീസണുകൾ പൂർത്തിയാക്കി. 665 മത്സരങ്ങളിൽനിന്നായി അദ്ദേഹം 643 ഗോളുകൾ സാന്റോസിനായി നേടി. സാന്റോസിനെക്കൂടാതെ പെലെ മറ്റൊരു ക്ലബിനുവേണ്ടി മാത്രമേ കളിച്ചുള്ളൂ- ന്യൂയോർക്ക് കോസ്മോസിനുവേണ്ടി. മൂന്നു വർഷത്തെ കരാറിൽ അവർക്കുവേണ്ടി ജഴ്സിയണിഞ്ഞ പെലെ 1977ൽ പ്രഫഷനൽ ഫുട്ബോളിനോട് വിടചൊല്ലി
സ്പോർട്സ് ഡെസ്ക്