യണൽ മെസി എന്തുകൊണ്ടാണ് എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്നത്. ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുന്ന ഈ സൂപ്പർ താരം റയൽ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയെക്കാളുമധികം എല്ലാവരുടെയും മനസിൽ ഇടംപിടിക്കുന്നത് എന്തുകൊണ്ടാണ്.

അതിനുള്ള ഉത്തരം ഈ വീഡിയോ നൽകും. സ്വന്തം നേട്ടങ്ങൾക്കായി മാത്രം ശ്രമിക്കാതെ ഫുട്‌ബോൾ ഒരു ടീം ഗെയിമാണെന്ന സന്ദേശമാണ് തന്റെ മത്സരങ്ങളിലെല്ലാം ഈ അർജന്റീന താരം നൽകുന്നത്.

കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിൽ സെൽറ്റ ഡി വിഗോയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് കൂട്ടുകാരനു വേണ്ടിയുള്ള അത്യപൂർവ നീക്കം മെസി നടത്തിയത്. പെനാൽറ്റി കിക്ക് എടുക്കാൻ തയ്യാറായി നിന്ന മെസി നേരെ പോസ്റ്റിലേക്കു പന്തടിച്ചു ഗോൾ സ്വന്തം പേരിലാക്കാതെ അടുത്തു നിന്ന ലൂയി സുവാരസിനരികിലേക്കു പന്തു ചെത്തിയിടുകയായിരുന്നു.

മെസിയുടെ പാസ് സ്വീകരിച്ചു ഗോളടിച്ച സുവാരസിനെ കാത്തിരുന്നത് ഹാട്രിക് നേട്ടമായിരുന്നു. ലാലിഗയിലെ മുന്നൂറാം ഗോൾ എന്ന നേട്ടത്തിനരികെ നിൽക്കെയാണു മെസി തനിക്കു ലഭിച്ച സുവർണാവസരം സുവാരസിനു കൈമാറി മികച്ച ടീം മാൻ ആണു താനെന്നു തെളിയിച്ചത്. രണ്ടു ഗോളടിച്ച സുവാരസിനു മറ്റൊരു ഗോളവസരം ഒരുക്കിയതിലൂടെ ഗോളടിക്കുന്നതല്ല, ഗോളടിപ്പിക്കുന്നതിലാണ് ഒരു കളിക്കാരന്റെ യഥാർഥ മികവെന്നു കാട്ടിത്തരികയായിരുന്നു മെസി.

മത്സരത്തിൽ ബാഴ്‌സലോണ തകർപ്പൻ ജയമാണു നേടിയത്. സെൽറ്റാ ഡി വിഗോയെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബാഴ്‌സ തോൽപിച്ചത്. ഒരു ഗോൾ നേടിയ മെസി മറ്റു മൂന്നു ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു.

ബാഴ്‌സക്ക് വേണ്ടി ആദ്യ ഗോൾ നേടിയത് ലയണൽ മെസ്സിയാണ്. ജോൺ ഗ്യുഡെറ്റിയിലൂടെ സെൽറ്റാവിഗോ ഒപ്പമെത്തി. ആദ്യ പകുതി സമനിലയിൽ. രണ്ടാംപകുതിയിൽ കളിമാറി, തുടർച്ചയായ രണ്ട് ഗോളോടെ സുവാരസ് മത്സരം ബാഴ്‌സയുടെ വരുതിയിലെത്തിച്ചു. എൺപത്തിയൊന്നാം മിനിറ്റിലായിരുന്നു മെസ്സിയെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചത്. സുവാരസിന് ഹാട്രിക് തികക്കാൻ മെസ്സി ഒഴിഞ്ഞുകൊടുത്തത് ആരാധകർ ആരവത്തോടെയാണ് സ്വീകരിച്ചത്.

മെസ്സിയും നെയ്മറും സുവാരസും കളം നിറഞ്ഞു കളിച്ചതിനിടെ റാക്കിട്ടിച്ചും ബാഴ്‌സയ്ക്കായി സ്‌കോർ ചെയ്തു. ഇഞ്ചുറി ടൈമിലായിരുന്നു നെയ്മറിന്റെ ഗോൾ. സ്പാനിഷ് ലീഗിൽ 57 പോയിന്റുമായി ബാഴ്‌സ ഒന്നാമതും 54 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.

മെസി പെനാൽറ്റി കിക്ക് നേരെ പോസ്റ്റിലേക്ക് അടിക്കാതെ സഹതാരത്തിനു മറിച്ചുകൊടുത്തതു നിയമപരമായി ശരിയാണോ എന്ന ചോദ്യവും ഫുട്‌ബോൾ പ്രേമികൾ ഉയർത്തുന്നുണ്ട്. മുമ്പ് ഇതിഹാസ താരം യൊഹാൻ ക്രൈഫും ഇത്തരത്തിൽ പെനാൽറ്റി സഹതാരത്തിനു മറിച്ചു കൊടുത്തിട്ടുണ്ട്.