ലണ്ടൻ: ഈ ഒരൊറ്റ ഗോൾ മതി മെസ്യൂട്ട് ഓസിലെന്ന ജർമ്മൻ താരത്തെ ലോക ഫുട്ബോളിൽ ഓർമിക്കപ്പെടാൻ. പലപ്പോഴും മെസ്സിയിൽ മാത്രം കണ്ടിട്ടുള്ള ഡ്രിബ്ലിങ് മികവിനെ വെല്ലുന്ന തരത്തിൽ ഓസിൽ നേടിയ ആ ഗോളിന് അത്രയേറെ മനോഹാരിതയുണ്ടായിരുന്നു. ചാമ്പൻസ് ലീഗിൽ ഗുഡികോറസ്റ്റിനെതിരേയുള്ള മത്സരത്തിന്റെ 86 ആം മിനിറ്റിലായിരുന്നും സുന്ദരഗോൾ പിറന്നത്.

മധ്യ വരക്കപ്പുറത്ത് നിന്ന് നീട്ടി കിട്ടിയ പന്ത് സ്വീകരിക്കുമ്പോൾ എതിർ ടീമിന്റെ പകുതിയിൽ നിലയുറപ്പിച്ച ഏക ആഴ്സണ്ൽ താരം ഓസിൽ മാത്രമായിരുന്നു. ഗുഡികോറസ്റ്റസ് പ്രതിരോധ നിരയാവട്ടെ മൈതാനത്തിന് നടുക്കും. പന്ത് സ്വീകരിച്ച് ഓസിൽ മുന്നോട്ട് കുതിക്കാൻ തുടങ്ങിയപ്പോൾ അപകടം മണത്ത ഗോളി അഡ്വാൻസ് ചെയ്ത് പെനാൽറ്റി ബോക്സിന് പുറത്തേക്ക് വന്ന് ആഴ്സണൽ താരത്തെ തടയാൻ ശ്രമിച്ചു. എന്നാൽ ഗോളിക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് നീങ്ങിയ ഓസിൽ അപ്പോഴേക്കും കുതിച്ചെത്തിയ രണ്ട് പ്രതിരോധക്കാരേയും ഡ്രിബ്ലിങ് മികവിൽ പരാജയപ്പെടുത്തി പന്ത് ആളൊഴിഞ്ഞ ഗോൾ പോസ്റ്റിലേക്കു തിരിച്ചുവിട്ടു.

തോൽവിയുടെ വക്കിൽ നിന്ന് സമനില പിടിച്ചെടുത്ത ആഴ്സണലിനെ വിജയത്തിലെത്തിക്കാനും ഓസിലിന്റെ മാന്ത്രിക ഗോളിന് സാധിച്ചു. രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷമായിരുന്നു ആരാലും പ്രവചിക്കപ്പെടാത്ത രീതിയിൽ 3-2 ന് ആഴ്സണ്ൽ ജയിച്ചു കയറിയത്.