- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Maharashtra
യുവജനങ്ങളും മാനസികാരോഗ്യവും: കേരളത്തിൽ; ഡോ. സിന്ധു ജോയ് എഴുതുന്നു
ഒക്ടോബർ പത്ത് ലോകമാനസികാരോഗ്യദിനമാണെന്ന് നമുക്കറിയാം. അന്ന് തിരുവനന്തപുരം വിമൻസ് കോളേജിൽ ''മെന്റൽ ഹെൽത്ത് ആക്ഷൻ ഫോർ പീപ്പിൾ'' എന്ന സംഘടനയും, വിമൻസ് കോളേജിലെ കോളേജ് യൂണിയനും, സൈക്കോളജി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ ''കേരളീയ യുവത ഈ കാലഘട്ടത്തിൽ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ'' എന്ന വിഷയത്തിൽ സംസാര
ഒക്ടോബർ പത്ത് ലോകമാനസികാരോഗ്യദിനമാണെന്ന് നമുക്കറിയാം. അന്ന് തിരുവനന്തപുരം വിമൻസ് കോളേജിൽ ''മെന്റൽ ഹെൽത്ത് ആക്ഷൻ ഫോർ പീപ്പിൾ'' എന്ന സംഘടനയും, വിമൻസ് കോളേജിലെ കോളേജ് യൂണിയനും, സൈക്കോളജി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ ''കേരളീയ യുവത ഈ കാലഘട്ടത്തിൽ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ'' എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. അവിടെ ചർച്ചചെയ്ത ഗൗരവമായ കാര്യങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കേണ്ടതാണെന്ന തോന്നലിൽ നിന്നാണ് ഇന്നത്തെ ഈ കുറിപ്പ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ സാമൂഹികാവസ്ഥയാണ് കേരളത്തിൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമൊക്കെ മുന്നേറ്റമുണ്ടായിട്ടുണ്ട്. പട്ടണങ്ങളിലെ വികസനത്തോടൊപ്പം ഗ്രാമീണമേഖഖലകളിലും മുന്നേറ്റം തേടാൻ നമുക്കായിട്ടുണ്ട്. എന്നാൽ ആരോഗ്യരംഗത്തെ ഈ മുന്നേറ്റം മാനസികാരോഗ്യരംഗത്ത് എത്രമാത്രം കൈവരിക്കാനായി എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
ഒരു രാജ്യത്തിന്റെ വികസനം പൂർണ്ണമാകണമെങ്കിൽ അവിടെ ജീവിക്കുന്നവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായിരിക്കണം. ''ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും, മാനസികവും, സാമൂഹികവും, ആത്മീയവുമായ ക്ഷേമമാണ്''. ''മാനസികാരോഗ്യം എന്നാൽ ഒരു വ്യക്തി സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ്, സാധാരണ ജീവിതക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നതാണ്''. മാനസിക ആരോഗ്യവും, ശാരീരികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടത് തന്നെയാണ്. (ലോകാരോഗ്യ സംഘടനയുടെ നിർവ്വചനം).
ഇന്ത്യയിൽ അമ്പത് ദശലക്ഷത്തോളം ആളുകൾ മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള മാനസിക ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീരരിക്കുന്നു എന്ന് ഈയിടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ വർഷം 7000 ലധികം ആളുകൾ ഇത്തരം പ്രശ്നങ്ങളാൽ ആത്മഹത്യ ചെയ്യുന്നു എന്നും കണക്കുകളുണ്ട്.
മാനസികാരോഗ്യ രംഗത്ത് കേരളം ഏറെ പിന്നിലാണെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആത്മഹത്യയിലും മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗത്തിലും മുൻപന്തിയിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥാനം. ഇതിൽതന്നെ യുവജനങ്ങളുടെ എണ്ണം കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറുകയും ടെക്നോളജിയുടെ പുതയുഗം തുറന്ന് കിട്ടിയിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ യുവത നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്.
കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ മാതാപിതാക്കളും, അപ്പൂപ്പനും, അമ്മൂമ്മയുമൊക്കെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും അവർക്ക് വേണ്ട രീതിയിലുള്ള ശിക്ഷണങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ആധുനിക അണുകുടുംബ വ്യവസ്ഥിതിയിൽ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന സാഹചര്യമാണ്. അവർക്ക് കുട്ടികളെ നോക്കാനോ നിരീക്ഷിക്കാനോ സമയം ലഭിക്കുന്നില്ല എന്നതും കൂട്ടിവായിക്കേണ്ടതാണ്. ദമ്പതികൾ പരസ്പരം കാണുകപോലും ചെയ്യാത്ത അവസ്ഥയുണ്ട്. തൽഫലമായി കുട്ടികൾ കുടുംബത്തിന്റെ മൂല്യങ്ങൾ മനസ്സിലാകാതെ വരികയും അവർ യുവാക്കളാകുമ്പോൾ വിവാഹമോചനത്തിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
പിഞ്ചുകുഞ്ഞുങ്ങളാകട്ടെ 'തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയുള്ള'' അവസ്ഥയിലാണു താനും. ശരാശരി അഞ്ചു വയസ്സുള്ള ഒരു കുട്ടി ഇന്ന് അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ പോലും വേണ്ടരീതിയിൽ നിർഹികക്കക്കാനാവാതെ 7 മണിക്ക് വലിയ പുസ്തകകെട്ടടങ്ങിയ ബാഗുമായി സ്കൂളിലെത്തേണ്ടി വരുന്നു. തിരിച്ച് വീട്ടിൽ എത്തിയാൽ ട്യൂഷൻ. ഇന്നത്തെ കുട്ടികൾക്ക് സാമൂഹികമായി ഇടപെടാൻ പോലും അവസരം ലഭിക്കുന്നില്ല. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഒരു സ്വപ്നമായി അവശേഷിക്കുന്ന കാലം വിദൂരമല്ല. അവരുടെ കളിയിടങ്ങൾ കമ്പ്യൂട്ടർ ഗെയിമിൽ മാത്രമായി ഒതുങ്ങുന്നു. ഇങ്ങനെ അമിതഭാരം ചുമക്കേണ്ടി വരുന്ന കുട്ടികൾ യുവാക്കളാകുമ്പോൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന ചില മാനസികാരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കാം.
ഉത്കണ്ഠ, വിഷാദരോഗം
ചെറുപ്പം മുതലേ ഒരു കുട്ടിയെ എഞ്ചിനീയറോ, ഡോക്ടറോ ആക്കുക എന്ന മാതാപിതാക്കളുടെ സ്വപ്നം പ്രാവർത്തികമാക്കുന്നതിനുവേണ്ടി ട്യൂൺ ചെയ്തെടുക്കപ്പെടുന്ന വിദ്യാർത്ഥികളാണ് ബഹുഭൂരിപക്ഷവും. അതിനുവേണ്ടി അമിതഭാരം പേറേണ്ടിവരുന്ന കുട്ടികൾ യുവജനങ്ങളാകുമ്പോൾ ഉത്കണ്ഠയും, വിഷാദരോഗവും ഉണ്ടാവുക സ്വാഭാവികം മാത്രം. ഇതിൽ നിന്ന് രക്ഷ നേടാൻ ചിലർ മദ്യത്തിന്റെയും മയക്കുമരുന്നിലും അഭയം തേടുമ്പോൾ ഇതൊന്നും താങ്ങാനാവാതെ ചിലർ ആത്മഹത്യ തന്നെ ചെയ്യുന്നു.
ലഹരി ഉപയോഗം
മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം യുവജനങ്ങൾക്കിടയിൽ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. ലഹരി ഉപയോഗമെന്ന് സാമൂഹിക തിന്മ വേണ്ടത്ര ഗൗരവത്തോടെ നാം വിലയിരുത്തിയിട്ടുണ്ടോ എന്നകാര്യം സംശയമാണ്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സംശയരോഗം, ആക്രമണസ്വഭാവം, മറവി തുടങ്ങിയ വർദ്ധിച്ചുവരുന്നു. മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും ദുഃശ്ശീലമായാണ് നമ്മൽ കണക്കാക്കുന്നത്. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ദുഃശ്ശീലത്തിനുമപ്പുറം ഇതൊരു രോഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ആത്മഹത്യയും, ആത്മഹത്യപ്രവണതയും
ചെറുപ്പം മുതൽ സാമൂഹിക യാഥാർത്ഥ്യങ്ങളെ നേരിടാൻ അവസരം ലഭിക്കാത്ത കുട്ടികൾ ചെറിയൊരു ടെൻഷൻ വന്നാൽ പോലും ആത്മഹത്യയിലേക്ക് നീങ്ങുന്ന ദയനീയ കാഴ്ചകൾക്ക് നാം സാക്ഷിയാകേണ്ടിവരുന്നു. ഇന്ത്യയിലെ പതിനഞ്ചിനും ഇരുപത്തിയൊൻപതും വയസ്സുള്ള യുവാക്കൾക്കിടയിൽ നടത്തിയ ഒരു സർവ്വേ സൂചിപ്പിക്കുന്നത് ആത്മഹത്യപ്രവണതയും, ആത്മഹത്യയും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു എന്നതാണ്. കേരളത്തിലെ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയേക്കാൾ മൂന്നുമടങ്ങ് കൂടുതലാണുതാനും.
ഭക്ഷണത്തിന്റെ കാര്യം!
പഠനങ്ങൾ സൂചിപ്പിക്കുന്നത് നമ്മുടെ യുവജനങ്ങൾക്കിടയിൽ ന്യൂട്രീഷൻ കുറവുപോലുള്ള ഗൗരവമായ പ്രശ്നങ്ങളുണ്ട് എന്നുതന്നെയാണ്. ജങ്ക് ഫുഡിന്റെ കാലഘട്ടത്തിൽ ആരോഗ്യകരമായ ഡയറ്റ് പാലിക്കാൻ പറ്റാത്തതിന്റെ ഭാഗമായിട്ടാണ് ഇതുണ്ടാകുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നതും, ആവശ്യത്തിനായി ഭക്ഷണം കഴിക്കാതിരിക്കുന്നതും ഗുരുതരമായി ആരോഗ്യ-മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ
റോഡപകടമരണങ്ങളും, അപകടത്തിൽപ്പെടുകയും ചെയ്യുന്ന യുവാക്കളുടെ എണ്ണവും പെരുകുകയാണ്. പലപ്പോഴും ലഹരി പദാർത്ഥങ്ങളുടെയും മറ്റു ഉപയോഗത്തിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് ഒട്ടുമിക്ക അപകടങ്ങളും ഉണ്ടാകുന്നത്.
യുവാക്കൾക്കിടയിലെ തെറ്റായ ലൈംഗികപപ്രവണതകൾ
'പോൺ സൈറ്റുകളും' മറ്റും നിരന്തരം കാണുന്നവർക്ക് ''ഹൈറിസ്ക് സെക്ഷ്വൽ ബിഹേവിയർ'' ഉണ്ടാകുന്നത് സ്വാഭാവികം. സഹപാഠികളായ പെൺകുട്ടികളെപ്പോലും പീഡിപ്പിക്കാൻ ഇത്തരക്കാർ മടിക്കാറില്ല. ലൈംഗികതയെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തത് ഇതിന്റെ അടിസ്ഥാന കാരണം. ലൈംഗികവിദ്യാഭ്യാസം സ്കൂൾതലം മുതൽ ആരംഭിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു.
സോഷ്യൽ മീഡിയയുടെ ഉപയോഗം
വളരെ നല്ലരീതിയിൽ ഉപയോഗിക്കാൻ കവിയുന്ന ഈ മേഖല നെഗറ്റീവായാണ് പലരും ഇന്ന് ഉപയോഗിക്കുന്നത്. യുവജനങ്ങൾക്കിടയിൽ ഇന്റർനെറ്റിന് അടിമപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളുടെ അമിതമായ ഉപയോഗം മാനസികപ്രശ്നങ്ങളും സമ്മർദ്ദങ്ങളും സൃഷ്ടിക്കുന്നുണ്ട്.
മേൽസൂചിപ്പിച്ച വിഷയങ്ങളിൽ ഗൗരവത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇന്ന് യുവാക്കൾക്കിടയിൽ ജീവിതവൈദഗ്ദ്ധ്യവും സാമൂഹിക വൈദഗ്ദ്ധ്യവും കുറഞ്ഞുവരികയാണ്. ഇതിനെല്ലാം കാരണം ആധുനിക കാലഘട്ടമോ, മാതാപിതാക്കളുടെ ശ്രദ്ധക്കുറവോ മാത്രമാണെന്ന് വാദിക്കാനാവില്ല. ന്യൂജനറേഷൻ കാലഘട്ടത്തിലെ ന്യൂജനറേഷൻ പ്രശ്നങ്ങൾ നേരിടാനും മാനസികസമ്മർദ്ദങ്ങൾ അതിജീവിക്കാനും യുവാക്കളെ പ്രാപ്തരാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.