കുവൈറ്റ് സിറ്റി: രാജ്യത്ത് ടാക്‌സികളിൽ മീറ്റർ നിർബന്ധമാക്കിക്കൊണ്ട് വാണിജ്യമന്ത്രാലയം ഉത്തരവിറക്കി. ടാക്‌സി നിരക്കുകൾ ക്രമീകരിക്കുന്നതിനും കൃത്രിമമായി നിരക്ക് വർധന തടയുന്നതിനും ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ടാണ് വാണിജ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഇന്ധന വില വർധനയുടെ മറവിൽ നിരവധി യാത്രക്കാർ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും രാജ്യത്തെ എല്ലാ ടാക്‌സികളിലും മീറ്റർ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മീറ്റർ ഇല്ലാതെ ടാക്‌സി ഓടിക്കുന്ന ഡ്രൈവർമാർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളും. മീറ്റർ നിരക്കിനേക്കാൾ കൂടുതൽ യാത്രക്കാരിൽനിന്ന് ഈടാക്കിയതായി കണ്ടത്തെിയാലും ഡ്രൈവർമാർ കുടുങ്ങും. കുവൈത്ത് നിയമ പ്രകാരം ഉപഭോക്തൃ സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കാനും പരിഷ്‌കരിക്കാനുമുള്ള അധികാരം വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്. ടാക്‌സി നിരക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയം പഠനം നടത്തിയിരുന്നു. പെട്രോൾ വില കൂടിയാൽ പോലും 450 കിലോമീറ്റർ വരെ യാത്രചെയ്യാൻ പരമാവധി മൂന്നു ദീനാർ മാത്രമേ ഫോർ സിലിണ്ടർ ടാക്‌സി കാറുകൾക്ക് ഇന്ധന ചെലവ് വരുന്നുള്ളൂ എന്നായിരുന്നു പഠനസമിതിയുടെ വിലയിരുത്തൽ. ഇത് മുൻനിർത്തി തൽക്കാലം നിരക്കുവർധന ആവശ്യമില്ലെന്ന നിലപാടിലാണ് വാണിജ്യ മന്ത്രാലയം.