- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനം രാഷ്ട്രീയ വിവാദമാക്കേണ്ട കാര്യമില്ല; വേദനാജനകമായ തീർത്തും വ്യക്തിപരമായ കാര്യം; പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണ്; മുകേഷിന്റെ നിലപാട് അറിയില്ല; വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാനാവണം; മാധ്യമങ്ങൾക്ക് മുന്നിലെത്തി മേതിൽ ദേവിക
തിരുവനന്തപുരം: നടനും കൊല്ലം എംഎൽഎയുമായി മുകേഷുമായുള്ള വിവാഹ മോചന വാർത്തയിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശദീകരണം നൽകി പ്രശസ്ത നർത്തകിയായ മേതിൽ ദേവിക. വിവാഹ മോചനത്തിനുള്ള നിയമ നടപടികൾ തുടങ്ങിയെന്ന് വ്യക്തമാക്കിയ മേതിൽ ദേവിക ഇത് വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. തീർത്തും വേദനാജനകമായ കാര്യമാണിത്. പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണെന്നും ഇക്കാര്യത്തിൽ മുകേഷിന്റെ നിലപാട് അറിയില്ലെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞു.
താനും മുകേഷും രണ്ട് തരം ആദർശമുള്ളവരാണ്. വിവാഹ മോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ല. പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പുറത്തു പറയാൻ താത്പര്യമില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി. വിവാഹ മോചനം കഴിഞ്ഞാലും നല്ല സുഹൃത്തായി കഴിയാനാണ് താൽപ്പര്യമെന്നും മേതിൽ ദേവിക വ്യക്തമാക്കി. വിവാഹ മോചനത്തോട് മുകേഷിന്റെ നിലപാട് അറിയില്ല.
തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമാണ് വിവാഹ മോചന നടപടികളിലേക്ക് കടന്നതെന്നും അവർ പറഞ്ഞു. നാൽപത് വർഷത്തിലധികമായി അഭിനയ രംഗത്തുള്ള മുകേഷേട്ടനെ അപമാനിക്കാൻ താനാഗ്രഹിക്കുന്നില്ല. വിവാഹമോചനം എന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും മേതിൽ ദേവിക പറഞ്ഞു. മുകേഷുമായി സൗഹാർദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നതെന്നും മേതിൽ ദേവിക അറിയിച്ചു.
മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതിരെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. വളരെ വ്യക്തിപരമായ കാര്യമാണ് വിവാഹമോചനം. ഒരു കുടുംബത്തിന് അകത്തു നടക്കുന്ന കാര്യങ്ങളാണിതൊക്കെ. സൗഹാർദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. അതിനാൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള യാതൊരു താത്പര്യവും തനിക്കില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട് എന്നതിനർത്ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ലെന്നു മേതിൽ വ്യക്തമാക്കി.
നേരത്തെ മാധ്യമങ്ങളെ കാണും മുമ്പ് ചില മാധ്യമങ്ങളോടായി മേതിൽ ദേവിക വിവാഹ മോചന വാർത്തയെ കുറിച്ചു വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിലേക്ക് വരാനുള്ള തീരുമാനം മുകേഷിന്റെയാണ്. അതിനാൽ തന്നെ ഇപ്പോൾ വിവാഹമോചനം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമ്പോൾ അതിനെ നേരിടാൻ അദ്ദേഹം തയ്യാറായിരിക്കും എന്നാണ് തോന്നുന്നത്. ഇതൊരു രാഷ്ട്രീയ വിവാദമായി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിന്റെ വിവാഹമോചനം സ്വാഭാവികമായും വിവാദമാകും അതിൽ നമ്മുക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു അവരുടെ വാക്കുകൾ.
വളരെ ആലോചിച്ച് മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നയാളാണ്. ഞാൻ ഈ ഒരു കാര്യവും ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. ഒരു വിവാഹബന്ധം വേർപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ വേദനിപ്പിക്കുന്ന കാര്യമാണിതൊക്കെ. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളൊന്നും ചർച്ചയാവാൻ ഇടവരരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നു എന്നു ഞാൻ പറയുന്നില്ല. വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല അദ്ദേഹം. ദേഷ്യം വന്നാൽ സ്വയം നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു.
അഭിഭാഷകർ അടക്കമുള്ള ഇടനിലക്കാർ ഇടപെട്ടാണ് ഇപ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. രണ്ട് കൂട്ടർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ നടപടികൾ പൂർത്തിയാവണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ വക്കീൽ നോട്ടീസ് പോലും അതിനുള്ള ഒരു കളമൊരുക്കലാണ്. മുകേഷേട്ടനെ വിവരിക്കാൻ എനിക്ക് അറിയില്ല. ഇപ്പോൾ പ്രചരിക്കുന്ന പോലെ വലിയൊരു വില്ലനൊന്നുമല്ല അദ്ദേഹം. ഇക്കാര്യത്തിൽ എന്ത് നിലപാട് അദ്ദേഹമെടുക്കും എന്നറിഞ്ഞൂടാ. വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാനാവണം എന്നാണ് ആഗ്രഹം -മേതിൽ ദേവിക പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ