- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീരാമ- സീതാ സംഗമം ഇതിവൃത്തമാക്കി നൃത്ത വീഡിയോയുമായി മേതിൽ ദേവിക; വിവാഹമോചന വാർത്തയ്ക്കിടെ കലാസപര്യയുമായി മുന്നോട്ട്; മാധ്യമങ്ങൾക്ക് മുന്നിൽ വാവിട്ട ഒരുവാക്കും പറയാതെ മാന്യമായ പ്രതികരണം; മുകേഷിലെ രാഷ്ട്രീയക്കാരനും സംരക്ഷണം തീർത്തു; ദാമ്പത്യ തകർച്ചാ വേളയിലും മാതൃകയായി മേതിൽ
പാലക്കാട്: എട്ട് വർഷം മുമ്പ് തുടങ്ങിയ ദാമ്പത്യം അവസാനിപ്പിക്കാൻ നിയമ നടപടികളിലേക്ക് കടന്ന നർത്തകി മേതിൽ ദേവിക കാരണം എന്തുതന്നെ ആയാലും ചെളിവാരി എറിയതിന് നിൽക്കാതെ മാന്യമായി പ്രതികരിച്ചു കൊണ്ടാണ് ഇന്നലെ രംഗത്തുവന്നത്. മുകേഷിലെ രാഷ്ട്രീയക്കാരനെ പ്രതിസന്ധിയിൽ ആക്കാതെ മാന്യമായി പ്രതികരണം കൊണ്ടാണ് അവർ മാധ്യമ വാർത്തകളിൽ ഇടംപിടിച്ചതും. താൻ പറയുന്ന ഓരോ വാക്കിലും അവർ സൂക്ഷ്മത പുലർത്തിയിരുന്നു. വാക്കുകൾ കൈവിട്ടു പോകാതിരിക്കാൻ ശാന്തമായ മനസ്സോടെയാണ് അവരുടെ പ്രതികരണം.
മുകേഷിന്റെ മുൻഭാര്യ സരിത ബന്ധം വേർപെടുത്തിയ വേളയിൽ വലിയ കുറ്റപ്പെടുത്തലുകളാണ് മുകേഷിനെതിരെ നടത്തിയത് എങ്കിൽ ഇക്കുറി അങ്ങനെയൊന്നും ആയിരുന്നില്ല. മാന്യമല്ലാത്ത ഒരു വാക്കുപോലും അവരിൽ നിന്നും ഉണടായില്ല. തന്റെ സ്വകാര്യതയെ മാനിക്കണമെന്ന അഭ്യർത്ഥനായയിരുന്നു മേതിൽ ദേവികക്ക്ക് പറയാനുണ്ടായിരുന്നത്. മാധ്യമങ്ങൾക്ക് സെൻസേഷണലായ ഒന്നും തന്നെ തന്റെ നാവിൽ നിന്നും പുറത്തുവരാതിരിക്കാനും അവർ ശ്രദ്ധിച്ചു.
രാഷ്ട്രീയമായി മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിരോധിച്ചു കൊണ്ടായിരുന്നു മേതിൽ ദേവികയുടെ ഓരോ വാക്കും. ബിന്ദു കൃഷ്ണ ഉയർത്തിയ ഗാർഹിക പീഡനം എന്ന ആരോപണത്തെയും അവർ പ്രതിരോധിച്ചു. തനിക്ക് പരാതികളുണ്ടെങ്കിലും അത് തന്റെ പരാതിയിൽ പെടില്ലെന്നും ദേവിക പറഞ്ഞു. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. വ്യക്തിഹത്യ ചെയ്യാനോ സാമ്പത്തിക നേട്ടത്തിനോ അല്ല ഈ തീരുമാനം. ഒരുമിച്ചു പോകാൻ കഴിയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ബിന്ദു കൃഷ്ണയുടെ ആരോപണത്തെപ്പറ്റി അറിയില്ലെന്നും മേതിൽ ദേവിക പറഞ്ഞു.
ദേഷ്യപ്പെട്ട് പിരിയേണ്ട ആവശ്യമില്ലെന്നും ജീവിതത്തിന്റെ ഈ ഘട്ടം നിർണായകമാണെന്നും ദേവിക പറയുന്നു. 'മുകേഷേട്ടൻ വില്ലനല്ല, അദ്ദേഹത്തെ ചെളി വാരിയെറിയാൻ താൽപര്യമില്ല. പിരിയുകയെന്നത് വലിയ സങ്കടകരമായ അവസ്ഥയാണ്. അദ്ദേഹത്തിനും അങ്ങനെ തന്നെയാവണം. പക്ഷേ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല'. ദേവിക പറഞ്ഞു.
'തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് ഞാൻ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഇങ്ങനെയാണ് എന്റെ താൽപര്യമെന്ന് മുകേഷേട്ടനോട് പറഞ്ഞിരുന്നു, അദ്ദേഹം അത് സീരിയസ് ആയി എടുത്തോ എന്ന് അറിയില്ല. ഞാൻ സീരിയസായാണ് പറഞ്ഞതെന്ന് അറിയിക്കാനാണ് നോട്ടിസ് കൂടി അയച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം. അത് പക്ഷേ മറ്റാരോടും പറയാൻ താൽപര്യപ്പെടുന്നില്ല. ഞങ്ങളുടെ തികച്ചും വ്യക്തിപരമായ വിഷയത്തെപ്പറ്റി ബിന്ദു കൃഷ്ണ എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. ഞാൻ അതൊന്നും കണ്ടിട്ടില്ല'.
'ഗാർഹികപീഡനം എന്നതൊക്കെ വളരെ സ്ട്രോങ്ങ് ആയ വാക്കുകളാണ്. എനിക്ക് ആരോപണങ്ങൾ ഉണ്ടെങ്കിലും ഗാർഹികപീഡനം അതിൽ പെടുന്നില്ല. മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. എന്റെ ഭാഗത്തു നിന്നാണ് നോട്ടിസ് പോയത്. ദേഷ്യപ്പെട്ട് പിരിയേണ്ട കാര്യമില്ലല്ലോ. വിവാഹമോചനം നേടി എന്ന് കരുതി തമ്മിൽ പിണങ്ങേണ്ട കാര്യമില്ല. എന്റെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. എല്ലാ ബന്ധങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ഓരോ ബന്ധത്തിലും എന്താണ് മൂല്യമുള്ളതെന്ന് നോക്കി അത് സൂക്ഷിക്കാൻ നമ്മൾ പഠിക്കണം. അദ്ദേഹത്തിന് മേലെ കുറെ ചെളിവാരിയെറിയാനൊന്നും എനിക്ക് താൽപര്യമില്ല . അദ്ദേഹത്തിനും അതുപോലെ തന്നെയായിരിക്കും എന്ന് കരുതുന്നു.'
'ഞങ്ങൾ രണ്ടു മുതിർന്ന വ്യക്തികളാണ്. ഞാൻ ആണ് നോട്ടിസ് അയച്ചത്, ആർക്കും ലീക്ക് ചെയ്തു കൊടുത്തിട്ടില്ല. അത് എങ്ങനെയോ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വേർപിരിയുന്നത് വേദനയുള്ള കാര്യമാണ്. അദ്ദേഹത്തിനും അത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഈ ഒരു സമയം സമാധാനമായി കടന്നുപോകാനുള്ള അവസരം എല്ലാവരും ഉണ്ടാക്കണം. ഞാൻ ഇങ്ങനെ മാധ്യമങ്ങളോട് പറയാൻ പാടില്ല. പക്ഷേ അദ്ദേഹം ഒരു രാഷ്ട്രീയപ്രവർത്തകനായതുകൊണ്ട് നിങ്ങൾ ചോദിക്കുന്നത്തിനു ഉത്തരം തരാൻ ഞാൻ നിർബന്ധിതയാകുകയാണ്.'
'വളരെ പേരുകേട്ട ഒരു നടനും രാഷ്ട്രീയപ്രവർത്തകനുമാണ് അദ്ദേഹം. എന്റെ വ്യക്തിപരമായ വിഷയം അദ്ദേഹത്തിന്റെ പൊതുപ്രവർത്തനവുമായി കൂട്ടിക്കുഴയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഒരു വില്ലനൊന്നുമല്ല. ചില ഓൺലൈൻ ചാനലുകളിൽ വരുന്ന കമന്റുകൾ കണ്ടു തലകറങ്ങുന്നുണ്ട്. വളരെ ശാന്തമായി ഈ കാര്യങ്ങൾ തീർക്കാം എന്നാണ് ഞാൻ കരുതിയത്. ഈ സമയത്ത് അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ ഞാൻ വേണം എന്ന് തോന്നി. വ്യക്തിപരമായ കാര്യങ്ങളെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ല അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കാൻ തയാറാകുന്നത്.'മേതിൽ ദേവിക പറഞ്ഞു.
അതിനിടെ മുകേഷുമായുള്ള വിവാഹ മോചന വാർത്തകൾക്കിടെ മേതിൽ പുറത്തിറക്കിയ നൃത്തശിൽപ്പവും ഏറെ ശ്രദ്ധ നേടി. നടനും കൊല്ലം എംഎൽഎയുമായ മുകേഷിൽ നിന്ന് വിവാഹമോചനം േനടുന്ന വാർത്ത പുറത്തുവന്നതിനിടെ പുതിയ നൃത്താവിഷ്കാര വിഡിയോ റിലീസ് അവർ റിലീസ് ചെയ്തത്. ഭഗവാൻ ശ്രീരാമനും സീതാദേവിയുമായുള്ള ആദ്യ സമാഗമമാണ് ഇതിവൃത്തം. കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കുന്ന സീതാദേവിയെ ശ്രീരാമൻ കാണുന്നതും ലക്ഷ്മിയുടെ രൂപം അവളിൽ ദർശിക്കുന്നതുമാണ് ദേവിക അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി.
ഇന്നലെയാണ് വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാര്യം മേതിൽ ദേവിക സ്ഥിരീകരിച്ചത്. എട്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് മുകേഷും ദേവികയും വേർപിരിയുന്നത്. രണ്ട് പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹമോചനവാർത്ത വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് ദേവികയുടെ പുതിയ നൃത്ത വിഡിയോ ആസ്വാദകരിലേയ്ക്ക് എത്തിയത്. മികച്ച പ്രതികരണങ്ങളാണ് നൃത്താവിഷ്കാരത്തിനു ലഭിക്കുന്നത്. വിഡിയോയെ പ്രശംസിക്കുന്നതിനൊപ്പം വിവാഹമോചനവാർത്തയും ആരാധകർ ചർച്ച ചെയ്യുകയാണിപ്പോൾ.
മറുനാടന് മലയാളി ബ്യൂറോ