തിരുവനന്തപുരം: ഭർത്താവ് മരിച്ച് ആറുമാസത്തിനുള്ളിലാണ് ഏഷ്യാനെറ്റ് ഓഫീസിലെ ഉന്നതരുടെ മനോഭാവത്തിൽ മാറ്റം വന്നത്. ഒരു നല്ല ഡ്രസ്സ് ഇട്ടുവന്നപ്പോൾ, പതിവിൽ നിന്നും വ്യത്യസ്തമായി വസ്ത്രധാരണ രീതി മാറ്റിയപ്പോൾ എല്ലാം നോട്ടു ചെയ്യപ്പെട്ടു. കമന്റുകളും വന്നു. പക്ഷെ അതിൽ അസാധാരണത്വം ദർശിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ പ്രത്യേകം രീതികൾ ഏഷ്യാനെറ്റ് ഓഫീസിൽ ഞാൻ പിന്തുടരാൻ തുടങ്ങി-നിഷാ ബാബു പറഞ്ഞു തുടങ്ങുന്നു.

ഇതിൽ എം.ആർ.രാജനെ എനിക്ക് മനസിലായി കഴിഞ്ഞപ്പോൾ വളരെ കരുതലെടുത്ത് മാത്രം ഞാൻ അദ്ദേഹത്തെ നേരിട്ടു. കാരണം ഏറ്റവും കൂടുതൽ എനിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വന്നത് അദ്ദേഹത്തിനു മുന്നിലായിരുന്നു. ലൈംഗിക താത്പര്യങ്ങൾക്ക് എന്നെ ലഭിക്കില്ലാ എന്ന് മനസിലായപ്പോൾ എം.ആർ.രാജന് പ്രതികാരബുദ്ധിയായി. ബഡ്ജറ്റുമായി വന്നപ്പോഴൊക്കെ നികൃഷ്ട ജീവിയെ പോലെ കണ്ടു. എപ്പോഴും പിന്നെ വരാൻ പറഞ്ഞു. ബഡ്ജറ്റിൽ ഒപ്പ് വേണം. അത് അംഗീകരിക്കണം. അല്ലാതെ പ്രോഗ്രാമുമായി എങ്ങിനെ മുന്നോട്ട് പോകും. ഈ പ്രതിസന്ധി എം.ആർ.രാജൻ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരുന്നു. എന്റെ ബഡ്ജറ്റ് ഒന്നും എം.ആർ.രാജൻ അപ്പ്രൂവൽ ചെയ്യില്ല. ഗസ്റ്റിന്റെ മുന്നിൽ വെച്ച് അപമാനിക്കുക. മീറ്റിംഗിൽ വെച്ച് അപമാനിക്കുക.

എല്ലാവർക്കും നല്ല പ്രോഗ്രാം നൽകുക. എനിക്ക് ഒന്നും തരാതിരിക്കുക. ഇതെല്ലാം എം.ആർ.രാജൻ ഹോബിയാക്കി മാറ്റി. ഇത് തന്നെയാണ് എന്റെ രാജിയിൽ കലാശിച്ചത്. എനിക്ക് പിടിച്ചു നില്ക്കാൻ ഒരു രീതിയിലും കഴിയുമായിരുന്നില്ല. ദിലീപിന്റെ ലൈംഗിക അതിക്രമം സഹിക്കാൻ കഴിയാതെ രാജിവെച്ച് പോയ പെൺകുട്ടികളുടെ അവസ്ഥ എനിക്കും വന്നിരുന്നു. പക്ഷെ എനിക്ക് ആ അവസ്ഥ വന്നത് എം.ആർ.രാജനിൽ നിന്നും തുടർച്ചയായി നേരിട്ട് കൊണ്ടിരുന്ന കടുത്ത പ്രതികാര നടപടികൾ അതിജീവിക്കാൻ കഴിയാതെ പോയതായിരുന്നു. അവർക്ക് മുന്നിലുണ്ടായിരുന്നത് ലൈംഗിക അതിക്രമമാണെങ്കിൽ ഞാൻ രാജി വെച്ച് പോയ ഘട്ടത്തിൽ എന്റെ മുന്നിലുണ്ടായിരുന്നത് എം.ആർ.രാജന്റെ പ്രതികാരമായിരുന്നു. ഈ പ്രതികാര ബുദ്ധിക്ക് മുന്നിൽ ഞാൻ തീർത്തും അബലയായി തന്നെ മാറിപ്പോയിരുന്നു. എനിക്ക് മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നില്ല. ഒരു ഘട്ടത്തിൽ എം.ആർ.രാജന്റെ ഫോക്കസ് മാറി.

എന്നിട്ടും എന്നോടുള്ള പക മാറിയില്ല. ഒരു പട്ടിയുടെ വിലപോലും മേലധികാരി എന്ന രീതിയിൽ എം.ആർ.രാജൻ നൽകിയില്ല. എന്റെ ജൂനിയർമാർ ഇരിക്കുകയും ഞാൻ നിൽക്കുകയും ചെയ്യുന്ന അനേകം സാഹചര്യങ്ങൾ വന്നു. എം.ആർ.രാജന്റെ മുന്നിൽ ഞാൻ കരഞ്ഞു പറഞ്ഞിട്ടുണ്ട്. എന്നെ ഉപദ്രവിക്കരുത്. ഏഷ്യാനെറ്റിൽ ഞാൻ ജോലി ചെയ്ത് എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ എന്ന്. സാർ എന്തിനാണ് എന്നോടു ഇത്രയും വാശി വയ്ക്കുന്നത് എന്ന് ഒന്നും അദ്ദേഹം ഗൗനിച്ചില്ല. ഒരിക്കൽ അദ്ദേഹം പറഞ്ഞു. എന്റെ കുട്ടികൾക്കും നിഷയുടെ പോലുള്ള അനുഭവം വന്നേക്കും എന്ന് നിഷ ചിലരോട് പറഞ്ഞതായി ഞാൻ കേട്ടല്ലോ എന്ന്. ഞാൻ പറഞ്ഞു: സാർ ഞാൻ ഒരു പെണ്ണല്ലേ? എന്റെ മുന്നിൽ ഒട്ടുവളരെ അനുഭവങ്ങളും ഉണ്ട്. ഞാൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വന്ന തെറ്റ് എന്താണ്? അദ്ദേഹം ഒന്നും പറഞ്ഞില്ല. അദ്ദേഹം മിണ്ടാതെയിരുന്നു. മിണ്ടാതെയിരിക്കുന്ന ഒരാളുടെ മനസ്സിൽ എന്താണ് എന്ന് ആർക്ക് പറയാൻ കഴിയും. ഇത്തരക്കാരെ ആർക്കും ജഡ്ജ് ചെയ്യാൻ കഴിയില്ല. അദ്ദേഹം നിശബ്ദനായി ഇരുന്നു പ്രതികരിച്ചുകൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ നീക്കങ്ങൾ എല്ലാം എന്നെ ബാധിച്ചുംകൊണ്ടിരുന്നു. എനീക്ക പ്രോഗ്രാം ചെയ്യാൻ അറിയില്ലാ എന്ന് ഏഷ്യാനെറ്റിലെ ടെക്‌നീഷ്യന്മാർ ആരും പറയില്ല. പക്ഷെ എം.ആർ.രാജൻ പറഞ്ഞാൽ എന്ത് ചെയ്യും. അദ്ദേഹം എന്താണ് പറയുന്നത് എന്ന് എങ്ങിനെ മനസിലാക്കും? അവിടുത്തെ പൂവിനും പുല്ലിനും വരെ അറിയാം. പലപ്പോഴും എം.ആർ.രാജന്റെ മുന്നിൽ ഞാൻ കരഞ്ഞുകൊണ്ട് വരുന്ന കാര്യങ്ങൾ. എല്ലാവര്ക്കും അത് അറിയാമായിരുന്നു. പതിനായിരം രൂപ എന്റെ ജൂനിയർമാർക്ക് കൂടിയപ്പോൾ എനിക്ക് നാലായിരം മാത്രം കൂടി. ഒരു പ്രൊമോഷനും ഒരു ഹൈക്കും വന്നില്ല. ഒരു നല്ല പ്രോജക്ടും ലഭിച്ചില്ല. നാണം കേട്ട അവസ്ഥകൾ മാത്രമായിരുന്നു എം.ആർ.രാജൻ എനിക്ക് വേണ്ടി സൃഷ്ടിച്ചത്. നാണംകേട്ട് നാണം കേട്ട് 55വയസുവരെ ഇനി പിടിച്ചു നിൽക്കേണ്ട എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. 40 വയസേ ആയിട്ടുള്ളൂ. 15 വർഷം ഇനിയും ബാക്കിയുണ്ടായിരുന്നു. എന്റെ എല്ലാ സാധ്യതകളും അടഞ്ഞിരുന്നു. എന്റെ കരിയർ പോയി. എന്റെ ജീവിതം പോയി. എന്റെ വരുമാനം പോയി. എല്ലാം ലൈംഗിക ഇംഗിതങ്ങൾക്ക് ഞാൻ വഴങ്ങിയില്ലാ എന്ന ഒരൊറ്റ കാരണത്താൽ. എം.ആർ.രാജൻ പോലെ ആയിരുന്നില്ല പത്മകുമാർ. പത്മകുമാറിന്റെ കാര്യത്തിൽ എനിക്ക് നേരിടാൻ സമയം ലഭിച്ചു.

കാരണം ഒപ്പം ഇരുന്നു ജോലി ചെയ്യുമ്പോൾ മാത്രം പത്മകുമാറിനെ ശ്രദ്ധിച്ചാൽ മതിയായിരുന്നു. പക്ഷെ ദിലീപ് എനിക്ക് തലവേദന തന്നെ സൃഷ്ടിച്ചു. എന്റെ ഡ്യൂട്ടി ഷെഡ്യൂൾ ശ്രദ്ധിച്ചായിരുന്നു ദിലീപിന്റെ നീക്കങ്ങൾ. ഒരു ദിവസം രാത്രി എഴുമണിക്കാണ് ദിലീപ് അയാളുടെ സ്വകാര്യ അവയവം എന്റെ മുന്നിൽ പ്രദർശിപ്പിച്ചത്. വല്ലാതായ എന്നോടു ഇതിൽ എന്താണ് കുഴപ്പം എന്നാണ് ചോദിച്ചത്. ഈ ഘട്ടങ്ങളിൽ ഒന്നും മിണ്ടാതെ വാക്ക് ഔട്ട് നടത്തുക. എല്ലാ സ്ത്രീകൾ ചെയ്യുന്നത് പോലെ തന്നെ ഞാൻ ചെയ്തു. ഇത് ഒരു ട്രൈ ചെയ്യൽ മാത്രം ആണെന്ന് എനിക്ക് അറിയാമായിരുന്നു. കയറിപ്പിടിക്കാൻ ധൈര്യം കാണിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഞാൻ ബോൾഡ് ആയ ഒരു സ്ത്രീയായാണ് നിലയുറപ്പിച്ചത്. പക്ഷെ ദിലീപ് എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അടുത്ത തവണയും ദിലീപ് അവസരം വരുമ്പോൾ ഇത് തന്നെ ആവർത്തിക്കും. നിസ്സഹായമായ ദിവസങ്ങൾ ആണ് ആ ഘട്ടത്തിൽ എന്റെ മുന്നിൽ കൂടി കടന്നുപോയത്. സൗണ്ട് എടുക്കുന്ന വേളയിലാണ് പത്മകുമാറിന്റെ ആക്രമണം വന്നത്. ദേഹത്ത് കൈ വയ്ക്കും. എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചാലും മാറ്റാൻ മടിയാണ്. കുഴപ്പമില്ല. ഇതാണ് പത്മകുമാറിന്റെ മറുപടി. എന്റെ ദേഹത്ത് കൈ വെച്ചിട്ടാണ് കുഴപ്പമില്ല എന്ന് പറയുന്നത്.

ഒരു തവണ ഈ രീതിയിൽ ആക്രമണം വന്നാലും പത്ത് മിനിറ്റ് കഴിഞ്ഞാൽ അതേപോലെ തന്നെ പത്മകുമാർ വീണ്ടും ആവർത്തിക്കും. പത്കുമാറിനൊപ്പം ഇരുന്നാൽ കഴിയാവുന്നത്ര അകന്നു ഇരിക്കാൻ പിന്നീട് എപ്പോഴും ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. കാരണം പത്മകുമാറിന്റെ ഒപ്പമുള്ള ജോലി എനിക്ക് നിർത്തി പോരാൻ ഒരിക്കലും കഴിയുമായിരുന്നില്ല. ഇത് പത്മകുമാറിനും അറിയുമായിരുന്നു. പത്മകുമാർ ചെയ്തിരുന്നത് കാൽ കയറ്റി എന്റെ കാലിനു മുകളിൽ വയ്ക്കാൻ ശ്രമിക്കും. കൈ കൊണ്ട് എങ്ങിനെയെങ്കിലും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കും. ഞാൻ എതിർക്കും. കൈ തട്ടിമാറ്റും. രൂക്ഷമായി നോക്കും. അപ്പോഴൊക്കെ പത്മകുമാർ എന്റെ നേരെ നോക്കി ചിരിക്കും. ഇതാണ് നടന്നുകൊണ്ടിരുന്നത്. പത്മകുമാറിനെ ഞാൻ ഈ രീതിയിൽ ഒരിക്കലും കണ്ടിരുന്നില്ല. വലിയ ഭക്തിയുള്ള ആളായിരുന്നു പത്മകുമാർ. കുറിയൊക്കെ തൊട്ടിട്ടാണ് ഓഫീസിൽ വരുന്നത്. വളരെ സാത്വികനെപോലുള്ള ഒരാൾ. വളരെ സൗമ്യ ഭാവം. അതുകൊണ്ട് തന്നെ പത്മകുമാർ ഈ രീതിയിൽ ഉള്ള ആക്രമണം നടത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഭയങ്കര എക്‌സ്ട്രാ ഡീസന്റ് ആയി പെരുമാറുന്നവർ ആകും ഏറ്റവും വലിയ ചെറ്റത്തരം കാണിക്കുക.

പത്മകുമാർ എനിക്ക് മനസിലാക്കി തന്നത് ഇതാണ്. കുറച്ച് കുഴപ്പക്കാർ എന്ന് കരുതുന്നവർ സംസാരത്തിൽ അങ്ങിനെ പറഞ്ഞു പോകും എന്നല്ലാതെ ഈ രീതിയിൽ ആക്രമണത്തിനു ശ്രമിക്കില്ല. ഡ്യൂട്ടി ഷെഡ്യൂൾ മാറി മാറി വരുമായിരുന്നതിനാൽ പത്മകുമാറിനെ എനിക്ക് കൈകാര്യം ചെയ്യാൻ കഴിഞ്ഞു. കാരണം സൗണ്ട് എഞ്ചിനീയർമാർ മാറി മാറി വന്നിരുന്നു. പത്മകുമാർ ഉള്ളപ്പോൾ മാത്രം അതിനനുസരിച്ച് കരുതൽ എടുത്ത് ഒപ്പം ജോലി ചെയ്യും. പത്മകുമാറിൽ നിന്ന് എനിക്ക് നേരിട്ട പോലുള്ള ഒരു അനുഭവം വേറൊരു പെൺകുട്ടിക്കും ഉണ്ടായിട്ടുണ്ട്. അതെനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷെ ദിലീപിന്റെ ആക്രമണം സഹിക്കാൻ കഴിയാതെ രണ്ടു പെൺകുട്ടികൾ രാജി വെച്ച് പോവുക തന്നെ ചെയ്തിട്ടുണ്ട്. ഇതെല്ലാം എഷ്യാനെറ്റ് ഓഫീസിലെ അന്നുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പത്കുമാറിന്റെ കാര്യത്തിൽ ഞാനിത് പുറത്ത് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ കുഴപ്പം ഉണ്ടാകുമായിരുന്നു. കാരണം പത്മകുമാറിന്റെ ഭാര്യ എഷ്യാനെറ്റ് എംഡിയുടെ സെക്രട്ടറി ആയിരുന്നു.

ഒരു പെൺകുട്ടിക്ക് നേരെ ദിലീപിൽ നിന്ന് ലൈംഗിക അതിക്രമം നടന്നപ്പോൾ ആ പെൺകുട്ടി അത് പരാതിപ്പെട്ടപ്പോൾ ആ കാലത്ത് തന്നെ വലിയ ഭൂമികുലുക്കം ഏഷ്യാനെറ്റ് ഓഫീസിൽ ഉണ്ടായിരുന്നു. ഇത് ഏഷ്യാനെറ്റ് ഉടമകൾ ആയ സ്റ്റാർ ചാനലിന്റെ ആളുകൾ വന്നു അന്വേഷിച്ചു. അത് പെൺകുട്ടിയുടെ ഭാഗത്ത് നിന്നുള്ള തെറ്റ് ആയി ഏഷ്യാനെറ്റ് ഉന്നതർ ആക്കി തീർക്കുകയായിരുന്നു. ദിലീപിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നത്. ഇതിന്റെ അവസാന ഘട്ടത്തിലാണ് എനിക്ക് വിശ്വസ്തരായി തോന്നിയ ഒന്ന് രണ്ടു പേരോടു അതെല്ലാം സത്യമാണ്. എനിക്കും ഈ രീതിയിൽ ഉള്ള സമാന അനുഭവം ഇവരിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ തുറന്നു പറയുന്നത്. ആ പെൺകുട്ടി രാജിവെച്ചു പോയി. പിടിച്ചു നിൽക്കാൻ അവൾ ശ്രമിച്ചിരുന്നു. പക്ഷെ അവൾക്ക് തുടരാൻ കഴിഞ്ഞില്ല. രാജിവെച്ച് പോയി. പക്ഷെ ഈ രണ്ടു പെൺകുട്ടികൾ രാജി വെച്ച് പോയതിനു ശേഷം എനിക്ക് ദിലീപിൽ നിന്നും ആ രീതിയിൽ ഉള്ള പെരുമാറ്റം വന്നില്ല. കാരണം ദിലീപ് നോട്ടഡ് ആയി മാറിയിരുന്നു. എല്ലാം സ്റ്റാർ അറിഞ്ഞു എന്ന് ദിലീപിന് മനസിലായി. പിന്നെ മറ്റൊരു കാര്യം.

എനിക്ക് പ്രോഗ്രാം മാറിയിരുന്നു. ഞാൻ ബൈജു മേലിലയ്ക്ക് കീഴിൽ ആയിരുന്നു. എനിക്ക് കോമഡി പ്രോഗ്രാമുകളും അതിന്റെ തിരക്കുകളും ഉണ്ടായിരുന്നു. ദിലീപിന്റെ മുന്നിൽ പിന്നെ റിപ്പോർട്ട് ചെയ്യേണ്ട അവസ്ഥ എനിക്ക് വരുകയും ചെയ്തിരുന്നില്ല. സാഹചര്യങ്ങൾ മാറി മറിഞ്ഞിരുന്നു. പക്ഷെ അപ്പോഴും ഞാൻ മനസ്സിൽ കരുതിയിരുന്നു. ഞാനും വ്രണപ്പെട്ട ഒരു സ്ത്രീയാണ്. വ്രണിതയായ ഒരു സ്ത്രീയാണ്. ഞാൻ എന്നെങ്കിലും ഇത് ഞാൻ പൊളിച്ചടുക്കും. രണ്ടായിരം രൂപയ്ക്ക് ആണ് ഞാൻ ഏഷ്യാനെറ്റിൽ ജോലിക്ക് കയറുന്നത്. അച്ഛൻ എനിക്ക് പോക്കറ്റ് മണിയായി 5000 രൂപ തരുന്ന കാലമാണത്. അച്ഛൻ എന്നോടു ചോദിച്ചു. നിനക്ക് പെട്രോൾ അടിക്കാൻ ഉള്ള കാശ് ഉണ്ടോ അതെന്ന്. പക്ഷെ ഞാൻ പറഞ്ഞു. കുഴപ്പമില്ല അച്ഛാ. ഞാൻ സ്വന്തമായി ഉണ്ടാക്കുന്ന പൈസയല്ലേ? പക്ഷെ പിന്നീടൊരിക്കലും അച്ഛന്റെ കയ്യിൽ നിന്ന് ഞാൻ പോക്കറ്റ് മണി വാങ്ങിയില്ല. എന്റെ ജോലിയിൽ നിന്നുള്ള വരുമാനം മാത്രം ഉപയോഗിച്ച് ഞാൻ കാര്യങ്ങൾ ചെയ്തു തുടങ്ങിയിരുന്നു. ഭർത്താവിന്റെ മരണം വരെ ഞാൻ സുരക്ഷിതയായിരുന്നു. പിന്നീട് ലൈംഗിക അതിക്രമങ്ങൾ വന്നു. അതോടെ എന്റെ മനസമാധാനം നഷ്ടമായി.

അന്ന് മീ ടൂ ഉണ്ടായിരുന്നില്ല. ഒരു ബുക്ക് എഴുതാൻ ആണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഞാൻ ഒന്നും തുറന്നു പറഞ്ഞില്ല. എന്റെ നിലനിൽപ്പ്. ഇഎംഐ, ലോണുകൾ എല്ലാം എനിക്ക് നോക്കേണ്ടിയിരുന്നു. ഞാനല്ല എന്റെ അവസ്ഥയിൽ ഉള്ള ഏതു സ്ത്രീയും ഇതേ രീതിയിൽ മാത്രമേ പോവുകയുള്ളൂ. ഇപ്പോൾ മീ ടൂ വന്നപ്പോൾ മാത്രമാണ് വെളിപ്പെടുത്തൽ നടത്താൻ ഞാൻ ധൈര്യപ്പെടുന്നത്. ചെപ്പക്കുറ്റി നോക്കി ഇവന്മാർക്ക് നല്ല അടി കൊടുത്തുകൂടെ എന്ന് ഇപ്പോൾ എല്ലാവരും എന്നോടു ചോദിക്കുന്നു. അങ്ങിനെ ചെയ്തിരുന്നെങ്കിൽ പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്ക് ഞാൻ നീങ്ങിപ്പോവുകയും ജോലി നഷ്ടമാവുകയും ചെയ്യുമായിരുന്നു. നല്ലത് എനിക്ക് താത്പര്യം ഇല്ലാ എന്ന് പറഞ്ഞു ഒഴുകി നീങ്ങി നടക്കൽ ആയിരുന്നു. അതാണ് എന്നെ ഏഷ്യാനെറ്റിൽ നിലനിർത്തിയത്. എന്തെങ്കിലും ഞാൻ പ്രതികരിച്ചിരുന്നെങ്കിൽ ഇവർക്ക് എന്നെ ഒഴിവാക്കാൻ എളുപ്പമായിരുന്നു. ആർക്കും ഞാൻ വഴങ്ങിയില്ല. ഇങ്ങിനെ ഒരാൾ എന്തിനു എന്ന് ഇവർക്ക് തോന്നുമായിരുന്നു. ഞാൻ കണ്ണിലെ കരടായി മാറുകയും ചെയ്തിരുന്ന വേളയാണ് ഇത് എന്ന് ഓർക്കുകയും ചെയ്യേണ്ടതുണ്ട്.

ഇപ്പോൾ മീ ടൂ വെളിപ്പെടുത്തൽ ഞാൻ നടത്തും എന്ന് ചിലർക്ക് അറിയിപ്പ് കൊടുത്തപ്പോൾ വൻ സമ്മർദ്ദമാണ് എനിക്ക് നേരിടേണ്ടി വന്നത്. കൊടുക്കരുത് എന്ന് പലഭാഗത്തും നിന്നും സമ്മർദ്ദം വന്നു. എന്റെ വീട് തേടി ആളുകൾ വന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നും പറയരുത്. പ്രസിദ്ധീകരിക്കരുത്. പലരും പറഞ്ഞു. നിഷ പറയുമ്പോൾ അത് കള്ളമല്ലാ എന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് നിഷ മീ ടൂ ആയി ഒരു വെളിപ്പെടുത്തലും നടത്തരുത് എന്ന് പറയുന്നത്. പക്ഷെ ഞാൻ എല്ലാം തള്ളിക്കളഞ്ഞു. അത്രമാത്രം ഈ പ്രശ്‌നങ്ങളിൽ ഉരുകി ഇല്ലാതായ ഒരു സ്ത്രീയാണ് ഞാൻ. എന്റെ വേദനകൾ, മാനസിക സമ്മർദ്ദം ഇതെല്ലാം തനിച്ചിരുന്നു അനുഭവിച്ച ഒരു സ്ത്രീയാണ് ഞാൻ. എനിക്ക് പ്രൊഡ്യൂസർ ജോലി അറിയാമെന്നു ഒരാളും പറഞ്ഞില്ല. പക്ഷെ സ്റ്റാർട്ട് എന്ന് പറയാൻ കഴിയാത്ത ജൂനിയർ ആയ എല്ലാവരും എന്റെ മുകളിലേക്ക് കയറിപ്പോകുന്നത് നിസ്സഹായമായി കണ്ടു നിന്ന ഒരു സ്ത്രീയാണ് ഞാൻ. അവഗണനകളിലും പ്രതികാര നടപടികളിലും മനം മടുത്ത് എല്ലാമെല്ലാമായ ജോലി ഉപേക്ഷിച്ച് പോയ സ്ത്രീയാണ് ഞാൻ. ഒരു സ്ഥലത്തും പിന്നീട് ജോലിക്ക് കയറാൻ കഴിയാത്ത രീതിയിൽ മാനസികമായി തകർന്നുപോയ സ്ത്രീയാണ് ഞാൻ.

എനിക്ക് ആകുലതകളുണ്ട്. വേദനകളുണ്ട്. എല്ലാം ലൈംഗിക അഭിനിവേശം മുൻ നിർത്തി ഏഷ്യനെറ്റ് ഉന്നതർ സമ്മാനിച്ചതാണ്. ഭർത്താവ് മരിച്ച ഒരു വിധവയുടെ എല്ലാ പ്രതീക്ഷകളും ഇവർ കെടുത്തി കളഞ്ഞു. എല്ലാം ഇവരുടെ ലൈംഗിക താത്പര്യങ്ങൾ മാത്രം മുൻ നിർത്തി. ഇപ്പോഴെങ്കിലും ഇത് ഞാൻ വെളിയിൽ പറയേണ്ടതല്ലേ? ഇത് വെളിയിൽ പറയാതിരിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്. ഒരു പുരുഷൻ ജോലി സ്ഥലത്തിരുന്നു സ്വന്തം അധികാരത്തിന്റെ പേരിൽ സഹപ്രവർത്തകയായ ഒരു പെൺകുട്ടിയുടെ നേർക്ക് ലൈംഗിക അതിക്രമം നടത്തുമ്പോൾ ഒരിക്കൽ എങ്കിലും അയാൾ ഓർത്തിരിക്കണം. എന്റെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന്. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാൻ കഴിയണം. അല്ലെങ്കിൽ അതിനു പ്രേരകമായ ഒരു നീക്കം നടത്തണം. ഒരു ചിന്ത വന്നാൽ തന്നെ ഞാൻ ജയിച്ചു. നിയമപരമായ പോരാട്ടത്തിൽ എനിക്ക് ജയിക്കാൻ കഴിഞ്ഞേക്കും. പക്ഷെ പെൺകുട്ടികൾക്ക് ജോലി സ്ഥലത്ത് സുരക്ഷ ഒരുക്കാൻ മീ ടൂ പ്രേരകമാകണം. ഇതാണ് എന്റെ ലക്ഷ്യം-നിഷാ ബാബു പറയുന്നു.