മീ ടു വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ബോളിവുഡിലെ സിനിമാ സംഘടനകൾ വിശാഖാ മാർഗരേഖകൾ അടിസ്ഥാനപ്പെടുത്തി കമ്മിറ്റികൾ രൂപീകരിക്കും എന്ന അറിയിപ്പിനെ സ്വാഗതം ചെയ്തു പാർവ്വതി, പത്മപ്രിയ എന്നിവർ.

''മലയാളത്തിലും അത് സംഭവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു'' എന്നായിരുന്നു പാർവ്വതിയുടെ പ്രതികരണം. ഇതേ വിഷയത്തിൽ സംവിധായിക അഞ്ജലി മേനോൻ എഴുതിയ ട്വീറ്റ് എൻഡോർസ് ചെയ്തു കൊണ്ടാണ് പാർവ്വതി ഇങ്ങനെ കുറിച്ചത്.

സിനിമാ രംഗത്ത് ഉയർന്നുവരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആക്രമിക്കപ്പെട്ടവർക്കൊപ്പം നിൽക്കാനും വിഷയത്തെ അഭിസംബോധന ചെയ്യാനുമായി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാനുമുള്ള ബോളിവുഡ് സിനിമാ സംഘടനകളുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് നടിയുടെ ട്വിറ്റ്.

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അഡ്രസ് ചെയ്യാൻ വിശാഖാ മാർഗരേഖകൾ അടിസ്ഥാനമാക്കിയുള്ള ഒരു കമ്മിറ്റി വേണം എന്ന് പാർവ്വതി, രേവതി, പത്മപ്രിയ എന്നിവർ എ എം എം എയ്ക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ മറുപടി പറയാതെയാണ് എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിഞ്ഞത്. ഈ സാഹചര്യത്തിലാണ് ബോളിവുഡിന്റെ നടപടിയെ പ്രശംസിച്ചു കൊണ്ട് നടി രംഗത്ത് വന്നിരിക്കുന്നത്.