ദോഹ: ആഭ്യന്തര വകുപ്പിന്റെ ഓൺലൈൻ സർവീസ് ആപ്ലിക്കേഷനായ മെട്രാഷ് രണ്ടിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ. മെട്രാഷ് 2 ഉപയോഗിക്കുന്നവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിസ, റെസിഡൻസി, ട്രാഫിക്, കമ്യൂണിറ്റി പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ 160ലേറെ സേവനങ്ങൾ ഓൺലൈനായി മെട്രാഷ് 2-വിലൂടെ ലഭിക്കുമെന്നതാണ് പ്രത്യേകത.

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും വിവിധ ഡിപ്പാർട്ട്‌മെന്റിന്റെ സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താനും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ സാധിക്കും. പുതുതായി മെട്രാഷ് 2-ൽ ഉൾപ്പെടുത്തിയിട്ടുള്ള സിഐഡി സർവീസ് ഓപ്ഷനിലൂടെ ആർക്കും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ പറ്റും. ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ലൈസൻസ് നഷ്ടപ്പെട്ടാൽ പുതിയതു ലഭ്യമാക്കുക, വാഹനങ്ങളുടെ റോഡ് പെർമിറ്റ്, വാഹന ഉടമസ്ഥാവകാശം മാറ്റൽ, നമ്പർ പ്ലേറ്റ് മാറ്റൽ, എക്‌സിറ്റ് പെർമിറ്റ്, മന്ത്രാലയത്തിൽനിന്നുള്ള വിവിധ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം മെട്രാഷിൽ ലഭ്യമാണ്. വീസ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികളും ലഭിക്കും. വീസ ഫീസും അടയ്ക്കാം. വ്യക്തികൾക്കും കമ്പനികൾക്കും സന്ദർശക വീസ അപേക്ഷകളും സമർപ്പിക്കാം. സന്ദർശക വീസ നീട്ടിയെടുക്കൽ, വീസ പുതുക്കൽ, ഇതിനുള്ള ഫീസുകളും പിഴയടയ്ക്കൽ, ട്രാഫിക് നിയമലംഘത്തിനോ സ്വന്തം പേരിലുള്ള വാഹനത്തിനോ പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ അതും ഈ സംവിധാനത്തിലൂടെ അടയ്ക്കാൻ കഴിയും.