കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് മത്സരിക്കാൻ സെലിബ്രിറ്റികളെ തേടി രാഷ്ട്രീയകക്ഷികൾ ഓട്ടമാണ്. സിനിമാ താരങ്ങൾ മാത്രമല്ല, മെട്രോമാൻ ഇ.ശ്രീധരൻ അടക്കം പൊതുസമൂഹത്തിൽ വിശ്വാസ്യതയുമം സൽപ്പേരും ഉള്ളവരെ കൊണ്ടുവരാൻ മത്സരമാണ്. ബിജെപിക്കാണെങ്കിൽ പതിവ് മുഖങ്ങൾ പോരെന്ന് പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി. ഏതായാലും മെട്രോമാൻ പാർട്ടിയിൽ ചർന്നത് ബിജെപിക്ക നേട്ടമായി.

താൻ ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ബിജെപിയിൽ ചേർന്നതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ ടെലിവിഷൻ ചാനലിനോട് വ്യക്തമാക്കി. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാൾ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താൻ ബിജെപിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാർട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരൻ പറഞ്ഞു.

നാട്ടിനു വേണ്ടി വല്ലതും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ഇപ്പോൾ അതിനു കഴിയുക ബിജെപിയിൽ ചേർന്നാൽ മാത്രമാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും കേരളത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുള്ള സംഘർഷത്തിലാണ് അവർ എപ്പോഴും. ഇ. ശ്രീധരൻ പറഞ്ഞു.

'കേരളത്തിൽ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികൾ കൃത്യമായി ചെയ്യുക എന്നിവയിൽ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും. ബിജെപിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.'

'യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും അറ്റാക്ക് ചെയ്യുകയല്ല ഉദ്ദേശ്യം. വ്യക്തിപരമായി അധിക്ഷേപിക്കാനും ചീത്തപറയാനുമില്ല. നാട്ടിൽ വ്യവസായങ്ങൾ വരണം, ആൾക്കാർക്ക് ജോലി വേണം. നമ്മുടെ നാട്ടിൽ ഉള്ളവർ പുറത്തുപോയി ജോലി ചെയ്യുക, പുറത്തുനിന്നുള്ളവർ ഇവിടെ വന്ന് ജോലി ചെയ്യുക എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിൽ മാറ്റം വരണം. വ്യവസായങ്ങൾ വന്നാലേ തൊഴിലവസരങ്ങളുണ്ടാകൂ.'

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയിൽ പങ്കെടുക്കില്ലെന്നും അക്കാര്യം സുരേന്ദ്രനെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരൻ പറഞ്ഞു. തന്റെ പാർട്ടിപ്രവേശനം പ്രഖ്യാപിക്കാനുള്ള ചടങ്ങുകൾ വേണ്ട എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയിൽ ചേർന്നതു കൊണ്ട് വല്ല ചുമതലയും വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഗവർണർ പദവി സ്വീകരിക്കില്ല. അതുകൊണ്ട് രാജ്യത്തെ സേവിക്കാൻ കഴിയില്ല. ഗവർണറായാൽ നല്ല നിലയിൽ ജീവിക്കാം; അതിനുവേണ്ടിയാണെങ്കിൽ എനിക്ക് ഇവിടെ ഇരുന്നാൽ മതിയല്ലോ, രാജ്ഭവനിൽ പോകേണ്ട കാര്യമില്ലല്ലോ.'

ബിജെപി ന്യൂനപക്ഷ വിരുദ്ധർ എന്നു പറയുന്നത് ശരിയല്ലെന്നും അത് ആൾക്കാർ പറഞ്ഞുണ്ടാക്കുന്നതാണെന്നും ശ്രീധരൻ പറഞ്ഞു. നാട് നന്നാക്കണം എന്നു മാത്രമാണ് ബിജെപിയുടെ ഉദ്ദേശ്യം. രാജ്യത്തോട് സ്നേഹമില്ലാത്തവരെ ബിജെപി എതിർക്കും. ന്യൂനപക്ഷ വിരുദ്ധത എന്നത് വെറുതെ ആരോപിക്കുന്നതാണ്. - അദ്ദേഹം പറഞ്ഞു.